കൊച്ചി: യൂത്ത് ലീഗ് റാലിക്കിടെ കൊച്ചിയിൽ ഗതാഗത തടസമുണ്ടായ സംഭവത്തിൽ കേസെടുത്ത പൊലീസ് നടപടിയിൽ പ്രതികരിച്ച് യൂത്ത് ലീഗ് നേതാക്കൾ. മുനവ്വറലി തങ്ങളും പികെ ഫിറോസും ഉൾപ്പെടെ രണ്ടായിരത്തോളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കേസ് തങ്ങൾക്ക് പുത്തരിയല്ലെന്നും സംഭവത്തിലെ സത്യം വ്യക്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും യൂത്ത് ലീഗ് നേതാവ് ടി പി എം ജിഷാൻ ഫേസ്‌ബുക്കിൽ കുറിച്ചു.
കലൂർ സ്റ്റേഡിയം പരിസരത്തുനിന്ന് റാലി ആരംഭിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പൊലീസ് കമ്മീഷണറുടെ അടിയന്തര അഭ്യർത്ഥന മാനിച്ചാണ് വഴി മാറ്റിയതെന്നും അദ്ദേഹം കുറിച്ചു. നേതാക്കളുമായി കമ്മീഷണർ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ബോൾഗാട്ടിയിൽനിന്ന് റാലി തുടങ്ങിയാൽ ബ്ലോക്കില്ലാതെ കാര്യങ്ങൾ നിയന്ത്രിക്കാമെന്ന് പൊലീസ് അറിയിച്ചത്. ആവശ്യത്തിന് സേനയെ വിന്യസിച്ച് ഗതാഗതം നിയന്ത്രിക്കാമെന്ന് പൊലീസ് നൽകിയ ഉറപ്പിന്മേലാണ് റാലി ബോൾഗാട്ടിയിലേക്ക് മാറ്റിയതെന്നും എന്നിട്ടും ഗതാഗത തടസം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം പൊലീസിനാണെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
കേസ് ഞങ്ങൾക്ക് പുത്തരിയല്ല. എന്നാലും ഈ വാർത്ത വന്നതിനുശേഷം ഒരു സത്യം പറയണം എന്ന് ആഗ്രഹിക്കുന്നു. ജാഥ ആദ്യം തീരുമാനിച്ചിട്ടുണ്ടായിരുന്നത്. കല്ലൂർ സ്റ്റേഡിയം പരിസരത്തു നിന്ന് ആരംഭിക്കാൻ ആയിരുന്നു.. അതനുസരിച്ച് പ്രവർത്തകരെ വിവരം അറിയിച്ചു. റാലി തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കമ്മീഷണർ അടിയന്തര മീറ്റിംഗ് വിളിക്കുന്നു.
ഫിഷറീസ് വകുപ്പ് മന്ത്രി ഗഫൂർ സാഹിബും, അഡ്വ ഹാരിസ് ബീരാൻ എംപിയും, ജനറൽ സെക്രട്ടറി പി കെ ഫിറോസും, മുൻ എംഎൽഎ ഹമീദ് മാഷും, വൈറ്റ് ഗാർഡ് സംസ്ഥാന കോഡിനേറ്റർ ഫൈസൽ തങ്ങളോടൊപ്പം യോഗം ചേർന്നു. കമ്മീഷണറുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മാത്രമാണ് നേരത്തെ നിശ്ചയിച്ച റൂട്ടിൽ നിന്നും റാലി മാറ്റിയത്... ബോൾഗാട്ടിയിൽ നിന്ന് റാലി ആരംഭിച്ചാൽ ബ്ലോക്കില്ലാതെ പോലീസിന് നിയന്ത്രിക്കാൻ സാധിക്കും എന്ന് കമ്മീഷണർ അറിയിച്ചു.
വേണ്ടത്ര പോലീസ് ഫോഴ്‌സിനെ അയച്ചോളാം എന്നും ഗതാഗതം നിയന്ത്രിച്ചോളാം എന്നും കമ്മീഷണർ വാക്കു നൽകി. അതനുസരിച്ച് മണിക്കൂറുകൾക്കു മുമ്പേ പ്രവർത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരമറിയിച്ചു. പ്രവർത്തകർ ബസിന്റെ റൂട്ടിൽ മാറ്റങ്ങൾ വരുത്തി. ഓരോ ജംഗ്ഷനിലും ഞങ്ങളുടെ വൈറ്റ് ഗാർഡ് അംഗങ്ങൾ പരമാവധി ബ്ലോക്കില്ലാതെ നിയന്ത്രിക്കാൻ വേണ്ടി പരിശ്രമിച്ചു.
എന്നിട്ടും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ തെറ്റല്ല. ഞങ്ങൾക്ക് പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ റാലി നടത്താനാണ് മുൻകൂട്ടി അനുവാദം എടുത്തിട്ടുണ്ടായിരുന്നുത്. ഉത്തരവാദിത്വം നിറവേറ്റേണ്ടത് പോലീസിന്റെ കടമയാണ്. ഇത് കേവലം ഒരു സമ്മേളനം മാത്രമായിരുന്നില്ല ജന്തർമന്തർ നഗർ എന്നാണ് നമ്മൾ ഈ വേദിയെ പേരിട്ടുണ്ടായിരുന്നുത്.. വോട്ടവകാശത്തെ കൊലപ്പെടുത്തി. ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള പോരാട്ട പാത കൂടിയായിരുന്നു ഇത്. നിയമം നിയമത്തിന്റെ വഴിക്ക്. സമരവും സമ്മേളനവും അതിന്റെ വഴിക്ക്.
Youth League leaders blamed the police for traffic congestion during their Kochi rally, claiming the route was changed at the police commissioner's request.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |