
തൃശൂർ: തൃശൂർ നഗരത്തിലെ ഒരു വീടിന്റെ മുകളിലൊരു കാറ്റാടി യന്ത്രമുണ്ട് ! 24 മണിക്കൂറും കാറ്റിന്റെ ശക്തിയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. പുഴയ്ക്കൽ എം.എൽ.എ റോഡിലെ വസതിയിൽ സോളാറിന് കൂട്ടായി കാറ്റിനെയും വൈദ്യുതിയാക്കി മാറ്റുകയാണ് ദയ ആശുപത്രി മാനേജിംഗ് ഡയറക്ടർ വി.കെ. അബ്ദുൽ അസീസ്. പത്ത് വർഷം മുൻപ് സോളാർ വച്ചിരുന്നെങ്കിലും കൂടുതൽ വൈദ്യുതി ആവശ്യമായതോടെയാണ് അഞ്ച് കിലോ വാട്ട് വിൻഡ് മിൽ സ്ഥാപിച്ചത്.അഞ്ച് ലക്ഷമാണ് ചെലവായത്. വീട്ടിൽ അഞ്ച് പ്രീമിയം ഇലക്ട്രിക് കാറുകളുണ്ട്.
15 മിനിട്ടിൽ സംഭരണം
മേയ്, ജൂൺ, ജൂലായ്, ഒക്ടോബർ, നവംബർ മാസങ്ങളിൽ കേരളത്തിൽ കാറ്റ് കൂടുതലായതിനാൽ 500 യൂണിറ്റ് വൈദ്യുതിവരെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് അബ്ദുൽ അസീസ് പറയുന്നു. ലിഥിയം ബാറ്ററി കൂടിയുള്ളതിനാൽ 15 മിനിട്ടിൽ സംഭരിക്കാനാകും. അധിക വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡ് ഗ്രിഡിലേക്ക് കൈമാറുന്നതിലൂടെ നിശ്ചിത തുകയും ലഭിക്കുന്നുണ്ട്. മണിക്കൂറിൽ 20 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയാലാണ് വൈദ്യുതി ഉത്പാദനം നടക്കുക. അബ്ദുൾ അസീസിന്റെ വീടിനു മുകളിൽ 24 കിലോമീറ്ററിലേറെ വേഗത്തിൽ കാറ്റുണ്ട്. കാറ്റിന്റെ ദിശമാറുന്നതിനനുസരിച്ച് വിൻഡ്മിൽ ദിശയും മാറും.
സവിശേഷതകൾ
#കാറ്റാടി യന്ത്രങ്ങൾ രാവും പകലും വൈദ്യുതി നൽകും
# വീടിന്റെ ടെറസിലോ മുറ്റത്തോ ഒരു ചെറിയ പോസ്റ്റ് സ്ഥാപിച്ച് ഉറപ്പിക്കാം
#1 കെ.ഡബ്ല്യു വരെയുള്ള ചെറിയ സിസ്റ്റങ്ങൾക്ക് ബാറ്ററിയും ഇൻവെർട്ടറും അടക്കം 45,000 മുതൽ 1,50,0000 വരെ ചെലവ്
#ഹൈബ്രിഡ് സിസ്റ്റം: സോളാർ പാനലുകളും കാറ്റാടിയും ഒരുമിച്ച് കണക്ട് ചെയ്ത് ഉപയോഗിക്കാം
രണ്ട് തരത്തിലുള്ളവ
#വെർട്ടിക്കൽ ആക്‌സിസ്: കുത്തനെ കറങ്ങുന്ന കാറ്റാടികൾ. വീടുകൾക്ക് അനുയോജ്യം. ഏത് ദിശയിലെ കാറ്റിലും ഇവ കറങ്ങും.
#ഹൊറിസോണ്ടൽ ആക്‌സിസ്: സാധാരണ ഫാനുകളുടെ ഘടനയുള്ളവ. ഇതിന് കൂടുതൽ കാറ്റ് വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |