
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെയും മന്ത്രിമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ഉയരുന്ന അധിക്ഷേപങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്. തനിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്കെതിരെ ശക്തമായ മറുപടിയാണ് റിനി നൽകിയത്. താൻ ദുഷ്‌ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം തന്നെയാണെന്ന് റിനി ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.
'ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞപോലുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് കൂവി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിട്ടും രക്തം തിളയ്‌ക്കാത്ത പലർക്കും രേവന്ത് റെഡ്ഡിയുമായി ഒരു ഫോട്ടോ എടുത്തെന്ന് കണ്ടപ്പോൾ രക്തം തിളയ്‌ക്കുന്നുണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം. ഇങ്ങനെതന്നെയായിരിക്കണം രാഷ്‌ട്രീയ പ്രവർത്തകർ. എന്നെ അവതാരം എന്ന് വിളിച്ച് കളിയാക്കിയവർക്കായി, അതേ ഞാൻ അവതാരം തന്നെയാണ് ദുഷ്‌ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം' - എന്നാണ് റിനി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
റിനിക്കെതിരെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. സാധാരണ പ്രവർത്തകർക്ക് സത്യപ്രതിജ്ഞ നടക്കുന്ന പന്തലിലേക്ക് പ്രവേശനം ലഭിക്കാതിരുന്നപ്പോൾ, പാർട്ടിക്കെതിരെ സംസാരിക്കുകയും പേരുദോഷം ഉണ്ടാക്കുകയും ചെയ്‌ത റിനി ആൻ ജോർജ് എങ്ങനെ വിഐപി പാസിൽ അവിടെ കയറിക്കൂടിയെന്ന് വിജിൽ മോഹൻ ചോദിച്ചിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ റിനിയെ ഒരുകൂട്ടം കോൺഗ്രസ് പ്രവർത്തകർ കൂകിവിളിച്ചിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് റിനി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് നടി പോസ്റ്റിട്ടിരുന്നു. 'കുഴിച്ചുമൂടാൻ നോക്കിയിട്ടും ഉയർന്നുവന്നവന്റെ പട്ടാഭിഷേകമാണ് ഇനി' എന്നായിരുന്നു പോസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |