തിരുവനന്തപുരം: ആദ്യസംരംഭത്തിൽ തന്നെ ഇന്ത്യയിലെ സ്വകാര്യ റോക്കറ്റ് വിക്രം- ഒന്നിന്റെ വിജയക്കുതിപ്പ്. സ്കൈറൂട്ട് സ്പേസ് കമ്പനിയുടെ ആദ്യ റോക്കറ്റാണ് ഇന്നലെ ശ്രീഹരിക്കോട്ടെയിലെ സതീഷ് ധവാൻ വിക്ഷേപണകേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്നത്. വിക്ഷേപണ കേന്ദ്രത്തിലുണ്ടായിരുന്ന സ്കൈറൂട്ട് സ്പേസ് സി.ഇ.ഒ പവൻകുമാർ ചന്ദനയെ നിമിഷങ്ങൾക്കുള്ളിൽ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനമറിയിച്ചു. എട്ട് മിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു.
ദൗത്യത്തിന് സാക്ഷിയാകാൻ ഐ.എസ്.ആർ.ഒ ചെയർമാൻ വി.നാരായണൻ, മുൻചെയർമാൻമാരായ ഡോ. എസ്.സോമനാഥ്, ഡോ. കെ.രാധാകൃഷ്ണൻ, ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല എന്നിവർ എത്തിയിരുന്നു. ഒന്നാമത്തെ വിക്ഷേപണത്തറയിൽ നിന്ന് ഉച്ചയ്ക്കു 12.05നു കുതിച്ചുയർന്ന വിക്രംറോക്കറ്റ്16 മിനിറ്റിൽ 452 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തി.
നാടകീയതകൾക്കൊടുവിലാണ് വിക്രം- 1 ചരിത്രവിജയത്തിലേക്ക് കുതിച്ചത്. ഉച്ചയ്ക്ക്11.30നാണ് വിക്ഷേപണം നടത്താനിരുന്നത്. സാങ്കേതികപ്രശ്നം കണ്ടതോടെ 11.25ന് കൗണ്ട്ഡൗൺ നിറുത്തിവച്ചു. ദൗത്യം മുടങ്ങുമോ എന്ന ആശങ്കയിലായി. റോക്കറ്റിന്റെ പ്രശ്നങ്ങളല്ല കാറ്റു വീശുന്നതിനാലും ആകാശം മേഘാവൃതമായതിനാലും അവസാനഘട്ട പരിശോധന കാര്യക്ഷമമാക്കുന്നതിനാണ് കൗണ്ട്ഡൗൺ നിറുത്തിയതെന്ന് അറിയിപ്പുവന്നു. 11.45ന് കൗണ്ട്ഡൗൺ പുനരാരംഭിച്ചു. ബംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ഗ്രഹാസ്‌പേസിന്റെ സോളാരസ് എസ് ത്രീ, കോസ്‌മോ സെർവ് സ്‌പേസിന്റെ എംബ്രേസ് എന്ന ബഹിരാകാശ റേബോ ഹാൻഡ്, സ്‌കൈറൂട്ടിന്റെ സ്വന്തം സ്‌കോപ്പ് സാറ്റ്, ജർമ്മൻ കമ്പനി ഡിക്യൂബ്ഡ് സ്‌പേസിന്റെ ചെറുസങ്കേതികവിദ്യ പരീക്ഷണവും ആണ് വിക്രം- 1റോക്കറ്റിൽ വിക്ഷേപിച്ചത്.
പ്രധാനമന്ത്രിയുടെ സന്ദേശം
ബഹിരാകാശത്തേക്ക്
വിക്രം-1 നൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും ബഹിരാകാശത്തേക്ക്. 'വന്ദേ മാതരം" എന്ന ഒറ്റവരി സന്ദേശമാണ് പോസ്റ്റ്കാർഡിൽ അയച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സന്ദേശങ്ങൾക്കൊപ്പമാണ് ഈ കാർഡും വിക്രം- 1ൽ സഞ്ചരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദേശത്തിന് മറുപടിയായി 'എ ബില്ല്യൺ ഡ്രീംസ് മോർ പോസിബിലിറ്റീസ്" തലക്കെട്ടിൽ ഒരു കുറിപ്പ് സ്‌കൈറൂട്ട് കമ്പനിയും വച്ചിരുന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ, എസ്.സോമനാഥ്, ശുഭാംശു ശുക്ല എന്നിവരുടെ ആശംസാ പോസ്റ്റ്കാർഡുകളും ഇതോടൊപ്പം ബഹിരാകാശത്തേക്ക് പോയിട്ടുണ്ട്. എ.പി.ജെ.അബ്ദുൽകലാമിന്റേയും സി.വി.രാമന്റേയും ചെറിയ പ്രതിമകളും റോക്കറ്റിൽ കയറ്റി ബഹിരാകാശത്തേക്ക് എത്തിച്ചു.
ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ ചരിത്രപരമായ പുതിയ ചക്രവാളം നിശ്ചയിച്ച വിക്ഷേപണം. ബഹിരാകാശ മേഖലയിൽ പുതിയ നവീകരണങ്ങൾക്ക് ഇത് വഴിതുറക്കും.
-പ്രധാനമന്ത്രി നരേന്ദ്രമോദി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |