SignIn
Kerala Kaumudi Online
Thursday, 17 September 2026 1.00 AM IST

കൊടകര കുഴൽപ്പണക്കേസ്: കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് കേരള പൊലീസിന്റെ ശുപാർശ

kodakara

തൃശൂർ: കൊടകരയിലെ കുഴൽപ്പണക്കേസ് ആദായനികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്ന ശുപാർശയുമായി കേരളാ പൊലീസ് കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് നൽകും. ഇതിന് പുറമെ,തിരഞ്ഞെടുപ്പ് കമ്മിഷനും പ്രത്യേക റിപ്പോർട്ട് കൈമാറും.

ബി.ജെ.പി തിരഞ്ഞെടുപ്പിനെത്തിച്ച പണമാണ് കൊടകരയിൽ കവർന്നതെന്നും, സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് പണമെത്തിയതെന്നും റിപ്പോർട്ടിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിനായി മാർച്ച് 16 മുതൽ ഒമ്പത് തവണയായി 43 കോടിയാണ് ബി.ജെ.പിക്കായി കേരളത്തിലേക്ക് കൊണ്ടുവന്നത്. കാസർകോട്, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലേക്കാണ് പണമെത്തിയത്. ഏഴ് തവണ കോഴിക്കോട്ടേയ്ക്ക് ഹവാല പണമെത്തിച്ചു. രണ്ടുതവണ നേരിട്ടും കൊണ്ടുവന്നു. ബംഗളൂരുവിൽ നിന്നായിരുന്നു ഹവാല ഇടപാട്. രണ്ടുപേരാണ് അവിടെ കാര്യങ്ങൾ നിയന്ത്രിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പിനായി കള്ളപ്പണമെത്തിയത് പരിശോധിക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുള്ള റിപ്പോർട്ടിലും പൊലീസ് ആവശ്യപ്പെടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പിനിടയിലും കർണാടകത്തിൽ നിന്ന് 12 കോടി കേരളത്തിലെത്തിച്ചതായി കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

 തമിഴ്‌നാട്ടിലും അന്വേഷണം

തിരഞ്ഞെടുപ്പിനായി പാലക്കാട്ടേക്ക് ബി.ജെ.പി കൊണ്ടുവന്നുവെന്ന് പറയുന്ന 4.4 കോടി സേലത്ത് കവർന്ന സംഭവത്തെപ്പറ്റി തമിഴ്‌നാട് പൊലീസ് അന്വേഷണം തുടങ്ങി. മാർച്ച് ആറിന് കൊണ്ടുവന്ന പണം സേലത്ത് കവർന്നത് സംബന്ധിച്ച വിവരം കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച കേരള പൊലീസാണ് പുറത്തുവിട്ടത്. ഇക്കാര്യം കൊടകരക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്.

ഇത് ചൂണ്ടിക്കാട്ടിയുള്ള കേരള പൊലീസിന്റെ എഫ്.ഐ.ആർ പ്രകാരം ,തമിഴ്‌നാട് കൊങ്കണാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊടകര കുഴൽപ്പണക്കവർച്ചക്കേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്ന് തമിഴ്‌നാട് പൊലീസ് വിവരം ശേഖരിച്ചു. കൊടകരയിലേതിന് സമാനമായി സേലത്തും വാഹനം തട്ടിയെടുത്ത് പണം കവർന്ന് കാർ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കുറ്റപത്രത്തിലെ പരാമർശം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODAKARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA