SignIn
Kerala Kaumudi Online
Friday, 11 September 2026 11.46 PM IST

സംസ്ഥാനത്തെ വൈദ്യുതി കൂടുതൽ കുടിക്കുന്നത് വീടുകളിലെ ഒരേയൊരു ഉപകരണം, സെസ് കൂട്ടിയേക്കും

home

തിരുവനന്തപുരം: വേനൽക്കാല ഉപഭോഗം വർദ്ധിച്ചതോടെ കെ.എസ്.ഇ.ബി പുറമേനിന്ന് ഉയർന്ന വിലയ്ക്ക് വാങ്ങുന്ന വൈദ്യുതിയുടെ അളവ് വൻതോതിൽ ഉയർന്നു. പ്രതിദിനം 4 മുതൽ 6 കോടി രൂപവരെയാണ് അധികച്ചെലവ്.ഇത് സെസായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ടിവരും. അത് ഒഴിവാക്കാൻ പൊതുജനങ്ങൾ വൈദ്യുതി ഉപഭാേഗം കുറയ്ക്കണം.

നിലവിൽ യൂണിറ്റിന് 19 പൈസ സെസായി ഈടാക്കുന്നുണ്ട്.പ്രതിമാസം 87കോടിയോളം രൂപയ്ക്ക് പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ടിവന്നതിന്റെ ചെലവാണിത്. പുതിയ സാഹചര്യത്തിൽ സെസ് 45 പൈസയായി വർദ്ധിപ്പിക്കേണ്ടിവരുമെന്നാണ് സൂചന.ഇതിനുള്ള അനുമതിക്കായി വൈദ്യുതി റെഗുലേറ്ററി കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി . ഫെബ്രുവരിയിൽ സാധാരണ എട്ടരക്കോടി യൂണിറ്റ് വൈദ്യുതിയാണ് ചെലവാകുക. ഇക്കുറി അത് 9.2 മുതൽ 9.5കോടി വരെ എത്തിയിരിക്കുകയാണ്.

ഇതിൽ 2.2 കോടി യൂണിറ്റ് ജലവൈദ്യുതിയായി കേരളത്തിൽ ഉത്പാദിപ്പിക്കുന്നുണ്ട്. 2.8 കോടി കേന്ദ്രഗ്രിഡിൽ നിന്ന് തരും. 3 കോടി അന്തർസംസ്ഥാന കരാറുകളിലൂടെ കിട്ടും. ബാക്കി 1.2 കോടി യൂണിറ്റാണ് പുറമെ നിന്ന് വാങ്ങേണ്ടിവരുന്നത്.

ചൂട് കൂടുന്നതിന് അനുസരിച്ച് ദിവസം 90ലക്ഷം മുതൽ 1.4കോടി വരെ യൂണിറ്റ് വൈദ്യുതി അധികം വേണ്ടിവരും. ഇത് ദേശീയതലത്തിലുള്ള ഹൈപ്രൈസ് പവർ മാർക്കറ്റിൽ നിന്ന് യൂണിറ്റിന് 15 മുതൽ 22രൂപ വരെ വിലയ്ക്കാണ് വാങ്ങുന്നത്. സംസ്ഥാനത്ത് വൈദ്യുതി വിൽക്കുന്നത് ശരാശരി യൂണിറ്റിന് 6.10രൂപയ്ക്കാണ്.നവംബർ 2ലാണ് യൂണിറ്റ് 20പൈസ കൂട്ടിക്കൊണ്ട് വൈദ്യുതിനിരക്ക് പരിഷ്കരിച്ചത്.

ദിവസം 75ലക്ഷം യൂണിറ്റ് വൈദ്യുതി ദീർഘകാല കരാർ പ്രകാരം സ്വകാര്യ കമ്പനികളിൽ നിന്ന് കിട്ടേണ്ടതായിരുന്നു. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കഴിഞ്ഞ മേയിൽ റദ്ദാക്കിയ ഈ കരാറുകൾ സർക്കാർ ഇടപെട്ട് പുനഃസ്ഥാപിച്ചെങ്കിലും കമ്പനികൾ താത്പര്യം കാട്ടുന്നില്ല.ഈ വൈദ്യുതി കിട്ടാൻ അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് കെ.എസ്.ഇ.ബി. മാർച്ച് 5നാണ് പരാതി പരിഗണിക്കുന്നത്. 465 മെഗാവാട്ടിന്റേതാണ് നാല് ദീർഘകാല കരാറുകൾ.

ഡാമുകളിൽ നീരൊഴുക്കില്ല

അണക്കെട്ടുകളിൽ വെള്ളത്തിന്റെ അളവ് മുൻവർഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ട്.നിലവിൽ 55% വെള്ളമുണ്ട്.നീരൊഴുക്കില്ല. ഈ വെള്ളം ഉപയോഗിച്ച് അടുത്ത മൂന്നു മാസത്തേക്ക് പരമാവധി 240 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. ഉപഭോഗം കണക്കിലെടുത്ത് ഉത്പാദനം 1.6 കോടിയിൽ നിന്ന് 2.2 കോടിയായി കൂട്ടിയിരിക്കുകയാണ്.

40 ലക്ഷം എ.സികൾ

എയർകണ്ടീഷനുകൾ ഉപയോഗിക്കുന്നത് കുത്തനെ കൂടിയതാണ് വൈദ്യുതി ഉപഭോഗം കൂടാനിടയാക്കിയത്. സംസ്ഥാനത്ത് 40 ലക്ഷത്തിലേറെ എ.സി.യുണ്ടെന്നാണ് കണക്ക്. പ്രതിവർഷം മൂന്നര ലക്ഷം എ.സിയാണ് വിറ്റഴിക്കുന്നത്. ഇതുമൂലം വൈകിട്ട് ആറര മുതൽ രാത്രി 12വരെ ഉയർന്ന വൈദ്യുതി ഉപഭോഗമാണ്. രാത്രികാല വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നാണ് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB, ELECTRICITY CHARGE HIKE, KERALA, AC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA