
ലീഡ്
സംസ്ഥാനത്ത് പ്രതിവർഷം വിൽക്കുന്നത് 8,500 കോടിയുടെ മരുന്നാണ്. അതിനാൽ മരുന്നു കമ്പനികളുടെ ഇഷ്ടയിടമാണ് കേരളം. വിപണി പിടിക്കാനുള്ള മത്സരത്തിൽ കമ്മിഷൻ ഇടപാടുകളുകളടക്കം യഥേഷ്ടം നടക്കുന്നു. ഗുണനിലവാര പരിശോധനയിൽ പോലും ഒത്തുകളി. 'രോഗികളെ വിഴുങ്ങി മരുന്നുകൊള്ള' പരമ്പര തുടങ്ങുന്നു
............................................
രാജ്യത്തെ ജനസംഖ്യയുടെ മൂന്നു ശതമാനത്തിനു താഴെയാണ് കേരളത്തിലെ ജനസംഖ്യ. എന്നാൽ മരുന്ന് ഉപഭോഗത്തിൽ രാജ്യത്ത് ആകെ വിൽക്കുന്നതിൽ പത്തു ശതമാനത്തോളം കേരളത്തിലാണ്. പ്രതിവർഷം വിൽക്കുന്നത് 8,500 കോടിയുടെ മരുന്ന്. അതുകൊണ്ടുതന്നെ മരുന്ന് കമ്പനികളുടെ ഇഷ്ടയിടമാണ് കേരളം. വിപണി പിടിക്കാനും മത്സരമാണ്. അതിനായി പല ഓഫറുകളും മുന്നോട്ട് വയ്ക്കും. 10 സ്ട്രിപ്പ് ഗുളിക വാങ്ങിയാൽ 20 സ്ട്രിപ്പ് ഫ്രീയായി വിൽപ്പനക്കാർക്ക് നൽകുന്ന മരുന്ന് കമ്പനികൾ വരെയുണ്ട്.
മരുന്നുകൾ വ്യാപകമായി വിറ്രഴിക്കുമ്പോൾ അതിന്റെ ഗുണനിലവാര പരിശോധന പ്രധാനമാണ്. പൊതുവിപണിയിൽ വിൽക്കുന്ന മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കുന്നത് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ വിഭാഗമാണ്. ഇതിനായി സ്വന്തമായി ലാബും സംവിധാനങ്ങളും ഇവർക്കുണ്ട്. എന്നാൽ സർക്കാർ ആശുപത്രികൾക്കുവേണ്ടി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) വാങ്ങുന്ന മരുന്നുകൾ ഡ്രഗ്സ് കൺട്രോളർ വിഭാഗത്തിന്റെ ലാബിൽ പരിശോധിക്കില്ല.
പകരം മറ്റ് ലാബുകളിലാണ് പരിശോധന. അവിടെയാണ് ഒത്തുകളി നടക്കുന്നതും. മരുന്ന് കമ്പനിയുടെ പേര് ഉൾപ്പെടെ നീക്കിയ സാമ്പിളുകളാണ് ലാബുകളിൽ നൽകേണ്ടത്. എന്നാൽ കെ.എം.എസ്.സി.എല്ലിന്റെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിലെ ചില ജീവനക്കാർ ലാബുകളിലേക്ക് അയയ്ക്കുന്ന മരുന്ന് സാമ്പിളുകളിൽ കമ്പനികളുടെ സൂചന നൽകിയിട്ടുണ്ടാകും. ഒത്തുകളിയുടെ ഭാഗമായി പരിശോധന പേരിനു മാത്രമാകും.
ഇടനിലക്കാർക്കും കെ.എം.എസ്.സി.എല്ലുമായി ബന്ധപ്പെട്ട ചിലർക്കുമടക്കം ഇതിന്റെ പ്രതിഫലമായി ലഭിക്കുന്നത് മരുന്നു കമ്പനികളുടെ കമ്മിഷൻ. ഒരു വർഷം 700 കോടിയുടെ മരുന്ന് ഇടപാടിൽ 10 ശതമാനം കമ്മിഷൻ കണക്കാക്കിയാൽ ഇത്തരക്കാരുടെ പോക്കറ്റിൽ എത്തുന്നത് 70 കോടി രൂപ! കള്ളക്കളികൾ പുറത്തുവന്നു തുടങ്ങിയതോടെ കെ.എം.എസ്.സി.എല്ലിലെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിൽ കഴിഞ്ഞ പത്തു വർഷം ജോലി ചെയ്തിരുന്ന ജീവനക്കാരുടെ വരുമാനത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ആലോചനയിലാണ് സർക്കാർ.
പരാതി, പരിശോധന
കെ.എം.എസ്.സി.എൽ വാങ്ങിയ മരുന്നുകളെക്കുറിച്ച് പരാതികളുണ്ടായതിനെ തുടർന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം പരിശോധന നടത്തിയപ്പോഴൊക്കെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ കണ്ടെത്തിയിട്ടുണ്ട്.
2024ൽ തലക്കറക്കത്തിനടക്കമുള്ള 19.9 ലക്ഷം ബീറ്റാഹിസ്റ്റീൻ ഗുളികകളും 2023ൽ 1.39 ലക്ഷം പാന്റോപ്രസോൾ ഗുളികകളും ഗുണനിലവാരമില്ലെന്ന് കണ്ട് പിടിച്ചെടുത്തിരുന്നു.
സർക്കാർ സ്ഥാപനത്തിലും
ഗുണനിലവാരമില്ലാത്തവ
ന്യായവിലയ്ക്ക് മരുന്ന് നിർമ്മിച്ചു നൽകുന്ന സർക്കാർ സ്ഥാപനമാണ് വ്യവസായ വകുപ്പിന് കീഴിലുള്ള ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി). ഒരുകാലത്ത് നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണിത്. എന്നാലിപ്പോൾ അതിന്റെ പ്രവർത്തനം താളംതെറ്റിയെന്നാണ് ആക്ഷേപം. ഇവിടെ നിന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വാങ്ങി വിതരണം ചെയ്ത മരുന്നുകളിലും ഗുണനിലവാരമില്ലാത്തവയുണ്ടെന്ന് 2024ൽ കണ്ടെത്തിയിരുന്നു.
പ്രമേഹത്തിനുള്ള 21.56 ലക്ഷം ഗ്ലിമിപിറൈഡ് ഗുളികയാണ് ഗുണനിലവാരമില്ലെന്നു കണ്ടെത്തി അന്ന് പിടികൂടിയത്. 2022ൽ അമോക്‌സിസിലിൻ ആന്റിബയോട്ടിക്കുകളും ഒരു ലക്ഷം ആസ്പിരിൻ ഗ്യാസ്‌ട്രോ റസിസ്റ്റന്റ് ഗുളികയും ഗുണനിലവാരമില്ലെന്ന് കണ്ട് പിടിച്ചെടുത്തിരുന്നു.
(തുടരും )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |