SignIn
Kerala Kaumudi Online
Tuesday, 03 November 2026 4.14 AM IST

എൽ.ഡി.എഫ് സർക്കാരിന്റെ ബാർ  ലൈസൻസുകളിൽ അന്വേഷണം: മന്ത്രി ലിജു

m-liju

ന്യൂഡൽഹി: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ബാർ ലൈസൻസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി എം. ലിജു. മുഴുവൻ രേഖകളും പരിശോധിക്കും. അഴിമതിയോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാവശ്യ തിടുക്കമോ ഉണ്ടായോ എന്നതടക്കം അന്വേഷിക്കുമെന്ന് ഡൽഹിയിൽ മാദ്ധ്യമങ്ങളോട് മന്ത്രി വ്യക്തമാക്കി.

പത്തുവർഷത്തിനിടെ 488 ബാർ ലൈസൻസുകളാണ് അനുവദിച്ചത്. ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് എക്‌സൈസ് വകുപ്പിന്റെ സംശയം. മന്ത്രിയുടെ അറിവോ അനുമതിയോ ഇല്ലാതെ ചില ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം ശുപാർശ ചെയ്യാനും നീക്കമുണ്ട്. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ പരിശോധിക്കും.

പുതിയ മദ്യനയം രൂപീകരിക്കുന്നതുവരെ ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ നിലപാട് നിലനിൽക്കെ, എറണാകുളം, കോട്ടയം ജില്ലകളിലെ മൂന്ന് ഹോട്ടലുകൾക്ക് ലൈസൻസ് നൽകിയതിനെ തുടർന്നാണ് മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. ഈ നടപടി കൂടുതൽ അന്വേഷണത്തിനുള്ള മുന്നോടിയാണെന്നും മന്ത്രി വ്യക്തമാക്കി.

സാമൂഹിക ആഘാത പഠനം നടത്താതെ ബാർ ലൈസൻസ് അനുവദിക്കില്ലെന്നതാണ് സർക്കാരിന്റെ നിലപാട്. ഹോട്ടലുകളുടെ സ്റ്റാർ പദവി മാത്രം പരിഗണിച്ച് ലൈസൻസ് നൽകാനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെ നിലപാട് അംഗീകരിച്ച കോടതി, ലൈസൻസിനായി ലഭിച്ചിട്ടുള്ള അപേക്ഷകളിൽ നവംബർ 30നകം തീരുമാനമെടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

വർഷങ്ങളായി പ്രവർത്തിക്കാത്ത ബാറുകൾക്കുപോലും ചട്ടങ്ങളിലെ പഴുതുകൾ ഉപയോഗിച്ച് 24 മണിക്കൂറിനുള്ളിൽ ലൈസൻസ് ലഭിക്കുന്ന സാഹചര്യമുണ്ടായിരുന്നുവെന്ന് മന്ത്രി ആരോപിച്ചു. ഇത്തരം പഴുതുകൾ അടയ്ക്കുന്നതിനൊപ്പം ആവശ്യമായ നിയമഭേദഗതികളും കൊണ്ടുവരും. ലൈസൻസ് അനുവദിക്കുന്നതിൽ വിരമിച്ച എക്‌സൈസ് ഉദ്യോഗസ്ഥർ ഇടപെടുന്നുവെന്ന പരാതികളും പരിശോധിക്കും.

ബാർ ലൈസൻസുകളുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികൾ വിശദമായി പരിശോധിക്കാൻ ഉന്നതതല യോഗം വിളിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MLIJU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA