SignIn
Kerala Kaumudi Online
Friday, 31 July 2026 1.13 AM IST

ഉരുൾ ഭൂമിയിൽ കണ്ണീർമഴയായി തോരാവേദന

ururl

ചൂരൽമല (വയനാട്): ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശങ്ങളിൽ ഉറ്റവരെയും ഉടയവരെയും സ്മരിച്ച് കൊണ്ടുള്ള ഒത്തുചേരൽ തോരാവേദനയുടെ കണ്ണീർമഴയായി. മുണ്ടക്കൈയിലും ചൂരൽമലയിലും പുത്തുമല 'ഹൃദയ"ഭൂമിയിലും കൽപ്പറ്റ ടൗൺ ഷിപ്പിലും അവർ മനംനൊന്ത് പ്രാർത്ഥിച്ചു. ഒരു പിടി പൂക്കൾ കൂപ്പുകൈയോടെ പ്രിയപ്പെട്ടവരുടെ ഓർമ്മച്ചിത്രങ്ങളിലേക്ക് നീട്ടിയപ്പോൾ പലരും പൊട്ടിക്കരഞ്ഞു. അതിജീവനത്തിന്റെ പാതയിൽ ഉറച്ച മനസോടെ നീങ്ങിയവരും ഇന്നലെ വിങ്ങിപ്പൊട്ടി. അതിജീവനമാതൃക തീർത്ത കൽപ്പറ്റ ടൗൺ ഷിപ്പിലെ ഫെയ്സ് വണ്ണിൽ ഉരുൾ ദുരിതബാധിതനായ അണ്ണയ്യനാണ് അർച്ചനയ്ക്കുള്ള പൂക്കൾ വിതരണം ചെയ്തത്. രണ്ടു വർഷം മുമ്പാണ് പ്രിയപ്പെട്ടവരെയെല്ലാം ഉരുൾ കവർന്നെടുത്തത്.

പുത്തുമല ഹൃദയഭൂമിയിൽ മന്ത്രിമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദീഖ് എന്നിവർ പുഷ്പാർച്ച നടത്തി. കുഴിമാടങ്ങൾക്കുമുന്നിലെത്തിയ ഉറ്രവരുടെ വിതുമ്പൽ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി. പൊലിഞ്ഞുപോയ കുരുന്നുകൾക്കായി കളിപ്പാട്ടങ്ങളും മിഠായികളുമായാണ് പലരും എത്തിയത്. അവയെല്ലാം സ്മൃതികുടീരത്തിൽ സമർപ്പിച്ചു. സർവമത പ്രാർത്ഥനയും നടന്നു. ചൂരൽമല ബെയ്ലി പാലത്തിനു സമീപം പൊലിഞ്ഞ വെള്ളാർമല സ്കൂളിലെ 33 കുരുന്നുകളുടെ ഛായാചിത്രങ്ങൾക്കു മുന്നിൽ പുഷ്പാർച്ച നടത്താൻ എത്തിയ അദ്ധ്യാപകരും കണ്ണീർ പൊഴിച്ചു. ആലപ്പുഴയിലേക്ക് സ്ഥലം മാറ്റം ലഭിച്ച വെള്ളാർമല സ്കൂളിലെ ഉണ്ണി മാഷും പുഷ്പാർച്ചന നടത്താൻ എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: URURL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA