
പാലക്കാട്: തെരുവ് നായ കടിച്ചുകീറിയ 690 രൂപയുടെ ചെരുപ്പിന് കിട്ടിയത് 5000 രൂപ. പിന്നെ പുതിയ ചെരുപ്പും. സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ ബോബൻ മാട്ടുമന്തയ്‌ക്കാണ് നഷ്ടപരിഹാരവും പുതിയ ചെരിപ്പും കിട്ടിയത്. ഉപഭോക്തൃ കോടതിയുടെ നിർദ്ദേശത്തിലുള്ള മദ്ധ്യസ്ഥ ചർച്ചയിലാണ് കോഴിക്കോട്ടെ കമ്പനി നഷ്ടപരിഹാരം നൽകിയത്. 2025 ഒക്ടോബർ 20നാണ് ബോബനും ഭാര്യ റിംനയും പാലക്കാട്ടെ ബി.ഒ.സി റോഡിലുള്ള കടയിൽ നിന്ന് ചെരുപ്പ് വാങ്ങിയത്. അന്ന് വൈകിട്ട് ഭാര്യയ്‌ക്കൊപ്പം പുത്തൻ ചെരുപ്പിട്ട് ബോബൻ പാലക്കാട്ടെ പുത്തൂർ ക്ഷേത്രത്തിലെത്തി. തൊഴാൻ കയറും മുൻപ് ചെരുപ്പഴിച്ചു വച്ചു. തിരിച്ചെത്തിയപ്പോൾ വാർ തെരുവ് നായ കടിച്ച് മുറിച്ചു.
അടുത്ത ദിവസം ചെരുപ്പു തുന്നുന്നവരെ ബോബൻ സമീപിച്ചു. പക്ഷേ തവിട്ടു നിറത്തിലുള്ള മെറ്റീരിയൽ കിട്ടിയില്ല. തുടർന്ന് കമ്പനിക്ക് വാട്ട്സ്ആപ്പിൽ പരാതി നൽകി. നന്നാക്കി തരണമെന്നും ചെലവ് വഹിക്കാമെന്നും ബോബൻ അറിയിച്ചു. മെറ്റീരിയൽ നൽകിയാൽ താൻ തന്നെ ശരിയാക്കാമെന്നും പറഞ്ഞു. പക്ഷേ കമ്പനി വഴങ്ങിയില്ല. ഇതോടെയാണ് അഭിഭാഷകൻ രതീഷ് ഗോപാലൻ മുഖേന ജില്ല ഉപഭോക്തൃ കോടതിയെ സമീപിച്ചത്. എതിർകക്ഷികൾക്ക് നോട്ടീസയച്ചു. കമ്പനി പ്രതിനിധികളുമായി രണ്ട് തവണ മദ്ധ്യസ്ഥ ചർച്ച നടത്തി. രണ്ടാമത്തെ ചർച്ചയിലാണ് നഷ്ടപരിഹാരവും പുതിയ ചെരുപ്പും നൽകാൻ തീരുമാനമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |