SignIn
Kerala Kaumudi Online
Wednesday, 01 July 2026 1.33 AM IST

ഗുരുദേവ ദർശനം ജീവിതചര്യയാക്കണം: സ്വാമി സച്ചിദാനന്ദ

swami-sachidananda

ശിവഗിരി : ആത്മീയവും ഭൗതികവുമായ പുരോഗതി കൈവരിക്കുന്നതിന് ശ്രീനാരായണ ഗുരുദേവ ദർശനാധിഷ്ഠിത ജീവിതം അനിവാര്യമാണെന്നു ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടന മഹാമഹത്തോടനുബന്ധിച്ചു ഡിസംബർ 22, 23, 24 തീയതികളിൽ നടക്കുന്ന ശ്രീനാരായണ ദിവ്യപ്രബോധനം ധ്യാനയജ്ഞത്തിന്റെ സ്വാഗതസംഘം രൂപീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകജനതയ്ക്കായി ഗുരുദേവൻ പകർന്നു നൽകിയ ദർശന മഹിമ സ്വീകരിച്ചു കൊണ്ടേ ഏതു സമൂഹത്തിനും മുന്നേറാനാകൂ.ഗുരുദേവനിലേയ്ക്കും ഗുരുദേവ ദർശനത്തിലേക്കും ജനതയെ കൂടുതൽ എത്തിക്കുകയെന്ന ദൗത്യമാണ് ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും നിർവ്വഹിക്കുന്നതെന്നും സ്വാമി പറഞ്ഞു. കേരളത്തിൽ വ്യാപകമായും ഇന്ത്യയിലെ വൻപട്ടണങ്ങളിലും അമേരിക്ക, ഗൾഫ് രാജ്യങ്ങൾ, ബഹറിൻ എന്നിവിടങ്ങളിലുമായി ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് 415 ധ്യാന യജ്ഞങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു. ഗുരുദേവന്റെ തിരുവവതാരം തൊട്ട് മഹാസമാധി വരെയുള്ള ജീവിതചരിത്രവും ഗുരുദേവൻ രചിച്ച എഴുപതോളം കൃതികളും സമന്വയിപ്പിച്ചു കൊണ്ടാണ് ദിവ്യപ്രബോധനവും ധ്യാനവും നടത്തുന്നത്. ഭാരതീയ ഗുരുക്കന്മാർ ആയിരത്താണ്ടുകൾക്ക് മുമ്പ് വെളിപ്പെടുത്തിയ ധ്യാന സമ്പ്രദായം ഗുരുദേവ ദർശനവുമായി സമന്വയിപ്പിച്ച് നടത്തുന്ന യജ്ഞത്തിൽ ജാതിമതഭേദമന്യേ ഏവർക്കും പങ്കെടുക്കാം.

ഗുരുധർമ്മ പ്രചരണ സഭ വർക്കല മണ്ഡലം പ്രസിഡന്റ് സുരേഷ് പ്ലാവഴികം അദ്ധ്യക്ഷത വഹിച്ചു. സ്വാമി വിരജാനന്ദഗിരി, സ്വാമി ദിവ്യാനന്ദഗിരി, ബ്രഹ്മചാരി അനീഷ്, ബ്രഹ്മചാരി പ്രമോദ്, ശിവഗിരി മഠം പി. ആർ.ഒ ഇ.എം. സോമനാഥൻ ഗുരുധർമ്മ പ്രചരണ സഭ ജില്ലാ മണ്ഡലം യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവരും പങ്കെടുത്തു.


ഫോട്ടോ: ഡിസംബർ 22, 23, 24, തീയതികളിൽ ശിവഗിരിയിൽ നടക്കുന്ന ശ്രീനാരായണ ദിവ്യ പ്രബോധനം ധ്യാന യജ്ഞത്തിന്റെ സ്വാഗത സംഘം രൂപീകരണ സമ്മേളനത്തിൽ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യപ്രഭാഷണം നടത്തുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA