തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മദ്യപിച്ച് വാഹമോടിക്കുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാനാണ് നീക്കം. വിഷയത്തിൽ ഗതാഗതമന്ത്രിയുമായി പൊലീസ് ഉന്നതതല ചർച്ചകൾ നടത്തിവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ഉടൻ അന്തിമതീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
'റോഡുകളിലൂടെ നടന്നുപോകുന്ന സാധാരണക്കാരായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കാനായി പൊലീസിന്റെ നേതൃത്വത്തിൽ ജനങ്ങൾക്ക് ട്രാഫിക് പരിശീലനവും ബോധവൽക്കരണവും നൽകിവരുന്നുണ്ട്. മദ്യപിച്ച് വാഹനമോടിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ഒരു തരത്തിലുള്ള ആനുകൂല്യവും പൊലീസ് നൽകില്ല. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി പരിശോധനകൾ കടുപ്പിക്കും. രാത്രികാലങ്ങളിൽ സംസ്ഥാനത്തുടനീളം പൊലീസിന്റെ പ്രത്യേക കോംബിംഗ് പരിശോധനകൾ ഉണ്ടാകും. നിലവിൽ 17,000ത്തിലധികം പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
സ്വകാര്യബസുകളുടെ അമിതവേഗതയും റോഡുകളിലെ മത്സര ഓട്ടവും ഒരിക്കലും അനുവദിക്കില്ല. കാൽനട യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് കർശനമായി തടയും. ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്. ഓപ്പറേഷൻ തൂഫാന്റെ മാതൃകയിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെയും പൊലീസ് ശക്തമായ നടപടികൾ തുടരും.'
അതേസമയം, ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ 'തൂഫാൻ കെയർ' ഈ മാസം 16ന് ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. ലഹരിക്ക് അടിമപ്പെട്ടവരെ പുനഃരധിവസിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് ഇതിന്റെ ലക്ഷ്യം. ഇതിനായി 35-ഓളം ആശുപത്രികൾ സഹകരിക്കാൻ തയാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ ആശുപത്രി പ്രതിനിധികളുടെ യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർക്കും. പൊലീസ് ഡി-അഡിക്ഷൻ സെന്ററുകൾ വഴി നിരവധി പേരെ ഇതിനകം സാധാരണ ജീവിതത്തിലേക്ക് തിരികെ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറ ലഹരിക്ക് അടിമപ്പെടുന്നത് തടയാൻ പ്രത്യേക കർമപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്നും ആഭ്യന്തരമന്ത്രി അറിയിച്ചു.
Kerala Home Minister Ramesh Chennithala said strict action will be taken against traffic violators. The government is considering cancelling the driving licences of those caught driving under the influence of alcohol. A final decision is expected soon after discussions with senior police officials and the Transport Minister.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |