
തിരുവനന്തപുരം: വിവാദങ്ങളും സബ്സിഡി ഉൾപ്പെടെയുള്ള പ്രോത്സാഹനങ്ങളും അവസാനിച്ചതോടെ, ഒരു യൂണിറ്റിൽ നിന്ന് 28 ദിവസത്തിലൊരിക്കൽ 64,000 രൂപ വരെ വരുമാനം ലഭിക്കുന്ന പട്ടുനൂൽ വ്യവസായം തകർച്ചയുടെ വക്കിൽ. ശേഷിക്കുന്നത് പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ മാത്രം. ഉത്പാദിപ്പിക്കുന്ന കൊക്കൂൺ വിൽക്കാനോ, കോയമ്പത്തൂർ, മൈസൂർ എന്നിവിടങ്ങളിലെ വിപണികളെ ആശ്രയിക്കണം. സംരംഭകർക്കായി മുതൽമുടക്കിന്റെ 50% കേന്ദ്ര സർക്കാരും 25% സംസ്ഥാനവും സബ്സിഡി നൽകിയിരുന്നു. എന്നാൽ, ഇതു വാങ്ങി കൃഷി പാതിവഴിയിൽ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതോടെ സബ്സിഡിയും നിറുത്തി. പ്രോത്സാഹിപ്പിക്കാൻ മറ്റുനടപടികളുണ്ടായില്ല. ഖാദി ബോർഡിന്റെ ചുമതലയിൽ ആരംഭിച്ച പട്ടുനൂൽ പുഴുവളർത്തൽ സെറിഫെഡിന്റെ നേതൃത്വത്തിലേക്ക് മാറിയതോടെ ക്രമക്കേടും അനധികൃതനിയമന വിവാദങ്ങളും ഉയർന്നു. ഒടുവിൽ സെറിഫെഡിലെ ജീവനക്കാരെ ഗ്രാമ വികസന വകുപ്പിലും തദ്ദേശ വകുപ്പിലും പുനർ വിന്യസിച്ചു. അതോടെ ഈ മേഖല അസ്തമിച്ചു. കൊക്കൂണിൽ നിന്ന് പട്ടുനൂൽ ഉത്പാദിപ്പിച്ചിരുന്ന ആലപ്പുഴ പട്ടണക്കാട്ടെ ഫാക്ടറി പൂട്ടിയിട്ട് വർഷങ്ങളായി. അങ്കമാലി ടെക്നിക്കൽ യൂണിറ്റും പാലക്കാട് വീവിംഗ് യൂണിറ്റും പ്രവർത്തനം നിറുത്തി.
നിരവധിപേർക്ക് തൊഴിലാകും
കൃഷി, ഗ്രാമവികസന വകുപ്പിന് കീഴിൽ പ്രത്യേക ഉപവകുപ്പ് ആരംഭിച്ച് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പദ്ധതി ആവിഷ്കരിച്ചാൽ ഈ മേഖലയിൽ നിരവധി പേർക്ക് തൊഴിലും വരുമാനവും ലഭിക്കും. സ്ത്രീസംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കാം.
ഒരു കൃഷി യൂണിറ്റ്
ഒരു ഏക്കറിൽ 5,000 മൾബറി ചെടികൾ.
പുഴുക്കളെ വളർത്താൻ 800 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഷെഡും അനുബന്ധ സൗകര്യങ്ങളും.
100 മുട്ടയിൽ നിന്ന് 40,000- 50,000 പുഴുക്കൾ. (ഒരു മുട്ടയിൽ 400-500 ലാർവകൾ)
28 ദിവസത്തിനുള്ളിൽ 70-80 കിലോ കൊക്കൂൺ ലഭിക്കും. ഒരു കിലോയ്ക്ക് 700-800 രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |