SignIn
Kerala Kaumudi Online
Saturday, 27 June 2026 7.24 AM IST

റവന്യൂ രേഖയിൽ കുട്ടനാട്ടിലെ വീടുകൾ പലതും 'പാടത്ത് '

ആലപ്പുഴ: കുട്ടനാട്ടിൽ താലൂക്ക് ഓഫീസും ആശുപത്രിയും ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങളും പല വീടുകളും ഭൂരേഖാപ്രകാരം 'പാടത്ത് '. റവന്യൂ രേഖാപ്രകാരം കിടപ്പാടം ഉൾപ്പടെ പാടത്തായതിനാൽ അവശ്യഘട്ടങ്ങളിൽ വായ്പയെടുക്കാൻപോലും കഴിയാതെ വലയുകയാണ് കർഷകർ ഉൾപ്പടെയുള്ള സാധാരണക്കാർ. വെള്ളപ്പൊക്കത്തിനും സർക്കാർ അവഗണനയ്ക്കുമൊപ്പം കാലഹരണപ്പെട്ട റവന്യൂരേഖകളിലെ നൂലാമാലകളെ കൂടി അതിജീവിച്ചാലേ കുട്ടനാട്ടിൽ സാധാരണക്കാർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയൂവെന്നതാണ് സ്ഥിതി.

സമുദ്രനിരപ്പിനേക്കാൾ താഴ്ന്നസ്ഥലത്ത് കാലങ്ങളായി മടകെട്ടികൃഷി ചെയ്തും പാടവരമ്പുകളിൽ കുടിലുകെട്ടി താമസിച്ചും ജീവിക്കുന്ന കുട്ടനാട്ടുകാരുടെ കൈവശമുളള കരഭൂമികൾ മിക്കതും റവന്യൂ വകുപ്പിന്റെ ഭൂരേഖാപ്രകാരം പാടങ്ങളാണ്. നെൽകൃഷി - തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം വയലുനികത്താനോ, നെൽകൃഷിക്കല്ലാതെ മറ്രേതെങ്കിലും ആവശ്യത്തിന് തരം മാറ്രാനോ നടപടിക്രമങ്ങളേറെയാണ്. തലമുറകളായി കൈവശത്തിലുള്ളതും താമസിക്കുന്നതുമായ വീട്ടിൽ വൈദ്യുതിയും കുടിവെള്ള കണക്ഷനും കെട്ടിട നമ്പരുമുൾപ്പെടെ എല്ലാമുണ്ടെങ്കിലും 'പുരയിടം' മെന്ന നിലയിൽ നികുതി അടച്ചാലും ഭവന-വിദ്യാഭ്യാസ - സ്വയം തൊഴിൽ വായ്പകൾക്കായി ബാങ്കുകളിലെത്തുമ്പോഴാണ് റവന്യൂ ഓഫീസുകളിലെ സെറ്റിൽമെന്റ് രജിസ്റ്റർ ഇവർക്ക് വില്ലനാകുന്നത്.

വായ്‌പയെടുക്കാൻ നിവൃത്തിയില്ല

1. റവന്യൂ രേഖകളിൽ 'നിലം' എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ബാങ്കിൽ നിന്ന് ഭവനവായ്‌പയോ, വിദ്യാഭ്യാസ വായ്‌പയോ എടുക്കാൻ കഴിയാത്ത അവസ്ഥയാണ്.

കരം ഒടുക്ക് രസീതിൽ പുരയിടമാണെന്ന് ബോദ്ധ്യപ്പെടുത്തിയാൽപ്പോലും സെറ്രിൽമെന്റ് രജിസ്റ്ററിൽ നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഈടായി സ്വീകരിക്കാനോ, വായ്പ നൽകാനോ ബാങ്കുകൾ തയ്യാറല്ല

2. നെൽവില വിതരണം കാര്യക്ഷമമല്ലാത്തതിനാൽ കൃഷിക്ക് ഉൾപ്പെടെ പണത്തിന്റെ ആവശ്യങ്ങൾക്ക് പലിശക്കാരെയാണ് കുട്ടനാട്ടുകാർ ആശ്രയിക്കുന്നത്. അവശ്യഘട്ടങ്ങളിൽ വായ്പതേടി ബാങ്കുകളിലെത്തിയാൽ വസ്തുതരം മാറ്റാൻ അപേക്ഷ നൽകി നാലും അഞ്ചും മാസം കാത്തിരിക്കണമെന്നതാണ് സ്ഥതി

3. തരംമാറ്റലിന് ഫീസൊടുക്കി കൃഷി-റവന്യൂ വകുപ്പുകളുടെ നടപടികൾ പൂർത്തിയാക്കി വസ്തു പുരയിടമാക്കി മാറ്റിയാലേ ബാങ്കുകളിൽ നിന്ന് ഇവർക്ക് ലോൺ ലഭിക്കൂവെന്നതാണ് അവസ്ഥ. കുട്ടനാട്ടിൽ വീടുവച്ച് താമസിക്കുന്ന കുടുംബങ്ങൾക്ക് കൈവശഭൂമി 'നില'ത്തിൽ നിന്ന് പുരയിടത്തിന്റെ കാറ്റഗറിയിലേക്ക് മാറ്റികിട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം

സർക്കാർ പ്രഖ്യാപിച്ച രണ്ടാം ഭൂപരിഷ്കരണത്തിൽ വിശാല കുട്ടനാടിന്റെ പ്രത്യേക സാഹചര്യങ്ങൾ ഉൾക്കൊള്ളണം.കാലഹരണപ്പെട്ട സെറ്റിൽമെന്റ് രജിസ്റ്ററുകളെ ആശ്രയിച്ചുള്ള അനീതികൾ അവസാനിപ്പിച്ച് ഭൂമിയുടെ യഥാർത്ഥ ഉപയോഗത്തിന് നിയമപരമായ അംഗീകാരം നൽകണം

- സോണിച്ചൻ പുളിങ്കുന്ന് ,​ വോയ്സ് ഫോർ ഗ്രേറ്രർ കുട്ടനാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL