SignIn
Kerala Kaumudi Online
Saturday, 06 June 2026 5.52 AM IST

കളറാക്കാൻ കല കാടിറങ്ങി

READ ENGLISH VERSION

festival

തിരുവനന്തപുരം: നാടിനാഘോഷമാകാൻ ഇക്കുറി കാടിറങ്ങി കലകൾ വേദിയിലെത്തും. ഊരുകളിൽ മാത്രം അവതരിപ്പിച്ചിരുന്ന മംഗലംകളി, മലപ്പുലയ ആട്ടം, പളിയനൃത്തം, പണിയനൃത്തം എന്നിവയാണ് അരങ്ങുകളിലെത്തുന്നത്. ഇക്കൊല്ലത്തെ കലോത്സവം ചരിത്രത്തിലിടം പിടിക്കുന്നതും ഇതിലൂടെയാണ്. മംഗലംകളിയാണ് ആദ്യം വേദിയിലെത്തുന്നത്.

ഇന്ന് നിശാഗന്ധിയിൽ ''എള്ളുള്ളേരി എള്ളുള്ളേരി..."" എന്നുപാടി തലയിൽ പാള കെട്ടി കുട്ടികൾ കളിക്കും. മംഗലംകളിയിൽ പെൺകുട്ടികൾക്ക് തോർത്തും ബ്ലൗസും കാവിമുണ്ടുമാണ് വേഷം. അലങ്കാരമായി കറുത്ത കമ്മലും 4 വളകളും. മുഖത്ത് പൊട്ടല്ലാതെ മറ്റു ചമയങ്ങളൊന്നുമില്ല. ആൺകുട്ടികൾക്ക് കാവിമുണ്ട് മാത്രം.

കാസർകോട്ടെ മാവിലൻ സമുദായം,​ കല്യാണം പോലുള്ള ആഘോഷ വേളകളിൽ അവതരിപ്പിക്കുന്ന നൃത്തമാണ് മംഗലംകളി. തുടിയാണ് പ്രധാന വാദ്യോപകരണം. പെരുന്തുടി,​ പാണത്തുടി എന്നിങ്ങനെ രണ്ടിനങ്ങളാണ് ഉപയോഗിക്കുക. ആറുപേർ തുടികൊട്ടി പാടുമ്പോൾ 10 പേർ വൃത്തത്തിൽ നൃത്തം ചെയ്യും. തുളുവിലും മലയാളത്തിലുമാണ് പാട്ടുകൾ.

മിന്നൽ ചുവടുകളുമായി മലപ്പുലയ ആട്ടം

ചിക്കുവാദ്യം, കിട്ടുമുട്ടി, കുഴൽ, കട്ടവാദ്യം എന്നിവ തീർക്കുന്ന മേളത്തിന്റെ അകമ്പടിയോടെ മിന്നൽ ചുവടുകളാണ് മലപ്പുലയ ആട്ടത്തിന്റെ ഹൈലൈറ്റ്. ഇടയ്ക്കിടെ കുരവ ഉയരും. മറയൂർ കാടുകളിലെ മലയപ്പുലയ വിഭാഗത്തിന്റെ പരമ്പരാഗത നൃത്തരൂപമാണിത്. കാളിഅമ്മൻ, മാരിഅമ്മൻ, മധുര മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് അവതരിപ്പിക്കുന്നത്.

അട്ടപ്പാടിയിൽ നിന്ന് ഇരുള നൃത്തം

'അയ്യപ്പനും കോശിയും" സിനിമയിലെ ഗാനത്തിലെ വരികൾ ഓർമ്മവരും ഇരുള നൃത്തം കാണുമ്പോൾ.

അട്ടപ്പാടിയിലെ ആദിവാസി വിഭാഗമായ ഇരുള ഗോത്രവിഭാഗത്തിന്റെ നൃത്തരൂപമാണിത്. വൃത്താകൃതിയിൽ നിന്ന് പെറൈ, ദവിൽ, ജാൽറ, കൊഗാൽ എന്നീ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പ്രത്യേകതാളത്തിലാണ് നൃത്തം അവതരിപ്പിക്കുന്നത്. വയനാട്ടിലെ പണിയസമുദായത്തിന്റേതാണ് പണിയനൃത്തം. കമ്പളനാട്ടി, വട്ടക്കളി എന്നീ രണ്ട് രൂപത്തിലാണ് അരങ്ങിലെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KALOLSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA