അരി വ്യാപാരികളും മില്ലുകാരും
സ്റ്റോക്ക് വിവരം അറിയിക്കണം
കേരളത്തിനടക്കം സ്റ്റോക്ക്
പരിധി നിശ്ചയിക്കാം
ന്യൂഡൽഹി/ തിരുവനന്തപുരം: ദക്ഷിണേന്ത്യയിലടക്കം അരി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പൂഴ്ത്തിവയ്പ്പും കൃത്രിമ ക്ഷാമവും തടയാൻ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം. മഴ കിട്ടാത്തതിനാൽ കൃഷി മുടങ്ങിയെന്ന വ്യാജ പ്രചാരണം നടത്തി കേരളത്തിലടക്കം അരി വില ഉയർത്തിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ
സ്റ്റോക്കു വിവരം ആഴ്ചതോറും അറിയിക്കാൻ
അരി വ്യാപാരികൾ, റീട്ടെയിൽ ശൃംഖലകൾ, മില്ലുടമകൾ എന്നിവർക്ക് കേന്ദ്രം കർശന നിർദേശം നൽകി. ഇവരുടെ പക്കലുള്ള അരിയുടെയും നെല്ലിന്റെയും സ്റ്റോക്ക് പരിധി നിശ്ചയിക്കാൻ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്ക് അധികാരവും നൽകി.
കേന്ദ്ര ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ സ്റ്റോക്ക് പോർട്ടലിൽ എല്ലാ വെള്ളിയാഴ്ചയും സ്റ്റോക്കിന്റെ അളവ് അരിവ്യാപാരികൾ മുതൽ മില്ളുടമകൾ വരെ പുതുക്കണം. അരിയുടെയും നെല്ലിന്റെയും ശേഖരം പ്രത്യേകം രേഖപ്പെടുത്തണം. നിർദേശം പാലിക്കാത്തവർ അവശ്യസാധന നിയമപ്രകാരം നടപടി നേരിടേണ്ടിവരും. പിഴയും ചുമത്തും.
ജനുവരി 31 വരെയാണ് ഇതു ബാധകം. വിപണി സാഹചര്യം വിലയിരുത്തി സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയോ മാറ്റുകയോ ചെയ്യാം.
ഓപ്പൺ മാർക്കറ്റിൽ
50 ലക്ഷം ടൺ
അരി ലഭ്യത ഉറപ്പാക്കാൻ ഭാരത് റൈസ് വില്പന കൂട്ടും. ഇതടക്കം ഓപ്പൺ മാർക്കറ്റിൽ എത്തുന്ന അരിയുടെ അളവ് 25 ലക്ഷം ടണ്ണിൽ നിന്ന് 50 ലക്ഷമായി ഉയർത്തും
സ്റ്റോക്ക് നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയും വിതരണം മെച്ചപ്പെടുത്തിയും വിലക്കയറ്റത്തിന് കടിഞ്ഞാണിടാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ
എൽനിനോയെ ചാരി
വ്യാജ പ്രചാരണം
ആന്ധ്ര, തെലങ്കാന, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിൽ കാലവർഷം കുറവായിരുന്നു.
എൽനിനോയുടെ സാഹചര്യത്തിൽ പരമാവധി ജലം സംരക്ഷിക്കണമെന്ന് തെലങ്കാന മുഖ്യമന്ത്രി കർഷകരോടഭ്യർത്ഥിച്ചിരുന്നു.
# ഒക്ടോബറിൽ മഴ കുറയുകയാണെങ്കിൽ കൃഷിയിൽ കുറവു വരുത്താൻ ആന്ധ്രയിലെ ചില കർഷക കൂട്ടായ്മകളും തീരുമാനിച്ചിരുന്നു. ഒക്ടോബർ പകുതിയിൽ മഴ ശക്തമായതോടെ തീരുമാനം മാറ്റി. കൃഷിയുമിറക്കി. ഇതു മറച്ചുവച്ചാണ് അരിലോബിയുടെ വില കൂട്ടൽ തന്ത്രം.
# കേരളത്തിൽ രണ്ടു മാസം മുമ്പു വരെ മൊത്ത വിപണിയിൽ കിലോഗ്രാമിന് 60 രൂപയായിരുന്ന മസൂരി അരി 90ലെത്തി. 75 രൂപ വിലയുണ്ടായിരുന്ന പൊന്നിക്കും 90 രൂപയായി. ആന്ധ്രയിൽ 70 രൂപയാണ് ഇവയ്ക്ക് വില. തെലങ്കാനയിൽ 74 രൂപയും. മറ്റിനങ്ങൾ 34 രൂപയ്ക്ക് മുതൽ ലഭ്യമാണ്. തമിഴ്നാട്ടിൽ അരി വില 42 മുതലാണ്.
അരിവില ഇന്നലെ
(ചാല മാർക്കറ്റ്)
ഇനം, ഹോൾസെയിൽ, ചില്ലറ വിപണി
സുരേഖ ------ 51.50----- 56.50
ജയ ------ 45-47------- 50-52.50
മട്ട വടി ----- 57----------- 63-65
റോസ് വടി ------ 57------ 63
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |