
സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിനെതിരെ രൂക്ഷവിമർശനവുമായി നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത്. ഉദ്ഘാടന വേദിയിലെ സ്‌ത്രീ സാന്നിദ്ധ്യവുമായി ബന്ധപ്പെട്ട് നടി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധനേടുകയാണ്.
വേദിയിലെ സ്ത്രീ സാന്നിദ്ധ്യം പേരിന് മാത്രമായി ചുരുങ്ങിപ്പോയതിനെയാണ് നടി വിമർശിച്ചത്. 'ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജോളി ചോദിച്ചത്. വേദിയിൽ മന്ത്രിമാരായ ആർ ബിന്ദുവും വീണാ ജോർജും നടിയും നർത്തകിയുമായ ശോഭനയും ഉണ്ടായിരുന്നുവെങ്കിലും ഇവർ പുറകിലേയ്ക്ക് ഒതുക്കപ്പെട്ടത് സമൂഹമാദ്ധ്യങ്ങളിൽ ചർച്ചയാവുന്നതിനിടെയാണ് നടി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. സിനിമാ മേഖലയിൽ നിന്നടക്കം നിരവധി പേർ ജോളിയുടെ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
'കാലം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീ സാന്നിദ്ധ്യം പുറകോട്ട് പോകുന്നതായാണ് തോന്നുന്നത്. ഇത്തരം കാര്യങ്ങളിൽ മുൻപ് മതസംഘടനകളെയായിരുന്നു വിമർശിച്ചിരുന്നത്. എന്നാൽ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഇത്തരം ചിത്രങ്ങൾ? സ്ത്രീയുടെ സാന്നിദ്ധ്യം ആ ചിത്രത്തിലുണ്ടെങ്കിലും അത് ഒരറ്റത്താണ്. ഒരു ഫ്രെയിമിൽ ഉൾക്കൊള്ളാൻ പോലും ആകാത്തത്ര അറ്റത്ത്. ഇതിന്റെ പരിഹാസ്യത പറയാതെ വച്ച!
ഇടതുപക്ഷ സർക്കാർ നടത്തുന്ന പരിപാടിയിൽ പോലും ഇങ്ങനെയാവുക എന്ന് പറയുമ്പോൾ നമുക്കിനി ആരെയാണ് വിമർശിക്കാനുള്ള അധികാരമുള്ളത്? മതസംഘടനകൾ ചെയ്യുന്ന അതേ കാര്യമാണോ ജനാധിപത്യസംഘടനകൾ ചെയ്യേണ്ടത്. നമ്മൾ ഇപ്പോൾ സ്ത്രീകൾക്ക് 33 ശതമാനം സംവരണത്തെക്കുറിച്ച് സംസാരിക്കുകയാണ്. അത്തരം ചർച്ചകൾക്കിടയിൽ ഇത്തരം ചിത്രങ്ങൾ കാണുമ്പോൾ നാണക്കേട് തോന്നും'- നടി ഒരു മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |