SignIn
Kerala Kaumudi Online
Friday, 03 July 2026 4.38 AM IST

കാട്ടിലെ വെള്ളില വീട്ടിലെ താരം

d

മുഹമ്മ: കാട്ടിലും മേട്ടിലും മാത്രം കണ്ടിരുന്ന വെള്ളില ഇപ്പോൾ വീട്ടുമുറ്റങ്ങളിലെ താരമാണ്.കാവുകളിലും പറമ്പുകളിലും അലസമായി വളർന്നിരുന്ന വെള്ളിലയ്ക്ക് നല്ല പരിഗണനയും പരിചരണവും കിട്ടിയതോടെ പൂത്തുലഞ്ഞ് സുന്ദരിയായി, പൂന്തോട്ടങ്ങളെ മനോഹരമാക്കി. സമൃദ്ധമായ ഇലകൾ, അതിനിടയിൽ പട്ടുപോലെ വെളുത്ത ഇലകൾ, വിതറിയിട്ടതുപോലെ ഓറഞ്ച് കമ്മൽ പൂക്കൾ... ഇതെല്ലാം ചേർന്നതാണ് വെള്ളിലയുടെ സൗന്ദര്യം. മുസാന്ത വർഗത്തിൽപ്പെട്ട വെള്ളിലയ്ക്ക് വെള്ളിലം, വെള്ളിലത്താളി എന്നീ പേരുകളുമുണ്ട്. സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് വെള്ളില പൂവിടുന്നത്.സൂര്യോദയത്തിൽ വെള്ളിലവള്ളിയിൽ നൃത്തം ചെയ്യുന്ന ചിത്രശലഭങ്ങളും അസ്‌തമയത്തിൽ കാവിലെ നെയ്‌ത്തിരി വെളിച്ചത്തിൽ വെട്ടിത്തിളങ്ങുന്ന വെള്ള ഇലയും മനോഹരക്കാഴ്ച തന്നെയാണ്.

സൗന്ദര്യം കൊണ്ട് മാത്രമല്ല, കാവ്യപരിവേഷം കൊണ്ടുകൂടിയാണ് വെള്ളില മലയാളികളുടെ മനസിലും തുടർന്ന് വീട്ടുമുറ്റങ്ങളിലും ഇടം പിടിച്ചത്.

മഹാകവികൾ പോലും വെള്ളിലയുടെ ചാരുതയെക്കുറിച്ച് പാടിയിട്ടുണ്ട്.

അഭിജ്ഞാന ശാകുന്തളത്തിൽ കാളിദാസൻ ദു:ഖത്തിന്റെ പ്രതീകമാണ് വെള്ളിലയെ അവതരിപ്പിക്കുന്നത്. കണ്വാശ്രമത്തിൽ നിന്നുള്ള ശകുന്തളയുടെ വേർപാടിൽ വൃക്ഷങ്ങൾ പൊഴിക്കുന്ന കണ്ണീർ ത്തുള്ളിയായിട്ടാണ് വെള്ളിലയെ മഹാകവി കാണുന്നത്. സ്ത്രീ സൗന്ദര്യം അനുവാചകരിലേക്ക് പകരാൻ വെള്ളിലയെയാണ് ജി.ശങ്കരക്കുറുപ്പ് കാവ്യകല്പനയായി ഉപയോഗിച്ചത്. വൈലോപ്പിള്ളിയും ഈ ചെടിയുടെ മനോഹാരിതയെ വാഴ്‌ത്തിയിട്ടുണ്ട്.

കാഴ്ച‌യ്‌ക്കും കണ്ണിനും നല്ലത്

പൂവിട്ടുനിൽക്കുന്ന വെള്ളില ചേതോകരമായ കാഴ്ചമാത്രമല്ല, കണ്ണുകൾക്ക് കുളിർമ നൽകുന്ന ഔഷധം കൂടിയാണ്. മുടികൊഴിച്ചിൽ തടയാനും താരനകറ്റാനും കണ്ണുകൾക്ക് കുളിർമ പകരാനും വെള്ളിലം താളി ഉത്തമമാണ്. ആയുർവേദ ഔഷധങ്ങളിലെ പ്രധാന ചേരുവ കൂടിയാണ് വെള്ളില.നല്ല ഉറക്കത്തിനും വെള്ളെഴുത്ത് മാറാനും, ശരീര നീർക്കെട്ട്, മഞ്ഞപിത്തം എന്നിവയ്ക്കുള്ള ചികിത്സയ്ക്കും ഉപയോഗിച്ച് വരുന്നു. ഗൃഹവൈദ്യത്തിൽ, മുറിവുകൾക്കുള്ള വിശേഷ ഔഷധമായും ഈ ചെടിയെ വിലയിരുത്തപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL