SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.02 AM IST

മദ്യത്തിന്റെ നികുതിയിളവ്: സഭയിൽ ബഹളം, വാക്കൗട്ട്

READ ENGLISH VERSION
a

കർണാടകയിലെ മദ്യക്കമ്പനിക്ക് അമിത ലാഭമുണ്ടാക്കാനെന്ന് പിണറായി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ബഡ്ജറ്റിലെ നിർദ്ദേശം കർണാടകയിലെ മദ്യക്കമ്പനിക്ക് അമിത ലാഭമുണ്ടാക്കാനാണെന്നും, ഇത് നടപ്പായാൽ ശീതള പാനീയം പോലെ മദ്യം നാട്ടിൽ ലഭ്യമാവുമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ ആരോപിച്ചു. 251% നികുതി 120%ആയി കുറയ്ക്കുന്നത് സാധാരണക്കാർക്ക് വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബഡ്ജറ്റിന്മേൽ ചർച്ച നടക്കേണ്ട വിഷയമാണ് അടിയന്തര പ്രമേയ നോട്ടീസിലുള്ളതെന്ന് ചൂണ്ടിക്കാട്ടി, കെ.എൻ. ബാലഗോപാൽ നൽകിയ നോട്ടീസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. അര മണിക്കൂറോളം സഭ ബഹളത്തിൽ മുങ്ങി. സ്പീക്കർ അടുത്ത നടപടിക്രമങ്ങളിലേക്ക് കടന്നതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.

നികുതിയിളവിന്റെ ഗുണഭോക്താവ് മദ്യക്കമ്പനിയായ 'ബെക്കാർഡി"യാണെന്ന് പിണറായി ആരോപിച്ചു. 2023ൽ ബെക്കാർഡി നികുതി വകുപ്പിന് അപേക്ഷ നൽകിയിരുന്നെങ്കിലും എൽ.ഡി.എഫ് സർക്കാർ തീരുമാനമെടുത്തില്ല. പുതിയ സർക്കാർ ശരവേഗത്തിൽ ഫയൽ നീക്കി. മേയ് 21നകം ഏഴ് ഉദ്യോഗസ്ഥർ അസാധാരണ വേഗത്തിൽ ഫയൽ കണ്ടു. സർക്കാരിന്റെ അനുമതിയുള്ളതിനാലാണിതെന്നും പിണറായി പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സ്പീക്കർ, വിഷയം സബ്മിഷനായി ഉന്നയിക്കാമെന്ന് നിലപാടെടുത്തതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. എത്ര പ്രതിഷേധിച്ചാലും വാച്ച് ആൻഡ് വാർഡിനെ വിളിക്കില്ലെന്നായിരുന്നു സ്പീക്കറുടെ നിലപാട്. 'അങ്ങയെപ്പോലൊരു നീതിമാൻ ചെയറിലിരിക്കുമ്പോൾ ഇതെല്ലാം അനുവദിക്കാമോ"എന്ന് സ്പീക്കറോട് പിണറായി ചോദിച്ചു. വിഷയത്തിന്റെ മെരിറ്റിലേക്ക് താൻ കടന്നിട്ടില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി.

രേഖയിൽ നിന്ന്

നീക്കണമെന്ന് മുഖ്യമന്ത്രി

പിണറായി വിജയന്റെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസിൽ ആരോപണവും ആക്ഷേപവും പാടില്ല. സർക്കാരിന് മറുപടി പറയാൻ അവസരമില്ലെന്നും സതീശൻ പറഞ്ഞു. പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പു നൽകി. പിന്നാലെ, ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സഭ ടി.വിയിൽ നിന്ന് നീക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WALKOUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA