SignIn
Kerala Kaumudi Online
Sunday, 18 October 2026 3.06 PM IST

സി.പി.ഐ നിലപാട് വിധേയരെന്ന ആക്ഷേപവും ഉൾക്കൊണ്ട്

cpm-and-cpi

തിരുവനന്തപുരം: ലോകായുക്ത ഭേദഗതിബില്ലിൽ സി.പി.ഐ നിലപാട് കടുപ്പിച്ചത് പാർട്ടി ജില്ലാസമ്മേളനങ്ങളിലുയരുന്ന വിമർശനങ്ങളും കണക്കിലെടുത്താണ്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മുഖ്യമന്ത്രിയെ കണ്ണടച്ച് പിന്തുണയ്ക്കുന്ന അടിമമനോഭാവമെന്ന ആക്ഷേപമാണ് സമ്മേളനങ്ങളിൽ പ്രധാനമായുമുയരുന്നത്.

പാർട്ടി മന്ത്രിമാർ മന്ത്രിസഭയിൽ മിണ്ടുന്നില്ലെന്ന ആക്ഷേപവുമുയർന്നു. ഇനിയങ്ങോട്ടുള്ള സമ്മേളനങ്ങളിൽ വിമർശനവീര്യത്തിന് തടയിടുകയെന്ന ലക്ഷ്യവും സി.പി.ഐ മന്ത്രിമാരുടെ നിലപാടുകൾക്ക് പിന്നിലുണ്ട്.

അതേസമയം, ലോകായുക്ത വിധി അന്തിമമാണെന്ന വ്യവസ്ഥയിൽ വെള്ളം ചേർക്കുന്ന ഭേദഗതിനിർദ്ദേശമാണ് സി.പി.ഐ മുന്നോട്ടുവച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. അപ്പീലധികാരിയായി മുഖ്യമന്ത്രി, ഗവർണർ, സർക്കാർ എന്നിവർക്ക് പകരം പ്രത്യേകസമിതിയെന്ന വ്യത്യാസമേയുള്ളൂ. ഇടതു സർക്കാർ മുൻകൈയെടുത്ത് പാസാക്കിയ അഴിമതിവിരുദ്ധ ലോകായുക്തനിയമത്തിൽ ഇടതുസർക്കാർതന്നെ വെള്ളം ചേർക്കുന്നെന്ന ആക്ഷേപത്തിന് ഇത് മറുപടിയാകുന്നില്ല. ലോകായുക്ത വിധിയെ അപ്രസക്തമാക്കുന്ന സമീപനമരുതെന്ന വാദമാണിവരുടേത്.

ലോകായുക്ത ഭേദഗതി ഓർഡിനൻസ് ആദ്യം പരിഗണിച്ച മന്ത്രിസഭായോഗത്തിൽ സി.പി.ഐ മന്ത്രിമാർ ഒന്നും മിണ്ടിയിരുന്നില്ല. വിവാദമായപ്പോൾ സി.പി.ഐക്ക് ക്ഷീണമായി. പിന്നീട് ഓർഡിനൻസ് പുനർവിളംബരം ചെയ്യാൻ നേരത്ത് വിയോജിപ്പ് അറിയിച്ചെങ്കിലും ബിൽ വരുമ്പോൾ വിശദചർച്ചയാകാമെന്ന് പറഞ്ഞ് മുഖ്യമന്ത്രി സമാധാനിപ്പിക്കുകയായിരുന്നു.

ഇന്ത്യയിൽ ഏറ്റവും ശക്തമായ അഴിമതിനിരോധന സംവിധാനമായാണ് കേരളത്തിലെ ലോകായുക്ത വിലയിരുത്തപ്പെട്ടത്. 1996-2001ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ തങ്ങളുടെ നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ അവതരിപ്പിച്ച ബില്ലായിരുന്നു ഇതെന്നതും സി.പി.ഐക്ക് അഭിമാനപ്രശ്നമായി.

മറ്റുള്ള കമ്മിഷനുകളെപ്പോലെ ലോകായുക്തയ്ക്കും ശുപാർശാ സ്വഭാവം മതിയെന്ന നിലപാടാണ് സി.പി.എമ്മിന്. കെ.ടി. ജലീൽ മന്ത്രിയായിരിക്കെ ഉണ്ടായ ബന്ധുനിയമനക്കേസ് വിധിക്ക് ശേഷമാണ് ഇത്തരമൊരു ചർച്ച പാർട്ടിയിൽ സജീവമായത്. ജലീലിന് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കേണ്ടിയും വന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM AND CPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA