SignIn
Kerala Kaumudi Online
Sunday, 08 November 2026 2.15 AM IST

പെരിങ്ങോട്ടുകര ഗവ. സ്കൂളിന് ഇനി ദാക്ഷായണി വേലായുധന്റെ പേര്

peringottukra
പെരിങ്ങോട്ടുകര ഗവ.ഹയർ സെക്കഡറി സ്‌കൂൾ

തൃശൂർ: 1935ൽ പെരിങ്ങോട്ടുകര ഗവ. സ്കൂളിൽ അദ്ധ്യാപക ജോലിയിൽ പ്രവേശിക്കാനെത്തിയ ദാക്ഷായണിയെ ജാതിയുടെ പേരിൽ പ്രധാന അദ്ധ്യാപകൻ അകറ്റിനിറുത്തി. ക്ലാസിലെത്തിയപ്പോൾ പുലയ ടീച്ചറെന്ന് വിളിച്ച് കുട്ടികളും അവഹേളിച്ചു...​ എന്നാൽ ഇനി മുതൽ ആ സ്കൂൾ അറിയപ്പെടാൻ പോകുന്നത് ആതേ അദ്ധ്യാപികയുടെ പേരിൽ. 'ദാക്ഷായണി വേലായുധൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ'. രാജ്യത്തെ ആദ്യ ദളിത് വനിതാ ബിരുദധാരിയാണ് ദാക്ഷായണി വേലായുധൻ. ഭരണഘടന നിയമനിർമ്മാണ സഭയിലെ പതിനഞ്ചംഗ വനിതകളിലെ പിന്നാക്ക വിഭാഗത്തിൽനിന്നുള്ള ആദ്യ അംഗമായതും ചരിത്രം. സ്കൂളിന്റെ പേരുമാറ്റ നടപടികൾ പൂർത്തിയായെങ്കിലും ഡിസംബറിൽ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിലാകും ഔദ്യോഗിക പ്രഖ്യാപനം. ജില്ലാ പഞ്ചായത്തംഗം കെ.പി.സന്ദീപാണ് വിഷയം ജില്ലാ പഞ്ചായത്ത് യോഗത്തിൽ അവതരിപ്പിച്ചത്. ജില്ലാ വിദ്യഭ്യാസ ഉപഡയറക്ടർ ടി. ഷൈലയാണ് പേരുമാറ്റ ഉത്തരവിറക്കിയത്.

പ്രധാനമന്ത്രിയുടെ പരാമർശവും

ജാതീയത കൊടികുത്തി വാണിരുന്ന കാലത്ത് പെരിങ്ങോട്ടുകരയിലെത്തിയ ദാക്ഷായണിക്ക് നേരിടേണ്ടി വന്ന ക്രൂരതകൾ ചെറുതല്ല. അടുത്തുള്ള കുളത്തിൽ നിന്ന് പോലും വെള്ളമെടുക്കാൻ അനുവാദമില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദാക്ഷായണി വേലായുധന്റെ പേരും പരാമർശിച്ചിരുന്നു. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണത്തിൽ സ്ത്രീശക്തി വഹിച്ച നിർണായക പങ്കിനെക്കുറിച്ച് സംസാരിക്കവെയായിരുന്നു പരാമർശം.

ദാക്ഷായണി വേലായുധൻ

1912 ജൂലായ് നാലിന് എറണാകുളം മുളവുകാട് ദ്വീപിൽ ജനനം. മുളവുകാട് സെന്റ് മേരീസ് എൽ.പി.എസിലും പച്ചാളം ചാത്ത്യാത്ത് എൽ.എം.സി ഗേൾസ് സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം. പട്ടികജാതി വിഭാഗത്തിൽ നിന്ന് ആദ്യമായി മെട്രിക്കുലേഷൻ പാസായി. കൊച്ചി രാജ്യത്തെ അയിത്ത ജാതിക്കാരിൽ നിന്ന് ഇ.എസ്.എസ്.എൽ.സി പരീക്ഷ പാസായ ആദ്യ വനിത. 1978 ജൂലായ് 20നാണ് അന്തരിച്ചത്.

ജില്ലാ പഞ്ചായത്ത് നിറവേറ്റിയത് ചരിത്രപരമായ ദൗത്യമാണ്.
മേരി തോമസ്,

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA