
അമേരിക്കയെന്ന് കേൾക്കുമ്പോൾ മനസിലെത്തുന്നത് വിശാലമായ ഹൈവേകളും അതിലൂടെ ചീറിപ്പായുന്ന കാറുകളുമാണ്. എന്നാൽ അതേ അമേരിക്കയിലെ കാറുകളുടെ ഹോണടി കേൾക്കാത്ത, വാഹനങ്ങളുടെ ഇരമ്പലില്ലാത്ത കൊച്ചുദ്വീപാണ് മാക്കിനോ. ഇവിടെ റോഡുകളിൽ വാഹനങ്ങളില്ല, പകരം കുതിരവണ്ടികളും സൈക്കിളുകളുമാണ്. മിഷിഗൺ തടാകത്തിനും ഹ്യൂറോൺ തടാകത്തിനും ഇടയിലുള്ള മാക്കിനാക് കടലിടുക്കിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. സാങ്കേതികവിദ്യയും വികസനവും സ്വീകരിക്കുമ്പോഴും പഴയ ജീവിതരീതികളെയും ചരിത്രത്തെയും ചേർത്തുപിടിക്കാമെന്ന് തെളിയിക്കുകയാണ് മാക്കിനോ. ഏകദേശം 11.3 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദ്വീപിൽ വർഷംതോറും നിരവധി സഞ്ചാരികളെത്തുന്നുണ്ട്. വനപ്രദേശങ്ങളും ചുണ്ണാമ്പുകല്ലിൽ രൂപപ്പെട്ട വിചിത്രമായ പാറക്കൂട്ടങ്ങളും പ്രകൃതിദത്തമായ കാഴ്ചകളുമാണ് ഇവിടുത്തെ പ്രത്യേകത. കാറുകൾ ജീവിതത്തിന്റെ അനിവാര്യതയായി മാറിയ ആധുനിക ലോകത്ത് മാക്കിനോ ദ്വീപ് വേറിട്ടൊരു മാതൃകയാണ്.
ഒരു കാർ വരുത്തിയ മാറ്റം
മാക്കിനോയിൽ വാഹനങ്ങൾ നിരോധിക്കപ്പെട്ടതിന് പിന്നിലും ചരിത്രമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അമേരിക്കയിൽ മേട്ടോർ വാഹനങ്ങളുടെ പ്രചാരം ആരംഭിക്കുന്ന കാലം. 1898ൽ ആദ്യമായി മാക്കിനോ ദ്വീപിൽ എത്തിയ ഒരു കാർ തെരുവുകളിലൂടെ കടന്നുപോയപ്പോൾ കുതിരകൾ ഭയന്നതോടെ. വാഹനങ്ങളുടെ ശബ്ദവും കുതിരകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും കുതിരവണ്ടി തൊഴിലാളികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. തുടർന്ന് സാധാരണ മേട്ടോർ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുകയായിരുന്നു. 1901ൽ ദ്വീപിലെ സ്റ്റേറ്റ് പാർക്കിലും നിരോധനം നിലവിൽവന്നു. അങ്ങനെ ഒരു നൂറ്റാണ്ടിലേറെക്കാലമായി മാക്കിനോ ദ്വീപ് വാഹനരഹിതമായി ഇപ്പോഴും തുടരുന്നു.
500 സ്ഥിരതമസക്കാർ
ഏകദേശം 500 മുതൽ 600 വരെ ആളുകളാണ് ദ്വീപിലെ സ്ഥിരതാമസക്കാർ. വേനൽക്കാലത്ത് 500ലേറെ കുതിരകൾ ദ്വീപിന്റെ ജീവിതത്തിന്റെ ഭാഗമാകുന്നു. യാത്രയ്ക്കും ചരക്കുനീക്കത്തിനും വിനോദസഞ്ചാരികൾക്ക് ദ്വീപ് ചുറ്റിക്കാണിക്കാനുമെല്ലാം കുതിരവണ്ടികളാണ് ആശ്രയം. കടകളിലേക്കുള്ള സാധനങ്ങൾ എത്തിക്കുന്നതും തപാൽ ഉൾപ്പെടെയുള്ള ചരക്കുകൾ കൊണ്ടുപോകുന്നതും കുതിരകൾ വലിക്കുന്ന പ്രത്യേക വണ്ടികളിലാണ്. നിർമ്മാണ സാമഗ്രികൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ കുതിരവണ്ടികളിൽ എത്തിക്കുന്നു. അതുകൊണ്ടുതന്നെ കുതിരകൾ ഗതാഗതമാർഗം മാത്രമല്ല, ദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയുടെയും സംസ്‌കാരത്തിന്റെയും ഭാഗമാണ്. സഞ്ചാരികൾക്കായി കുതിരവണ്ടിയിൽ ദ്വീപ് ചുറ്റിക്കാണാനുള്ള പ്രത്യേക യാത്രകളുമുണ്ട്. ചരിത്രപ്രധാനമായ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ഇത്തരം യാത്രകൾക്ക് വിവരണം നൽകുന്ന ഗൈഡുകളുമുണ്ടാകും.
സൈക്കിളിൽ ദ്വീപ് ചുറ്റാം
സൈക്കിൾ യാത്ര ഇഷ്ടപ്പെടുന്നവർക്ക് മാക്കിനോ പറുദീസയാണ്. ദ്വീപിനെ ചുറ്റിയുള്ള ഏകദേശം എട്ടു മൈൽ നീളമുള്ള ലേക്ക് ഷോർ ബൊളിവാർഡ് സൈക്കിൾ യാത്രക്കാർക്കിടയിൽ ഏറെ പ്രശസ്തമാണ്. എം185 എന്നറിയപ്പെടുന്ന ഈ റോഡ് അമേരിക്കയിൽ മോട്ടോർ വാഹനങ്ങൾക്ക് വിലക്കുള്ള ഏക സംസ്ഥാന ഹൈവേയാണ്.
തടാകത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് സൈക്കിളിൽ ദ്വീപ് ചുറ്റാം. തിരക്കൊഴിഞ്ഞ മേഖലകളിൽ റോളർ സ്‌കേറ്റുകൾ ഉപയോഗിക്കാനും അനുമതിയുണ്ട്.
ബോട്ടിൽ വന്നാൽ മാത്രം പ്രവേശനം
ദ്വീപിലേക്ക് ബോട്ടുകളിലൂടെയോ ചെറുവിമാനങ്ങളിലൂടെയോ മാത്രമാണ് പ്രവേശനം. പ്രധാനമായും മക്കിനോ സിറ്റിയിൽനിന്നും സെന്റ് ഇഗ്‌നേസിൽനിന്നുമാണ് ഫെറി സർവീസുകൾ. ശൈത്യകാലത്ത് തടാകത്തിലെ കാലാവസ്ഥയും മഞ്ഞും യാത്രയെ ബാധിക്കാറുണ്ട്. ദ്വീപിൽ അടിയന്തര സേവനങ്ങൾക്കുള്ള ആംബുലൻസ്, പൊലീസ് വാഹനങ്ങൾ, അഗ്‌നിരക്ഷാ വാഹനങ്ങൾ എന്നിവയ്ക്ക് പ്രത്യേക അനുമതിയുണ്ട്. ദ്വീപിലെ ജീവിതം സാധാരണ നിലയിൽ മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ ചില പ്രത്യേക വാഹനങ്ങൾക്കും ഇളവുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |