SignIn
Kerala Kaumudi Online
Friday, 14 August 2026 7.22 AM IST

മുല്ലപ്പള്ളിയെ ബലിയാടാക്കി മുഖം രക്ഷിക്കാൻ ഗ്രൂപ്പ്തന്ത്രം

politicalmay5

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ ബലിയാടാക്കി മുഖം രക്ഷിക്കാനുള്ള ഗ്രൂപ്പുകളുടെ നീക്കത്തിൽ നേതാക്കളിൽ ഒരു വിഭാഗത്തിന് അതൃപ്തി.

തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുക്കാൻ തയാറാണെന്നും ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നുമുള്ള നിലപാടിലാണ് മുല്ലപ്പള്ളി. തിരഞ്ഞെടുപ്പ് ഫലത്തിലെ കാര്യകാരണങ്ങൾ നിരത്തിയുള്ള റിപ്പോർട്ട് അദ്ദേഹം ഹൈക്കമാൻഡിന് കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കൂട്ടായ നേതൃത്വമാണെന്ന് ഹൈക്കമാൻഡ് പരസ്യമാക്കിയിട്ടും, തോൽവിയുണ്ടായപ്പോൾ മുല്ലപ്പള്ളിയെ മാത്രം ഒറ്റപ്പെടുത്തി ആക്രമിക്കുന്നുവെന്ന തോന്നലാണ് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവർക്ക്. നേമത്ത് പരാജയപ്പെട്ട കെ. മുരളീധരനടക്കമുള്ള മുൻനിര നേതാക്കൾക്ക് മുല്ലപ്പള്ളിയെ മാത്രം പഴിചാരുന്നതിനോട് വിയോജിപ്പുണ്ട്. നേതൃമാറ്റ മുറവിളി ശക്തമാകവേ, നേതൃമാറ്റം പരിഹാരമല്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്നലെ ഇന്ദിരാഭവനിലെത്തിയ മുരളി മുല്ലപ്പള്ളിയുമായി ചർച്ച നടത്തി. തോൽവിയുടെ യഥാർത്ഥ കാരണങ്ങളിലേക്ക് കടക്കാതെ ആരെയെങ്കിലും ബലിയാടാക്കി മുഖം രക്ഷിക്കാൻ ശ്രമിക്കുന്നതിൽ ഹൈക്കമാൻഡും അതൃപ്തിയിലാണ്.

അതിനിടെ, ഈ മാസം ഏഴിന് ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗം വിഴുപ്പലക്കിന് വേദിയാവുമെന്നുറപ്പായി.. കുറ്റമാകെ മുല്ലപ്പള്ളിയിലേക്ക് ചാരുമ്പോൾ പാർട്ടിയിലെ പ്രബല ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയ രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും തുല്യപങ്കില്ലേയെന്നാണ് ചോദ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും നേടിയപ്പോൾ മുല്ലപ്പള്ളിയുടെ വിജയമായി പറയാതിരുന്നവർ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തോൽവി മാത്രം മുല്ലപ്പള്ളിയുടെ ഉത്തരവാദിത്വമായി ചിത്രീകരിക്കുന്നുവെന്നാണ് പരാതി.

സംഘടനാദൗർബല്യത്തിന് കാരണം ഗ്രൂപ്പു സമ്മർദ്ദങ്ങളായിരുന്നില്ലേയെന്ന ചോദ്യത്തിനുത്തരമില്ല. കെ.പി.സി.സി പുന:സംഘടനയിൽ ജംബോകമ്മിറ്റികൾ പാടില്ലെന്ന് മുല്ലപ്പള്ളി കടുത്ത നിലപാടെടുത്തപ്പോൾ ഒന്നര വർഷത്തോളം അത് വൈകിച്ചു. പിന്നീട് ഗ്രൂപ്പുകളുടെ കുത്തിത്തിരുകലുകളിൽ മഹാജംബോ കമ്മിറ്റികളായി. ഗ്രൂപ്പ് നേതാക്കളോട് സമവായസമീപനം മുല്ലപ്പള്ളിയെടുത്തത് അവരെ പിണക്കേണ്ടെന്ന് കരുതിയാണ്. ബൂത്ത്തലം തൊട്ടുള്ള ഭാരവാഹികളെ നിശ്ചയിക്കുന്നതിൽ ഗ്രൂപ്പ് നേതാക്കളുടെ താല്പര്യമാണ് നിഴലിച്ചത്. തദ്ദേശതിരഞ്ഞെടുപ്പിൽ സ്വീകാര്യതയുള്ള സ്ഥാനാർത്ഥികളെന്ന മാനദണ്ഡത്തിനും ഗ്രൂപ്പ് താല്പര്യങ്ങൾ തടയിട്ടു. ഇതിനെല്ലാം ഒത്താശ ചെയ്ത എ, ഐ ഗ്രൂപ്പ് നേതാക്കൾ എല്ലാം വിനയായപ്പോൾ കൈ കഴുകുന്നു. എന്റെ ബൂത്ത്, എന്റെ അഭിമാനം ക്യാമ്പയിനിലൂടെ ബൂത്ത്കമ്മിറ്റികൾ പുന:സംഘടിപ്പിച്ചതൊന്നും മുല്ലപ്പള്ളിയുടെ സേവനമായി കാണുന്നില്ലെന്നും ആക്ഷേപമുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം നിയമസഭാതിരഞ്ഞെടുപ്പിന് വലിയ തയാറെടുപ്പുകളുണ്ടായി. എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവറടക്കം കേരളത്തിൽ ക്യാമ്പ് ചെയ്തു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ പത്തംഗ തിരഞ്ഞെടുപ്പ് മേൽനോട്ടസമിതിക്ക് പൂർണ്ണ ചുമതല നൽകി.. എന്നിട്ടിപ്പോൾ പാപഭാരമെല്ലാം മുല്ലപ്പള്ളിക്കും.. അതേ സമ.യം,

പ്രതിപക്ഷനേതാവെന്ന നിലയിൽ അഴിമതിയാരോപണങ്ങളുയർത്തി സർക്കാരിനെ പ്രതിരോധിച്ച രമേശ് ചെന്നിത്തലയ്ക്ക് സംഘടനാപിന്തുണ കിട്ടിയില്ലെന്നാണ് ഐ ഗ്രൂപ്പിന്റെ പരിഭവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPALLY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA