
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ തുടർഘട്ടങ്ങളുടെ നിർമ്മാണത്തിന് പരിസ്ഥിതി അനുമതി കിട്ടിയിട്ടും ഹൈക്കോടതിയിൽ അത് മറച്ചുവച്ച് സത്യവാങ്മൂലം നൽകിയ കെ.ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ ഐ.എ.എസ് തലപ്പത്തെ അഴിച്ചുപണിയിൽ തത്‌സ്ഥാനങ്ങളിൽ നിന്ന് മാറ്റി. പരിസ്ഥിതി വകുപ്പ് ഡയറക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനെ ശാസ്ത്രസാങ്കേതിക, സാംസ്‌കാരിക വകുപ്പിലേക്കാണ് മാറ്റിയത്. മൃഗശാല, മ്യൂസിയം, പുരാവസ്തു, ആർക്കൈവ്സ് വകുപ്പുകളുടെ ചുമതലയും നൽകി.
എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലെ അലോട്ട്‌മെന്റിൽ സംവരണാനുകൂല്യങ്ങൾ നൽകാതെ ക്രമക്കേട് കാട്ടിയെന്ന ആരോപണവിധേയനായ എൻട്രൻസ് കമ്മിഷണർ സമീർ കിഷനും സ്ഥാനലചലനമുണ്ടായി. തദ്ദേശവകുപ്പിൽ ഐ.എ.എസ് പോരിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ സെക്രട്ടറി ടി.വി.അനുപമയെ ധനകാര്യ വകുപ്പിലേക്ക് മാറ്റി. എൽ.എസ്.ജി.ഡി.സെക്രട്ടറി ദിവ്യ.എസ്.അയ്യർക്ക് മാറ്റമില്ല.
ആരോഗ്യമന്ത്രി കെ.മുരളീധരന്റെ അതൃപ്തിക്ക് പാത്രമായ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിനെ ഗതാഗത വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായാണ് മാറ്റിയത്. ഐ.എ.എസുകാർ ഏറ്റെടുക്കാൻ മടിച്ച മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എം.ഡി സ്ഥാനത്ത് ടി.വി.സുഭാഷിനെ നിയമിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |