
ശമ്പളദിവസം കഴിഞ്ഞ് ചുരുങ്ങിയ ദിവസം കൊണ്ട് നിങ്ങളുടെ ബാങ്ക് ബാലൻസ് പൂജ്യത്തിലെത്താറുണ്ടോ? ഇക്കാലത്ത് പല യുവാക്കളും നേരിടുന്ന പ്രധാന പ്രശ്നമാണിത്. മാസാവസാനമാകുമ്പോൾ ചെലവുകൾക്കായി പണം പലരിൽ നിന്നും കടംവാങ്ങേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ഈ പ്രശ്നങ്ങൾ പരിഹരിച്ചാലോ. പല കമ്പനികളിലും മാസത്തിന്റെ തുടക്കത്തിലോ അല്ലെങ്കിൽ പകുതി ആകുമ്പോഴോ ആയിരിക്കും ശമ്പളം ക്രെഡിറ്റാകുക. മാസശമ്പളം കൃത്യമായി വിനിയോഗിക്കാനുള്ള പല ഐഡിയകളും സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവച്ചിട്ടുണ്ട്. ഇപ്പോഴിതാ സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന ഒരു പ്ലാൻ പരിചയപ്പെടാം.
70/10/10/10
ഈ ഫോർമുല അനുസരിച്ച് നിങ്ങൾ വരുമാനത്തെ നാലായാണ് വിഭജിക്കേണ്ടത്. ആദ്യത്തെ 70 ശതമാനം സ്ഥിരമായുള്ള ചെലവുകൾക്കും രണ്ടാമത്തെ പത്ത് ശതമാനം ദീർഘകാല നിക്ഷേപങ്ങൾക്കും മൂന്നാമത്തെ പത്ത് ശതമാനം ചെറിയ കാലത്തെ നിക്ഷേപങ്ങൾക്കും നാലാമത്തെ പത്ത് ശതമാനം കടം വാങ്ങിയ പണം കൊടുക്കാനോ അല്ലങ്കിൽ സ്വന്തം കാര്യങ്ങൾക്കോ വിനിയോഗിക്കണം. ഓരോ രൂപയും ഉപയോഗിക്കുന്നതിനുമുൻപ് കൃത്യമായി ചിന്തിക്കേണ്ടതുണ്ടെന്നും ഫോർമുലയിൽ പറയുന്നുണ്ട്.
ജീവിതചെലവുകൾക്ക് 70 ശതമാനം
ഇത് പ്രധാനമായും വീട്ടുചെലവുകൾ, ഹോം ലോണുകൾ, ഇഎംഐ, ഗതാഗതചെലവുകൾ, സ്‌കൂൾ ഫീസുകൾ, ഇൻഷുറൻസ് എന്നിവയിൽ പണം അടയ്ക്കാനായി മാറ്റിവയ്ക്കുക. ഇതിനുള്ളിൽ നിങ്ങളുടെ ചെലവുകൾ വർദ്ധിക്കുകയാണെങ്കിൽ ജീവികതശൈലി ചെലവുകൾ കുറയ്ക്കാനോ വരുമാനം വർദ്ധിപ്പിക്കാനോ ശ്രമിക്കുക.
നിക്ഷേപങ്ങൾക്ക് പത്ത് ശതമാനം
ഈ വിഹിതം ഭാവിയിലേക്ക് വേണ്ടിയുള്ളതാണ്. പ്രതിമാസം കൃത്യമായൊരു തുക നിക്ഷേപിക്കുകയാണെങ്കിൽ കോമ്പൗണ്ടിംഗ് രീതികൾ അനുസരിച്ച് പണം ലാഭിക്കാൻ സാധിക്കും.
അത്യാവശ്യത്തിനായി പത്ത് ശതമാനം
ഈ വിഹിതം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണ്. ആരോഗ്യപ്രശ്നങ്ങൾക്കോ അത്യാവശ്യ യാത്രാ ചെലവുകൾക്കോ മാത്രം വിനിയോഗിക്കുക.
സ്വന്തം ആവശ്യങ്ങൾക്ക് പത്ത് ശതമാനം
നിങ്ങൾക്ക് കുടിശികയുള്ള വായ്പകളോ ഉയർന്ന പലിശ നിരക്കുള്ള ക്രെഡിറ്റ് കാർഡ് കുടിശ്ശികകളോ ഉണ്ടെങ്കിൽ, ഈ അവസാന പത്ത് ശതമാനം തിരിച്ചടവിലേക്ക് പോകണം. കടബാദ്ധ്യതയില്ലാത്തവർക്ക്, അതേ തുക നൈപുണ്യ വികസനം, കോഴ്സുകൾ, ആരോഗ്യം, ക്ഷേമം, കാലക്രമേണ വരുമാന സാദ്ധ്യത വർദ്ധിപ്പിക്കുന്ന നിക്ഷേപങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാം.
ഈ രീതി നടപ്പിലാക്കുന്നതിന് മുമ്പ് ഒരു മാസത്തേക്ക് ചെലവുകൾ സത്യസന്ധമായി ട്രാക്ക് ചെയ്യണമെന്ന് ഉപദേശകർ നിർദ്ദേശിക്കുന്നു. ഒറ്റയടിക്ക് 70/10/10/10 ഘടനയിലേക്ക് മാറുന്നത് ബുദ്ധിമുട്ടാണെന്ന് തോന്നിയാൽ, ക്രമേണയുള്ള ക്രമീകരണങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |