SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.19 AM IST

മസ്റ്ററിംഗ് പറ്റുന്നില്ല, തൊഴിലുറപ്പ് പണി മുടങ്ങി; പാതി തുറന്ന കണ്ണ് തിരിച്ചറിയാതെ ആപ്പ്!

j
സുനി കുട്ടൻ മാതാപിതാക്കളായ കൃഷ്ണൻകുട്ടിയുടെയും രാജമ്മയോടും ഒപ്പം

മുളന്തുരുത്തി:ജന്മനാൽ പാതി മാത്രം തുറക്കുന്ന കണ്ണുകൊണ്ട് സുനിക്കുട്ടന് എല്ലാം കാണാം; പണിയെടുക്കാം. പക്ഷേ തൊഴിലുറപ്പ് പദ്ധതിയുടെ ആപ്പിന് ആളെ തിരിച്ചറിയാനാകുന്നില്ല!

പാതിതുറന്ന കണ്ണുകൾ മസ്റ്ററിംഗിനുള്ള എൻ.എം.എം.എസ് മൊബൈൽആപ്പിന്റെ തിരിച്ചറിയൽ സംവിധാനത്തിന് തടസമായതോടെ വരുമാനമില്ലാതെ വഴിമുട്ടുകയാണ് സുനിക്കുട്ടൻറെ ജീവിതം. ആധാർ ഉൾപ്പെടെയുള്ള രേഖകൾ പുതുക്കി കെ.വൈ.സി നൽകിയിട്ടും പ്രശ്നപരിഹാരമായില്ല.

റബർ തോട്ടങ്ങളിൽ പാൽശേഖരണമായിരുന്നു മുളന്തുരുത്തി വ്യാഴപ്പിള്ളിൽ സുനിക്കുട്ടന്(45) മുൻപ് ഉപജീവനമാർഗം. അതുനിലച്ചപ്പോഴാണ് തൊഴിലുറപ്പ് പദ്ധതി ആശ്രയമായത്. മസ്റ്റർ റോളിൽ ഒപ്പിട്ട് ഏറെക്കാലം ജോലി ചെയ്തു. ഈ വർഷം ഡിജിറ്റൽ ഹാജർ സംവിധാനം വന്നതോടെയാണ് പണിപാളിയത്. കണ്ണിന്റെ ജന്മനാലുള്ള പ്രത്യേകത കാരണം ഡിജിറ്റൽ ഹാജർ രേഖപ്പെടുത്തുമ്പോൾ ഫോട്ടോ പതിയുന്നില്ല.

മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ എട്ടാംവാർഡിലെ താമസക്കാരനാണ് പട്ടികജാതിവിഭാഗക്കാരനായ സുനിക്കുട്ടൻ.

ഒറ്റമുറി വീട്ടിൽ...

ഇടുങ്ങിയ നടവഴി മാത്രമുള്ള 26സെന്റ് സ്ഥലത്ത് ഏതുനിമിഷവും തകർന്നുവീഴാവുന്ന, തകരഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്. സുനിക്കുട്ടനും അച്ഛൻ കൃഷ്ണൻകുട്ടിയും അമ്മ രാജമ്മയും സഹോദരൻ സുധീഷുമെല്ലാം ആ വീട്ടിലാണ്. ഒരു സഹോദരിയുടെ വിവാഹം കഴിഞ്ഞു. സുധീഷ് പെയിന്റിംഗിന് പോകുന്നുണ്ട്. ആ വരുമാനമാണ് പ്രധാനആശ്രയം. സംസാരത്തിലുളള വെെകല്യവും കണ്ണിന്റെയും പരിമിതിയും കാരണം ലഭിക്കുന്ന വികലാംഗപെൻഷനാണ് സുനിക്കുട്ടൻറെ ഏകവരുമാനം.

പ്രായമായ അച്ഛനെയും അമ്മയെയും സംരക്ഷിക്കാൻ തൊഴിലുറപ്പ് ജോലിയെടുക്കണമെന്നാണ് ആഗ്രഹം.

പ്രശ്നം ആരെങ്കിലും പ്രധാനമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചാൽ പരിഹാരമുണ്ടാകുമെന്നാണ് വിശ്വാസം.

-സുനിക്കുട്ടൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA