SignIn
Kerala Kaumudi Online
Saturday, 13 June 2026 9.17 PM IST

മാങ്ങയ്ക്കും തണ്ണിമത്തനും വില കുറഞ്ഞു, പക്ഷേ മലയാളിയുടെ അടുക്കളയിൽ ആ ഒരു സാധനത്തിന് ഇനി ഡിമാൻഡ് കൂടും

inflation

തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ വിപണിയിലും സാധാരണക്കാരന്റെ അടുക്കളയിലും വൻ പ്രതിസന്ധി. രാജ്യത്തെ വിലക്കയറ്റത്തോത് മേയ് മാസം 3.93 ശതമാനമായി ഉയർന്നപ്പോൾ, കേരളത്തിൽ ഇത് 4.3 ശതമാനമായി കുതിച്ചുയർന്നു. തൊട്ടുമുൻപത്തെ മാസങ്ങളിൽ 3.48ശതമാനം, 3.77ശതമാനം എന്നിങ്ങനെയായിരുന്നു കണക്ക്.

ഇന്ധനവിലയിലുണ്ടായ വർദ്ധനവാണ് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിന് പ്രധാന കാരണം. റിസർവ് ബാങ്ക് നിശ്ചയിച്ചിട്ടുള്ള നാല് ശതമാനമെന്ന പരിധിയും മറികടന്നാണ് നിലവിലെ കുതിപ്പ്. ദേശീയതലത്തിൽ വിലക്കയറ്റത്തിൽ കേരളം ആറാം സ്ഥാനത്താണ്. തെലങ്കാന (6.16ശതമാനം), തമിഴ്നാട് (5.11ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് ആദ്യ സ്ഥാനങ്ങളിൽ.

ഭക്ഷ്യവിലക്കയറ്റം 4.2 ശതമാനത്തിൽ നിന്ന് 4.78 ശതമാനമായി ഉയർന്നതോടെ കുടുംബങ്ങളുടെ നിത്യചെലവുകളെ സാരമായി ബാധിച്ചിട്ടുണ്ട്. ജനുവരി മാസത്തെ അപേക്ഷിച്ച് മേയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വില കൂടിയത് നാരങ്ങയ്ക്കാണ് (106ശതമാനം). ഏപ്രിലിലെ കനത്ത ചൂടും ഇതിന് ആക്കം കൂട്ടി. ഇഞ്ചി (44ശതമാനം), ബീൻസ് (36ശതമാനം), ഉണക്കമുളക് (20ശതമാനം), തക്കാളി (15.4ശതമാനം) എന്നിവയുടെ വിലവർദ്ധനവ് നിത്യേനയുള്ള പാചകച്ചെലവ് ഇരട്ടിയാക്കി. എൽപിജി വിലയിലുണ്ടായ 3.5ശതമാനം വർദ്ധനവും സാധാരണക്കാരന്റെ അടുക്കളകൾക്ക് അധികഭാരമാവുകയാണ്.

lemon

പെട്രോൾ, ഡീസൽ വിലയിലുണ്ടായ മൂന്ന് ശതമാനം വർദ്ധനവ് ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെയും പൊതുഗതാഗതത്തെ ആശ്രയിക്കുന്നവരെയും ബാധിക്കും. ഇന്ധനവില കൂടമ്പോൾ മറ്റ് നിത്യോപയോഗ സാധനങ്ങളുടെ കടത്തുകൂലിയും വർദ്ധിക്കും എന്നത് ഇതിന്റെ ആഘാതം കൂട്ടുന്നു. സ്വർണത്തിന്റെ വിലയിലുണ്ടായ ഒമ്പത് ശതമാനം വർദ്ധനവ് വിവാഹ ആവശ്യങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കും. സ്വർണം വാങ്ങാൻ സാധാരണക്കാർ ഇനി കൂടുതൽ പണം കണ്ടെത്തേണ്ടി വരും.

ഇഞ്ചി, തക്കാളി, ബീൻസ് തുടങ്ങിയ പച്ചക്കറികളുടെ വിലക്കയറ്റവും എൽപിജി നിരക്ക് വർദ്ധനവും ചെറുകിട ഹോട്ടലുടമകളുടെ ലാഭവിഹിതം കുറയ്ക്കും. വില കൂട്ടിയാൽ ഉപഭോക്താക്കൾ കുറയുമെന്നതിനാൽ പലരും കനത്ത നഷ്ടത്തിലാണ് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നത്.

വിലക്കയറ്റത്തിന്റെ പൊള്ളലിനിടയലും നേരിയ ആശ്വാസം നൽകുന്നത് സീസണൽ പഴങ്ങളുടെ വിലക്കുറവാണ്. വിപണിയിൽ മാങ്ങയുടെ വിലയിൽ 37 ശതമാനവും തണ്ണിമത്തന്റെ വിലയിൽ 26 ശതമാനവും കുറവുണ്ടായത് സാധാരണക്കാരായ ഉപഭോക്താക്കൾക്കും വഴിയോര ചെറുകിട വ്യാപാരികൾക്കും ഒരുപോലെ ആശ്വാസമാണ് . അതേസമയം, വാഴപ്പഴത്തിന്റെ വിലയിൽ എട്ട് ശതമാനം വർദ്ധവുണ്ടായത് കർഷകർക്ക് നേരിയ വരുമാന വർദ്ധനവിന് കാരണമായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFLATION, LEMON, LATESTNEWS, PRICE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA