SignIn
Kerala Kaumudi Online
Thursday, 01 October 2026 1.08 AM IST

സർവെ നമ്പർ തിരുത്തി വ്യാപക ഭൂമി കൈയേറ്റം

READ ENGLISH VERSION
id

തിരുവനന്തപുരം: പട്ടയഭൂമിയുടെ സർവെ നമ്പർ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ തിരുത്താനുള്ള സർക്കാർ അനുമതി മറയാക്കി ഇടുക്കി ജില്ലയിൽ വ്യാപകമായി സർക്കാർ ഭൂമി കൈയേറി മറിച്ചുവിറ്റു. 600ലേറെ കേസുകളാണ് കണ്ടെത്തിയത്. ഭൂമാഫിയയാണ് പിന്നിലെന്ന് സംശയം.

തട്ടിപ്പ് തെളിഞ്ഞതോടെ,​ സർവെ നമ്പർ തിരുത്താമെന്ന് 2017ൽ പുറപ്പെടുവിച്ച സർക്കുലർ റവന്യൂവകുപ്പ് റദ്ദാക്കി. പുനഃപരിശോധിക്കാൻ സെപ്തംബർ 28ന് പുതിയ സർക്കുലർ ഇറക്കി.

ഉടുമ്പൻചോല താലൂക്കിലെ ചിന്നക്കനാൽ വില്ലേജിലും പീരുമേട് താലൂക്കിലെ വാഗമൺ വില്ലേജിലുമാണ് വ്യാപക തട്ടിപ്പ്. ചിന്നക്കനാലിൽ ഒരു പട്ടയത്തിന്റെ മറവിൽ നാല് പ്ളോട്ടുകൾ കൈയേറി മറിച്ചുവിറ്റു. മറ്റു ജില്ലകളിലും സമാന തട്ടിപ്പ് സംശയിക്കുന്നു.

ഇടുക്കിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശാനുസരണം രണ്ടു വർഷം മുൻപ് നിയോഗിച്ച അന്വേഷണ സംഘമാണ് ഭൂമിതട്ടിപ്പ് കണ്ടെത്തിയത്. കൂടുതൽ കേസുകൾ കണ്ടെത്താനും തുടർ നടപടികൾ സ്വീകരിക്കാനും ലാൻഡ് റവന്യൂ കമ്മിഷണർക്കും ജില്ലാ കളക്ടർമാർക്കും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി.

തട്ടിപ്പ് ഇങ്ങനെ

പട്ടയം കിട്ടിയ ഭൂമിയുടെ അതേ അളവിലും രൂപത്തിലും സർക്കാർ ഭൂമി കൈയേറി കൈമാറ്റം ചെയ്യുന്നതാണ് രീതി. യഥാർത്ഥ പട്ടയ ഭൂമിയുടെ സ്കെച്ചാവും ഉപയോഗിക്കുക. ചുറ്റിലും സർക്കാർ ഭൂമി തന്നെയായതിനാൽ അയൽ ഭൂമികളുടെ വിശദാംശം വേണ്ടിവരില്ല. പിന്നീട് പട്ടയ ഫോറത്തിൽ സർവെ നമ്പർ തെറ്റായി രേഖപ്പെടുത്തിയതാണെന്ന് കാട്ടി പുതിയ സർവെ നമ്പർ വാങ്ങും. ഇതോടെ സർക്കാർ ഭൂമി പട്ടയഭൂമിയായി മാറും.

റവന്യൂ സർക്കുലർ മറയാക്കി

2017 ഒക്ടോബർ 30ന് അന്നത്തെ റവന്യൂവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ പുറപ്പെടുവിച്ച സർക്കുലറാണ് ദുരുപയോഗം ചെയ്തത്. കർശന പരിശോധന നടത്തിയും കൃത്യമായ ബോദ്ധ്യത്തിന്റെ അടിസ്ഥാനത്തിലും സർവെ നമ്പരിൽ തിരുത്തലിന് തഹസീൽദാർമാർക്ക് അനുമതി നൽകാമെന്നായിരുന്നു സർക്കുലർ. പട്ടയ വസ്തുവിന്റെ സർവെ നമ്പരും പട്ടയകക്ഷികൾ കൈവശം വച്ചിട്ടുള്ള വസ്തുവിന്റെ യഥാർത്ഥ സർവെ നമ്പരും വ്യത്യസ്തമായി കാണപ്പെടുന്നത് സർവെ സേവനങ്ങൾ ലഭിക്കാൻ തടസമുണ്ടാക്കിയിരുന്നു. ഇതൊഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ലാൻഡ് റവന്യൂ കമ്മിഷണർ അഭ്യർത്ഥിച്ച പ്രകാരമായിരുന്നു സർക്കുലർ.

തിരുത്തിയവയുടെ പട്ടിക

ഉടൻ നൽകണം

1 സർവെ നമ്പർ തിരുത്തി നൽകിയ എല്ലാ കേസുകളുടെയും പട്ടിക ഒരാഴ്ചയ്ക്കകം ജില്ലാ കളക്ടർമാർ ലാൻഡ് റവന്യൂ കമ്മിഷണർ മുഖേന സർക്കാരിന് സമർപ്പിക്കണം

2 അവ അടിയന്തരമായി പുനഃപരിശോധിക്കാൻ ആർ.ഡി.ഒമാരെ ചുമതലപ്പെടുത്തണം. മൂന്ന് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കണം

3 സർവെ നമ്പർ തെറ്റായി രേഖപ്പെടുത്തിയ കേസുകളിൽ പട്ടയം ലഭിച്ചവരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ നിർദേശിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA