കായംകുളം : ട്രോളിംഗ് നിരോധനത്തിനിടയിൽ തീരദേശത്തിന് ആശ്വാസമായി കായംകുളം വലിയഴീക്കലിൽ വലനിറഞ്ഞ് മത്തി. കടലിൽ പോയ ഒറ്റവള്ളത്തിന് തന്നെ ഒന്നേകാൽ ലക്ഷത്തോളം രൂപ വിലമതിക്കുന്ന വലിയ നെയ്മത്തിയാണ് ലഭിച്ചത്. വലിയഴീക്കൽ ഹാർബറിൽ നിന്ന് ഞയറാഴ്ച രാവിലെ മത്സ്യബന്ധനത്തിന് പോയ 'ലൈലാൻഡ് പമ്പാവാസൻ' എന്ന വള്ളത്തിനാണ് വള്ളം നിറയെ മത്തി ലഭിച്ചത്.
തീരത്തുനിന്നും ഏകദേശം പത്ത് നോട്ടിക്കൽ മൈൽ ദൂരെ വച്ചാണ് വള്ളക്കാർക്ക് മത്തിശേഖരം ലഭിച്ചത്. ചൂടൻ വലയിലും താങ്ങുവലയിലുമായി ഏകദേശം പതിനായിരത്തിലധികം കിലോ (10 ടൺ) മത്തിയാണ് കുടുങ്ങിയത്. ട്രോളിംഗ് കാലത്ത് വിപണിയിൽ മീൻക്ഷാമം നേരിടുന്ന സമയത്ത് ഇത്രയധികം മത്തി ലഭിച്ചത് മത്സ്യത്തൊഴിലാളികൾക്കും വലിയ ആശ്വാസമായി. സാധാരണ മത്തികളിൽ നിന്നും വ്യത്യസ്തമായി വർഷത്തിൽ ഒന്നോ രണ്ടോ മാസങ്ങളിൽ മാത്രമാണ് ഗുണമേന്മയേറിയ ഇത്തരം വലിയ നെയ്മത്തികൾ കേരള തീരങ്ങളിൽ ലഭ്യമാകുന്നതെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു. വള്ളം നിറയെ മത്തിയുമായി വള്ളം ഹാർബറിൽ അടുത്തതോടെ ഹാർബറിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും തീരത്ത് മത്തിച്ചാകര തുടരുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |