SignIn
Kerala Kaumudi Online
Sunday, 07 June 2026 4.57 AM IST

അശോകും പ്രശാന്തും തിരിച്ചെത്തുന്നു: സസ്‌പെൻഷൻ മുഖ്യമന്ത്രി റദ്ദാക്കി

ias

തിരുവനന്തപുരം: പ്രവർത്തന രീതിയെ വിമർശിച്ചതിന് കഴിഞ്ഞ സർക്കാർ സസ്‌പെൻഡ് ചെയ്ത് പകപോക്കിയ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക്, സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് എന്നിവരെ ഉടൻ തിരിച്ചെടുക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഉത്തരവിട്ടു. സുപ്രധാന ചുമതലകൾ നൽകി ചീഫ്സെക്രട്ടറി ഉത്തരവിറക്കും.

ഇരുവരെയും തിരിച്ചെടുക്കാൻ ആദ്യ മന്ത്രിസഭായോഗം തീരുമാനിക്കേണ്ടതായിരുന്നെന്ന് കഴിഞ്ഞ വ്യാഴാഴ്ച 'അവരെ മഴയത്ത് നിറുത്തരുത്" എന്ന് കേരളകൗമുദി എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രി ഫയൽ വിളിപ്പിച്ച് സസ്പെൻഷൻ പിൻവലിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.

ചീഫ്സെക്രട്ടറിയായിരുന്ന ഡോ. എ. ജയതിലകിനെ സമൂഹമാദ്ധ്യമത്തിലൂടെ വിമർശിച്ചതിനാണ് 2024 നവംബർ 11ന് പ്രശാന്തിനെ സസ്പെൻഡ് ചെയ്‌തത്. ഡോ.അശോകിനെ കഴിഞ്ഞ ഏപ്രിൽ 29നും.

തിരിച്ചെടുക്കാൻ നേരത്തേ മുഖ്യമന്ത്രി വാക്കാൽ നിർദ്ദേശിച്ചിട്ടും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ തീരുമാനം നീട്ടുകയായിരുന്നു. തുടർന്നാണ്,​ ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഡോ. അശോകിനെയും മിടുക്കനായ യുവ ഐ.എ.എസ് ഓഫീസർ എൻ. പ്രശാന്തിനെയും തിരിച്ചെടുക്കണമെന്ന് കേരളകൗമുദി മുഖപ്രസംഗം എഴുതിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലംവരുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ ഡോ. അശോകിനെ സസ്‌പെൻഡ് ചെയ്‌തത്. കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അവധിയായത് മുതലെടുത്തായിരുന്നു തിടുക്കത്തിലെ സസ്‌പെൻഷൻ. തുടർഭരണം ഫാസിസ്റ്റ് മനോഭാവമാണെന്ന വിമർശനം ചില അഭിമുഖങ്ങളിൽ നടത്തിയതാണ് ഇടത് സർക്കാരിനെ പ്രകോപിപ്പിച്ചത്. അഖിലേന്ത്യ സർവീസ് ഉദ്യോഗസ്ഥൻ സ്വീകരിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ലെന്നു കാട്ടിയായിരുന്നു സസ്പെൻഷൻ. ഇടത് സംഘടനാ പ്രതിനിധികളായ കെ.ഒ. അശോകൻ, സജീവ് ദിവാകരൻ എന്നിവരായിരുന്നു പരാതിക്കാർ.

 പ്രശാന്തിനെതിരെ നടപടി പരമ്പര

പ്രശാന്തിനെതിരെ 9 കുറ്റപത്രങ്ങളുണ്ടെന്നും വകുപ്പുതല അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രിയെ ചീഫ്സെക്രട്ടറി അറിയിച്ചിരുന്നു. എന്നാൽ അന്വേഷണം തുടരുന്നതിന് സസ്പെൻഷൻ വേണ്ടെന്നും ഇതുവരെ ഒരു കുറ്റപത്രത്തിൽ പോലും അന്വേഷണം പൂർത്തീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമത്തിലെ ഇടപെടലിന് പ്രശാന്തിനെതിരെ ഇനിയും 16കുറ്റപത്രങ്ങൾക്ക് സാദ്ധ്യതയുണ്ടെന്ന് ചീഫ്സെക്രട്ടറി അറിയിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് തലേന്നും പ്രശാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. പുനഃപരിശോധിക്കാൻ റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയായിരുന്നു ഇത്. ലോട്ടറി വില്പനയെക്കുറിച്ച് ഇംഗ്ലിഷ് പത്രത്തിൽ എഴുതിയ ലേഖനം സർക്കാരിന്റെ അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അവസാനത്തെ സസ്പെൻഷൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA