വാഷിംഗ്‌ടൺ: നവംബർ മൂന്നിന് അമേരിക്കയിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം ഉണ്ടാകുമെന്നതിന് വ്യക്തമായ സൂചന നൽകി സൈനികർക്ക് കൂട്ടക്കുഴിമാടം ഒരുക്കുന്നതിൽ പരിശീലനം നൽകുന്നു. യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരെ കൂട്ടത്തോടെ സംസ്കരിക്കുന്നിതിനുള്ള പരീശീലനമാണ് നൽകുന്നത്.'ഓപ്പറേഷൻ ഡ്രാഗൺ കവനന്റ് 2' എന്നപേരിലാണ് പരിശീലനം. ഭാവിയിൽ വലിയതോതിൽ സൈനികർ കൊല്ലപ്പെടുമെന്നതിന്റെ സൂചനയാണിതെന്നാണ് ന്യൂസ് വീക്ക് റിപ്പോർട്ടുചെയ്യുന്നത്. ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം സൈനിക നടപടി കടുപ്പിക്കുമെന്ന് അമേരിക്കയും ഇതുവരെ കാണാത്തരീതിയിലുള്ള ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും നേരത്തേ വ്യക്തമാക്കിയിരുന്നു.
നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിലാണ് കൂട്ടക്കുഴിമാടം ഒരുക്കുന്നതിനുള്ള പരിശീലനം നൽകിയത്. ബുൾഡോസറുകൾ ഉൾപ്പെടെയുള്ള ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിച്ചായിരുന്നു പരിശീലനത്തിന്റെ ഭാഗമായി കുഴിമാടങ്ങൾ നിർമ്മിച്ചത്. മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക പരിശീലനവും ഇവർക്ക് നൽകി. മൃതദേഹങ്ങൾ തിരിച്ചറിയാനും, പിന്നീട് അമേരിക്കയിലേക്ക് കൊണ്ടുപോകാനായി വേണ്ടരീതിയിൽ സംരക്ഷിക്കുന്നത് എങ്ങനെയെന്ന പരിശീലനവും നൽകുന്നുണ്ട്.
എട്ട് ബുൾഡോസറുകളും നാല് സൈനിക എക്സ്കവേറ്ററുകളും ഉപയോഗിച്ചാൽ 24 മണിക്കൂറിനുള്ളിൽ 2400 സൈനികരുടെ മൃതദേഹങ്ങൾവരെ താത്കാലികമായി സംസ്‌കരിക്കാനാകുമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.ഒരു കുഴി ഒരുക്കാൻ ശരാശരി ഒരു മണിക്കൂർ 15 മിനിറ്റാണ് പരിശീലനത്തിനിടെ വേണ്ടിവന്നത്. സമയം ഇതിലും കുറയ്ക്കാൻ കഴിഞ്ഞേക്കുമെന്നാണ് സൈനിക കേന്ദ്രങ്ങൾ നൽകുന്ന സൂചന.
1950-53ലെ കൊറിയൻ യുദ്ധത്തിനുശേഷം ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ കൂട്ടക്കുഴിമാടം ഒരുക്കുന്നതിനുള്ള പരിശീലനം നൽകുന്നത്. കൊറിയൻ യുദ്ധത്തിൽ 37,000 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ഇറാന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും യുദ്ധരീതികളുമാണ് തങ്ങളുടെ ഭാഗത്ത് കനത്ത ആൾനാശം ഉണ്ടാകുമെന്ന് അമേരിക്ക ഭയക്കാൻ കാരണമെന്നാണ് റിപ്പോർട്ട്. ഗറില്ലാ രീതിയിലുള്ള ശക്തമായ ആക്രമണങ്ങളെ നേരിടേണ്ടിവന്നേക്കുമെന്നും അമേരിക്ക ഭയക്കുന്നുണ്ട്. ഇറാൻ യുദ്ധത്തിൽ ഇതുവരെ 22 സൈനികർക്ക് ജീവൻ നഷ്ടമായെന്ന് വാഷിംഗ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തെങ്കിലും അമേരിക്കൻ പ്രതിരോധന സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അത് തള്ളിയിരുന്നു.
ദക്ഷിണ കൊറിയയും ഉത്തര കൊറിയയും തമ്മിൽ 1950കളിൽ നടന്ന യുദ്ധമാണ് കൊറിയൻ യുദ്ധം. ഒരു രാജ്യത്തിന്റെ സൈന്യത്തെയും വില കുറച്ചു കാണരുതെന്ന് ദക്ഷിണ കൊറിയൻ സൈന്യവും അമേരിക്കൻ നേതൃത്വത്തിലുള്ള യുഎൻ സൈന്യവും പാഠം പഠിച്ച യുദ്ധമായിരുന്നു ഇത്. 1950 ജൂൺ 25ന് ആരംഭിച്ച യുദ്ധം 1953 ജൂലായ് 27ന് സമാധാന ഉടമ്പടി ഒപ്പുവച്ചതോടെയാണ് അവസാനിച്ചത്.
രണ്ടാം ലോകയുദ്ധകാലത്ത് കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യൂണിയൻ കേന്ദ്രമാക്കി ജപ്പാനെതിരെ പോരാടിയിരുന്നു. കൊറിയ വിഭജിക്കപ്പെട്ടപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവ് കിം ഇൽ സുങ് ഉത്തര കൊറിയയുടെ രാഷ്ട്രത്തലവനായി. എന്നാൽ കൊറിയയെ വിഭജിച്ചത് ഉത്തര കൊറിയ അംഗീകരിച്ചിട്ടല്ല. രണ്ട് രാജ്യങ്ങളെയും ഒന്നാക്കാൻ കിം ഇൽ സുങ് സോവിയറ്റ് യൂണിയനെയും ചൈനയെയും സമീപിച്ചു.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും സോൾ പിടിച്ചെടുക്കുകയും ചെയ്തു.ഇതോടെ ഐക്യരാഷ്ട്രസഭ ഇടപെട്ടു. ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. സോവിയറ്റ് യൂണിയൻ ഉത്തര കൊറിയയ്ക്ക് വ്യോമ പിന്തുണ നൽകുകയും ചെയ്തു.
മുൻധാരണകൾ ലംഘിച്ച് ഉത്തര കൊറിയയിലേക്ക് മുന്നേറിയ ദക്ഷിണ കൊറിയൻ - അമേരിക്കൻ സൈനികർ ചൈനീസ് അതിർത്തിവരെയെത്തി. അതോടെ അതുവരെ ഉത്തരകൊറിയയെ പിന്നിൽ നിന്ന് പിന്തുണച്ചിരുന്ന ചൈന ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 1,80,000 ചൈനീസ് സൈനികരുടെ ആക്രമണത്തിൽ കൊറിയൻ - അമേരിക്കൻ സേനകൾക്ക് പിന്തിരിയേണ്ടിവന്നു.എന്നാൽ, സംയുക്തസേന വ്യോമാക്രമണം വഴി വീണ്ടും ഉത്തരകൊറിയയെ പിന്നോട്ട് അടിക്കുകയും ചെയ്തു.ചുരുക്കത്തിൽ ആർക്കും വ്യക്തമായ ജയം ഇല്ലാതെ യുദ്ധം അവസാനിക്കുകയായിരുന്നു.
The US military is reportedly training for mass grave preparation, indicating potential large-scale casualties in a future operation against Iran after the November 3 midterm elections. Dubbed "Operation Dragon Covenant 2," this extensive training, unprecedented since the Korean War, suggests preparations for significant loss of life in anticipated military actions.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |