മുംബയ്: 50 കഴിഞ്ഞവരൊക്കെ വയസരാണെന്നാണ് പലരുടെയും കാഴ്ചപ്പാട്, 70ൽഎത്തിയാൽ വൃദ്ധരും. പ്രായമായവർ വീട്ടിൽ ഒതുങ്ങിക്കൂടി കഴിയണമെന്ന പൊതുബോധമാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. പ്രായമായവർക്ക് മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും മാറ്റിവച്ച് വീടിനുള്ളിൽ കഴിഞ്ഞുകൂടണമെന്ന് പറയുന്നവരുമുണ്ട്. എന്നാൽ കഠിനമായ യോഗാസനങ്ങൾ ചെയ്‌ത് പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുകയാണ് മുംബയിൽ നിന്നുള്ള 75കാരിയായ മുത്തശ്ശി. ഡോ. സിമ്രാൻ മുനോത് എന്ന യുവതിയാണ് തന്റെ മുത്തശ്ശിയുടെ പ്രചോദനാത്മകമായ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ശ്രദ്ധനേടുന്നത്.
ഹ്യൂമൻസ് ഓഫ് ബോംബെ'യുമായി ചേർന്ന് സിമ്രാൻ പങ്കുവച്ച മറ്റൊരു വീഡിയോയിൽ, മുത്തശ്ശി അനായാസം യോഗാസനങ്ങൾ ചെയ്യുന്നതും കാണാം. റിവോൾവ്ഡ് ഹെഡ് ടു നീ പോസ് , എലിവേറ്റഡ് ലോട്ടസ് പോസ് , ബൈസെപ് കർൾസ്, സീറ്റഡ് ഫോർവേഡ് ബെൻഡ് തുടങ്ങിയ യോഗാമുദ്രകളാണ് ഇവർ നിഷ്പ്രയാസം ചെയ്യുന്നത്. ജിമ്മിലോ സപ്ലിമെന്റുകളുടെയോ സഹായമില്ലാതെയാണ് ഈ പ്രായത്തിലും ഇവർ ഫിറ്റ്നസ് നിലനിർത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്. മുത്തശ്ശിയുടെ ദിനചര്യകളെക്കുറിച്ചും ജീവിതശൈലിയേക്കുറിച്ചും അവർ തന്നെ പറഞ്ഞ കാര്യങ്ങളും സിമ്രാൻ വീഡിയോയുടെ താഴെ വിശദീകരിച്ചിട്ടുണ്ട്.
'എനിക്ക് 75 വയസുണ്ട്; ഒറ്റയ്ക്കാണ് താമസം, വീട്ടുജോലികളെല്ലാം സ്വയം ചെയ്യുന്നു... വർഷങ്ങളായി എന്റെ ശരീരഭാരം 50 കിലോയിൽ കൂടാറില്ല,.എനിക്ക് ഇതൊക്കെ എങ്ങനെയാണ് പറ്റുന്നതെന്ന് ആളുകൾ പലപ്പോഴും ചോദിക്കാറുണ്ട്. സത്യത്തിൽ, എപ്പോഴും ഫിറ്റ്നസിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കാനുള്ള സമയം എനിക്ക് ലഭിച്ചിരുന്നില്ല. 15-ാം വയസിലാണ് എന്റെ വിവാഹം, തുടർന്ന് 15 അംഗങ്ങളുള്ള ഒരു വലിയ കൂട്ടുകുടുംബത്തിലേക്ക് എത്തിച്ചേർന്നു. രാവിലെ അഞ്ചുമണിക്ക് പ്രാർത്ഥനയോടെയാണ് ദിവസം തുടങ്ങുക, ആറ്മണിയാകുമ്പോഴേക്കും വീട് സജീവമാകും. പാചകം, തുണി അലക്കൽ, കുട്ടികളെ വളർത്തുക, ദിവസവും അതിഥികൾ വന്നുപോകും... അങ്ങനെ മറ്റുള്ളവരെ നോക്കിനടക്കുന്നതിനിടയിൽ ഞാൻ എന്നെത്തന്നെ നോക്കാൻ മറന്നുപോയി.
എന്നാൽ 10 വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരണപ്പെട്ടതോടെ എല്ലാംമാറിമറിഞ്ഞു. ജീവിതത്തിൽ ആദ്യമായി വീട് നിശബ്ദമായി. വേണമെങ്കിൽ എനിക്ക് ഏകാന്തതയിൽ തളർന്നുപോകാമായിരുന്നു, എന്നാൽ അതിനുപകരം ഞാൻ ടെറസിൽ കയറി വ്യായാമം ചെയ്യാൻ തുടങ്ങി. ടിവിയിൽ കാണുന്ന യോഗാസനങ്ങൾ ശ്രദ്ധിക്കും, അടുത്ത വീട്ടിലുള്ളവർ ആരെങ്കിലും ചെയ്യുന്നത് നോക്കിക്കാണും, എന്നിട്ട് വീട്ടിൽ വന്ന് അത് സ്വയം ചെയ്തുനോക്കും. അങ്ങനെ യോഗാസനം രണ്ടായി, പിന്നീട് പത്തായി. എപ്പോഴാണ് യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയതെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.
ഇന്ന് പുലർച്ചെ നാല് മണിക്ക് എണീക്കും. നടക്കാൻ പോകും, ദിവസത്തിൽ രണ്ടുതവണ യോഗ ചെയ്യും, വായിക്കും, പഠിക്കും, എന്നിട്ടും വീട് മുഴുവൻ സ്വന്തം കൈകൊണ്ട് വൃത്തിയാക്കും. എന്റെ മൂന്ന് പെൺമക്കളും മകനും പല സ്ഥലങ്ങളിലാണ്, ചിലർ വിദേശത്തുമാണ്; എങ്കിലും അവരൊന്നുംഎന്നെക്കുറിച്ച് ആലോചിച്ച് ആകുലപ്പെടാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചിട്ടില്ല. എനിക്ക് എവിടെയെങ്കിലും പോകണമെങ്കിൽ ഞാൻ നടന്നുപോകും. അയൽവാസികൾക്ക് പപ്പടം ഉണ്ടാക്കാനോ മറ്റെന്തെങ്കിലും കാര്യങ്ങൾക്കോ സഹായം ആവശ്യമുണ്ടെങ്കിൽ ഞാൻ സന്തോഷത്തോടെ അവിടെയെത്തും.
എപ്പോഴും എന്തെങ്കിലുമൊക്കെ പണിയിൽ മുഴുകിയിരുന്നാൽ മനസ് ശാന്തമായിരിക്കുമെന്ന് ഞാൻ പഠിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം, 75-ാം വയസിലും എന്റെ ജീവിതം പതുക്കെയാണെന്ന് എനിക്ക് തോന്നാത്തത്. പുതിയ എന്തെങ്കിലും കാര്യം പഠിക്കാൻ ആവേശത്തോടെയാണ് ഞാൻ ഇന്നും ഓരോ ദിവസവും രാവിലെ ഉറക്കം ഉണരുന്നത്.'- മുത്തശ്ശി കൂട്ടിച്ചേർത്തു.
Breaking societal stereotypes that elderly people should stay confined to homes and depend on others, a 75-year-old grandmother from Mumbai has gone viral for her active and independent lifestyle.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |