
കോട്ടയം: കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിൽ മാണി സി. കാപ്പൻ എം.എൽ.എയ്‌ക്ക് ഒരു വർഷം തടവ്. 5.30 കോടി രൂപ നഷ്ടപരിഹാരവും നൽകണം. മുംബയ് ബോറിവാലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ശിക്ഷ ഒരു വർഷമായതിനാൽ എം.എൽ.എ സ്ഥാനത്തിന് ഭീഷണിയില്ല.
പാലക്കാട് സ്വദേശിയും മുംബയ് വ്യവസായിയുമായ ദിനേശ് മേനോന്റെ പരാതിയടക്കം നാലുകേസുകളിലായാണ് വിധി. ഒരു മാസത്തിനകം പിഴത്തുക നൽകണം. അല്ലെങ്കിൽ മൂന്ന് മാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം.
ഓഹരി നൽകാമെന്ന് പറഞ്ഞ് മൂന്ന് കോടിയലധികം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 2015ലാണ് കേസ് കൊടുത്തത്. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലുൾപ്പടെ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഹൈക്കോടതിയിലെത്തിയ ശേഷം നടപടി ക്രമങ്ങൾ മന്നോട്ടു പോയിരുന്നില്ല. തുടർന്നാണ് ദിനേശ് മേനോൻ ബോറിവാലി കോടതിയെ സമീപിച്ചത്. കാപ്പൻ കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
അതേസമയം കേസിൽ അപ്പീൽ പോകുമെന്ന് മാണി സി. കാപ്പൻ പറഞ്ഞു. എന്റെ ഭാഗം കേൾക്കാതെയാണ് വിധി. കേസ് തനിക്ക് എതിരായ ഗൂഢാലോചനയാണ്. തനിക്ക് ഉടൻ ലഭിക്കുന്ന പദവി തടയുക എന്ന ലക്ഷ്യമാണ് പിന്നിലെന്നും മാണി സി. കാപ്പൻ ആരോപിച്ചു. കാപ്പനെ അടുത്ത ടേമിൽ മന്ത്രിസഭയിലേയ്ക്ക് പരിഗണിക്കാനിരിക്കെയാണ് വിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |