SignIn
Kerala Kaumudi Online
Thursday, 01 October 2026 1.54 AM IST

ഓലപ്പീപ്പിയല്ല, ഇത്  ഓല സ്ട്രോ! 75 ലക്ഷത്തിന്റെ കയറ്റുമതി #ഇംഗ്ളീഷ് പ്രൊഫസറുടെ സംരംഭം

sun

ആലപ്പുഴ: പറമ്പിലെ തെങ്ങിലെ പച്ച ഓലയിൽ നിന്ന് ഓലപ്പീപ്പി ഉണ്ടാക്കിയതേ നമുക്ക് അറിയാവൂ. എന്നാൽ, ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായ ആലപ്പുഴക്കാരൻ ഡോ.സജി വർഗീസ് പഴുത്തുവീഴുന്ന ഓലയിൽ നിന്ന് പാനീയങ്ങൾ കുടിക്കാനുള്ള സ്ട്രോ ഉണ്ടാക്കി വിദേശത്തേക്ക് അയ്ക്കുകയാണ്. ഒരു ഓലയിൽ നിന്ന് ഇരുന്നൂറ് സ്ട്രോ വരെ ഉണ്ടാക്കാം.

സ്റ്റാർ ഹോട്ടൽ ശൃംഖലകൾക്കൊപ്പം നെതർലാൻഡ്സ് ഉൾപ്പെടെ പത്തോളം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു.

കാസർകോടും

അയൽ സംസ്ഥാനങ്ങളിലുമായി അരഡസനോളം നിർമ്മാണ യൂണിറ്റുകളുള്ള സൺബേർ‌ഡ് സ്ട്രോസ് (Sunbird Straws) സംരംഭം പ്രതിവർഷം മുക്കാൽ കോടിയോളം രൂപയുടെ സ്ട്രോയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുമാണ് കയറ്റുമതി ചെയ്യുന്നത്.

കേരകർഷകർക്കും നൂറിലധികം സ്ത്രീകൾക്കും തൊഴിലും വരുമാനവുമായി.

ഐക്യരാഷ്ട്രസഭയുടെ 'യൂത്ത് ഇക്കോപ്രണർ അവാർഡിന് ' ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്ത ഏക സ്റ്റാർട്ടപ്പായ സൺബേ‌ർഡിന്,​ രാഷ്ട്രപതിയുടെയും കർണാടക സർക്കാരിന്റേയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ഡോ.സജി വർഗീസ് ആലപ്പുഴ വെൺമണി പീടികയിൽ കെ.ജി വർഗീസ് - സാറാമ്മാ വർഗീസ് ദമ്പതികളുടെ മകനാണ്. ബംഗളുരുവിൽ ലക്ചററായ ലിജിയാണ് ഭാര്യ. ലിസ,അർപ്പിത് എന്നിവർ മക്കളാണ്.

ക്യാമ്പസിൽ വീണു കിടന്ന

ഓല തലവര മാറ്റി

ഡോ.സജി വർഗീസ് കാമ്പസിലൂടെ നടക്കവേ,വീണു കിടന്ന ഉണങ്ങിയ തെങ്ങോല ശ്രദ്ധയിൽപ്പെട്ടു. കാരണം ഓലയ്ക്കാലുകൾ സ്ടോ പോലെ ചുരുണ്ടിരുന്നു.കൗതുകം കൊണ്ട് ക്യാമ്പസ് ലാബിൽ കൊടുത്ത് വെള്ളത്തിൽ തിളപ്പിച്ചു. അതിലെ സ്വാഭാവിക മെഴുക് ഈർപ്പം പിടിക്കാതെ സംരക്ഷിക്കുന്നതായി മനസിലായി. പേപ്പർ സ്ടോയും ഇതും വെള്ളത്തിലിട്ടപ്പാേൾ, പേപ്പറിനേക്കാൾ നാലു മണിക്കൂർ കഴിഞ്ഞാണ് ഈർപ്പം പടർന്നത്.

# എട്ടു സ്ത്രീകളെ നിയാേഗിച്ചു സ്ട്രോ നിർമ്മാണം ആരംഭിച്ചു. ഈർക്കിൽ കളയും. മൂന്നു വള്ളികൾ വേണം ഒരു സ്ട്രോ നിർമ്മിക്കാൻ . എൻജിനീയറിംഗ് ബിരുദധാരികളായ ചിരാഗ് എം.ജി, സന്ദീപ്.യു എന്നിവർ വികസിപ്പിച്ച

ഹൈ സ്പീഡ് കൺവെയർ സിസ്റ്റത്തിൽ ഒരു മിനിറ്റിൽ 60 മുതൽ 120 വരെ സ്‌ട്രോകളുണ്ടാക്കാം.

കന്യാകുമാരിയിലെ ഫാമുകളിൽ നിന്ന് തെങ്ങോല ഒന്നിന് 8-10 രൂപനിരക്കിൽ സംഭരിച്ചാണ് നിർമ്മാണം. ഒരു ദിവസം 600 മുതൽ 700 ഓലകൾ വരെ വേണ്ടിവരും. ഒരു സ്ട്രോയ്ക്ക് 3 രൂപയാണ് വില.

മൂല്യവർദ്ധിത

ഉൽപ്പന്നങ്ങൾ

# തെങ്ങോലപ്പേന

ഗുണനിലവാരമില്ലാത്ത സ്ട്രോകൾ തെങ്ങോലപ്പേനയാക്കും.ലോകത്തിലെ ആദ്യ തെങ്ങോലപ്പേനയെന്ന ഖ്യാതിക്കൊപ്പം പ്ലാസ്റ്റിക് പേനയുണ്ടാക്കുന്ന മലിനീകരണം കുറയ്ക്കുകയും ചെയ്യും

# മാജിക് കിച്ചൻ വൈപ്പ്

അടുക്കളയിലെ കറകളും എണ്ണമയവും വൃത്തിയാക്കാം. കഴുകി ഉപയോഗിക്കാവുന്ന വൈപ്പുകൾ ഒരു മാസം വരെ ഈടുനിൽക്കും

# കയർ സ്ക്രബറുകൾ

പൂർണ്ണമായും ഓല നാരുകൾ ഉപയോഗിച്ചുള്ള സ്ക്രബറുകൾ. പാത്രങ്ങളിൽ പോറലുകൾ വീഴ്ത്താതെ കരിയും എണ്ണമയവും എളുപ്പത്തിൽ നീക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA