ആലപ്പുഴ : നല്ലൊരു ഗ്രൗണ്ടില്ലാത്തത് ജില്ലയിൽ സ്കൂൾ കായികമേളയുടെ നടത്തിപ്പ് പോലും അനിശ്ചിതത്വത്തിലാക്കുമ്പോഴും പരിഹാരത്തിന് നടപടിയില്ലാത്തത് കായികതാരങ്ങളോടുള്ള വെല്ലുവിളിയാകുന്നു. താരങ്ങൾക്ക് പഞ്ഞമില്ലെങ്കിലും ആവശ്യത്തിന് കളിയിടങ്ങൾ ഇല്ലാത്തതാണ് ജില്ല നേരിടുന്ന പ്രധാനപ്രശ്നം.
കഴിഞ്ഞവർഷത്തെ റവന്യൂ ജില്ലാ സ്കൂൾ കായികമേള നേരിട്ടത് പറഞ്ഞറിയിക്കാനാകാത്തത്ര പ്രതിസന്ധികളെയായിരുന്നു. മഴ മൂലം ഗ്രൗണ്ടിലിറങ്ങാൻ കായികതാരങ്ങൾക്ക് പറ്റാതെ പോയതോടെ മേള നീണ്ടുപോകുന്ന അവസ്ഥ വരെയുണ്ടായി. വിവിധ സ്കൂൾ ഗ്രൗണ്ടുകളിലായി നടത്താനിരുന്ന പല മത്സരങ്ങളും മാറ്റി വയ്ക്കേണ്ടി വന്നു. പിന്നീട് മത്സരങ്ങളെല്ലാം ഒരുമിച്ച് നടത്തിയതോടെ ഒന്നിലധികം ഇനങ്ങൾക്ക് പേര് നൽകിയ വിദ്യാർത്ഥികൾക്ക് പല മത്സരങ്ങളിലും പങ്കെടുക്കാനുമായില്ല.
സംസ്ഥാന കായികമേളയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾ അടുത്തമാസങ്ങളിൽ പരിശീലനമാരംഭിക്കാനിരിക്കെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇത്തവണയും കുട്ടികളുടെ മുന്നോട്ടുള്ള കുതിപ്പിന് പ്രതിബന്ധമാകും
ആലപ്പുഴ നഗരത്തിലെ ഇ.എം.എസ് സ്റ്റേഡിയം ഈ വർഷവും സ്കൂൾ കായികമേളയ്ക്ക് ഉപയോഗിക്കാനാവില്ല. സിന്തറ്റിക് ട്രാക്ക് നിർമ്മാണം ആരംഭിക്കാത്തതാണ് കാരണം. വർഷങ്ങളായി തകർന്നുകിടക്കുന്ന സ്റ്രേഡിയത്തിന്റെ നിർമ്മാണം എന്ന് പൂർത്തിയാകുമെന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല. ഇവിടെ കായികമേള പോയിട്ട് കബഡി മത്സരം പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണുള്ളത്. 2010ൽ ആന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത് . 16വർഷം പിന്നിടുമ്പോഴും ഇന്നുവരെ ഒരു ഓട്ടമത്സരം പോലും സ്റ്റേഡിയത്തിൽ നടന്നിട്ടില്ല. സ്റ്റേഡിയത്തിന്റെ നിർമ്മാണം 2023ൽ പൂർത്തിയാക്കുമെന്ന മുൻകായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനവും പാഴായി.
നല്ല ട്രാക്കും ഗ്രൗണ്ടുമില്ല
1. കായികതാരങ്ങൾക്ക് പരിശീലനം നൽകാനുള്ള ഒരുനല്ല മൈതാനുംപോലും ജില്ലയിൽ ഇല്ലെന്നതാണ് യാഥാർത്ഥ്യം
2. ആകെയുള്ളത് പ്രീതികുളങ്ങരയിലെ ഗ്രൗണ്ടാണ്. എന്നാൽ, ഇവിടുത്തെ ട്രാക്ക് ചെറുതാണെന്ന ആക്ഷേപം ശക്തമാണ്
3. ഒരുമാസം മുമ്പ് അറിയിച്ചാൽ പോലും കായികമേള നടത്താൻ ജില്ലയിൽ മൈതാനം കണ്ടെത്തുക പ്രയാസമാണ്
4. വിദ്യാർത്ഥികളെ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലുൾപ്പെടെ എത്തിച്ചാണ് കഴിഞ്ഞവർഷം ട്രാക്ക് പരിശീലനം നൽകിയത്
ഇ.എം.എസ് സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമ്മാണം ആരംഭിച്ചിട്ടില്ല. ഇത് പൂർത്തിയായാലേ മത്സരങ്ങൾ സംഘടിപ്പിക്കാനാവു. സ്റ്റേഡിയത്തിന്റെ മൂന്നാംഘട്ട നിർമ്മാണത്തിനായി ബഡ്ജറ്റിൽ പേരിനുപോലും ഫണ്ട് അനുവദിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും
-വി.ജി. വിഷ്ണു , പ്രസിഡന്റ്, ജില്ലാ സ്പോർട്സ് കൗൺസിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |