
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി വി.ഡി സർക്കാർ നടപ്പാക്കും. പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് യോഗത്തിൽ ധാരണയായി. എവിടെയെല്ലാമാണ് നടപ്പിലാക്കേണ്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് തീരുമാനിക്കും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ടുകൂടി പരിഗണിച്ചാവും നടപടികൾ.
പി.എം ശ്രീ വിഷയത്തിൽ മുസ്ലീം ലീഗ് നേരത്തെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തിന്റെ പൊതുവികാരത്തോട് ലീഗ് പ്രതിനിധികളും യോജിച്ചു. കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനു കിട്ടേണ്ട ന്യായമായ ഫണ്ട് വേണ്ടെന്ന് വയ്ക്കേണ്ടതില്ലെന്ന നിലപാടാണ് ഘടകകക്ഷികൾ പ്രകടിപ്പിച്ചത്. പാഠ്യവിഷയം സംബന്ധിച്ച് സംസ്ഥാനത്തിന് തീരുമാനമെടുക്കാനുള്ള അവസരമുണ്ടെന്നും യോഗം നിരീക്ഷിച്ചു.
കഴിഞ്ഞ സർക്കാർ ഒപ്പുവച്ച പി.എം ശ്രീ പദ്ധതി സംബന്ധിച്ച ധാരണാപത്രത്തിൽ നിന്നു പിൻവാങ്ങാൻ കഴിയില്ലെന്ന് യു.ഡി.എഫ് യോഗത്തിനുശേഷം കൺവീനർ അടൂർ പ്രകാശ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ക്യാബനറ്റ് പദവികൾ ആർക്കൊക്കെ എന്നത് സംബന്ധിച്ച് വെള്ളിയാഴ്ചയ്ക്കു മുമ്പ് തീരുമാനമെടുക്കും. ഭരണപരിഷ്കാര കമ്മിഷൻ, വയോജന കമ്മിഷൻ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എന്നീ പദവികളുടെ കാര്യത്തിലാണ് തീരുമാനം വരേണ്ടത്. ലീഗ്, കേരളകോൺഗ്രസ്, ഫോർവേഡ് ബ്ളോക്ക്, കേരള ഡെമോക്രാറ്റിക് പാർട്ടി എന്നിവരാണ് ഈ പദവികൾക്കായി അവകാശവാദം ഉന്നയിച്ചിട്ടുള്ളത്.
ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് ഘടകകക്ഷികൾ പൂർണ പിന്തുണ അർപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ യോഗം അഭിനന്ദിച്ചു. 10 വർഷങ്ങൾക്കു ശേഷമാണ് ക്ളിഫ് ഹൗസിൽ യു.ഡി.എഫ് യോഗം ചേരുന്നത്. രാവിലെ 11.30 ഓടെ തുടങ്ങിയ യോഗം ഒരുമണിയോടെയാണ് സമാപിച്ചത്.
കേരളത്തിൽ നടപ്പാക്കിയിട്ടില്ല: കേന്ദ്രം
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പി.എം ശ്രീ നടപ്പിലാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി പറഞ്ഞു. രാജ്യസഭയിൽ ജെബി മേത്തറിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 2025 ഒക്ടോബർ 23ന് ധാരണാപത്രം ഒപ്പുവച്ചു. എന്നാൽ,സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സ്കൂളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ കേരളം പങ്കെടുത്തിട്ടില്ല.
കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് പി. എം ശ്രീയുടെ യാതൊരു ഫണ്ടും ലഭിച്ചിട്ടില്ല. വിദ്യാർത്ഥികളുടെ വിവിധ ആവശ്യങ്ങൾ കണക്കിലെടുത്ത് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി 99.27 കോടി രൂപ കേന്ദ്രം നൽകി. പി.എം ശ്രീക്കായി പ്രത്യേകം ഫണ്ടുകൾ നൽകിയിട്ടില്ല. വിട്ടുനിന്ന പശ്ചിമ ബംഗാൾ ഇക്കഴിഞ്ഞ മേയിൽ ഒപ്പിട്ടു. രാജ്യത്ത് ആകെ 13092 പി.എം ശ്രീ സ്കൂളുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |