SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.50 PM IST

മുഖ്യമന്ത്രിയെ കുറിച്ച് സി പി എമ്മിനും സംശയം; കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളേജുകളെയും ഉപയോഗിക്കുന്നു:കെ സുരേന്ദ്രൻ

k-surendran

ഇടുക്കി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവ‌റ്റ് സെക്രട്ടറി സി. എം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ വൈകിക്കുന്നത് മുഖ്യമന്ത്രിയെ രക്ഷിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രവീന്ദ്രൻ അന്വേഷണ ഏജൻസികൾക്ക് മുന്നിൽ എത്തിയാൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം പുറത്തുവരും. അത് അറിയാവുന്നത് കൊണ്ടാണ് ആരോഗ്യവകുപ്പ് അന്വേഷണത്തിന് തടസം നിൽക്കുന്നത്. എം.ശിവശങ്കറിന്റെ കാര്യത്തിലും ആരോഗ്യവകുപ്പിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ അറിവോടെയാണോ ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് എന്ന് സംശയമുണ്ടെന്നും പീരുമേട്ടിൽ നടന്ന വാർത്താസമ്മേളനത്തിൽ സുരേന്ദ്രൻ പറഞ്ഞു.

കള്ളക്കടത്തുകാരെ സംരക്ഷിക്കാൻ മെഡിക്കൽ കോളേജുകളെ വരെ ഉപയോഗിക്കുകയാണ് സർക്കാർ. സി.എം രവീന്ദ്രന് കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ചത് എവിടെ നിന്നാണെന്ന് ആർക്കും അറിയില്ല. ഒപ്പമുള്ളവർ എന്തുകൊണ്ട് ക്വാറന്റൈനിൽ പോയില്ല എന്നതിനും ഉത്തരമില്ല. മുഖ്യമന്ത്രിയെ കുറിച്ച് അന്ന് ബി.ജെ.പി പറഞ്ഞത് ഇന്ന് സി.പി.എം ഉന്നത നേതാക്കൾക്കും ബോധ്യമായി വരുന്നുണ്ട്. ഇപ്പോൾ മുഖ്യമന്ത്രിയെ കുറിച്ച് സംശയം പൊതുസമൂഹത്തിനും മാദ്ധ്യമങ്ങൾക്കും മാത്രമല്ല സിപിഎമ്മിന് അകത്തും ഉണ്ട്. സ്വന്തം പാർട്ടിക്ക് അകത്തും വിശ്വാസത നഷ്ടപ്പെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

പിണറായി വിജയൻ നിയമലംഘനങ്ങൾക്ക് കൂട്ടുനിൽക്കുകയാണ്. കിഫ്ബിയുമായി ബന്ധപ്പെട്ട രവീന്ദ്രന്റെയും ശിവശങ്കറിന്റെയും ഇടപാടുകൾ പരിശോധിക്കണം. സി.എം രവീന്ദ്രൻ സമ്പാദിച്ച സ്വത്തുക്കളെല്ലാം അയാളുടെ തന്നെയാണോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ സ്വന്തക്കാരനായ അദ്ദേഹം ആരുടെ ബിനാമിയാണെന്ന് ജനങ്ങൾക്ക് അറിയണം. അഴിമതിക്കെതിരെ ശബ്ദമുയർത്താൻ ബി.ജെ.പിക്ക് മാത്രമേ അർഹതയുള്ളൂ. രണ്ട് മുന്നണികളും അഴിമതിയുടെ കാര്യത്തിൽ ഒരേ തൂവൽ പക്ഷികളാണ്.

യുഡി.എഫ് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ജമാഅത്തെ ഇസ്ലാമി രാജ്യത്തിനകത്തും പുറത്തും ഹിന്ദുക്കൾക്കും ക്രൈസ്തവർക്കുമെതിരെ അക്രമം നടത്തുന്നവരാണ്. ലൗജിഹാദ് പോലുള്ള വിധ്വംസക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. രാജ്യത്തിനെതിരെയുള്ള ചരടുകളെ ഏകോപിപ്പിക്കുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഈ കാര്യത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ നാടകം നിർത്തി നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണം. ഇടുക്കിയിലെ ഭൂമി പ്രശ്നം പരിഹരിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് യു.ഡി.എഫും എൽ.ഡി.ഫും ചെയ്യുന്നത്. ഇടുക്കി ജില്ലയിൽ ഇത്തവണ എൻ.ഡി.എ വലിയ നേട്ടമുണ്ടാക്കുമെന്നും കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K SURENDRAN, BJP STATE CHIEF, CMS OFFICE, M SIVASANKAR, CM RAVEENDRAN, K K SHYLAJA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA