കോഴിക്കോട്: മലയോരത്തിന്റെ ഉശിരുമായി കുതിച്ചെത്തിയവർ ട്രാക്കിലും ഫീൽഡിലും എതിരാളികളെ മലർത്തിയടിച്ചു. വേഗത്തിന്റെ പോരാട്ടത്തിലും ഉയരങ്ങൾ കീഴടക്കുന്നതിലും മുക്കത്തിന്റെ ചുണക്കുട്ടികൾക്കൊപ്പം മറ്റുള്ളവർ ഓടിയെത്തിയില്ല. 68-ാമത് റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് തിരശ്ശീല വീഴുമ്പോൾ വീണ്ടും ഒന്നാം സ്ഥാനത്തിന്റെ തിളക്കവുമായി മുക്കം ഉപജില്ല. രണ്ടാം സ്ഥാനക്കാരായ പേരാമ്പ്ര ഉപജില്ലയെ ബഹുദൂരം പിന്നിലാക്കിയാണ് മുക്കം വിജയ കിരീടം ചൂടിയത്. മേളയിൽ തുടർച്ചയായ 15ാം തവണയാണ് മുക്കം കിരീടത്തിൽ മുത്തമിടുന്നത്. കായിക മേളയുടെ സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
മെഡലുകൾക്കായി ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നപ്പോൾ ട്രാക്കിലും ഫീൽഡിലും മുക്കത്തിന്റെ താരങ്ങൾ മികവിന്റെ മുദ്ര പതിപ്പിച്ചു. വ്യക്തിഗത ഇനങ്ങളിലും റിലേ ഉൾപ്പെടെയുള്ള മത്സരങ്ങളിലും മികവു തെളിയിച്ച താരങ്ങൾ ഉപജില്ലയുടെ പോയിന്റ് നില ഉയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന കായികമേളയിൽ 35 സ്വർണവും 21 വെള്ളിയും 13 വെങ്കലവും ഉൾപ്പടെ 267 പോയിന്റ് നേടിയാണ് മുക്കം ചാമ്പ്യൻമാരായത്. അതേ സമയം മുത്തത്തിന്റെ മെഡൽ വേട്ടയിൽ ഇക്കുറി ഇടിവുണ്ടായി. കഴിഞ്ഞ വർഷം 40 സ്വർണവും 22 വെള്ളിയും 15 വെങ്കലവും ഉൾപ്പടെ 309 പോയിന്റ് നേടിയാണ് ചാമ്പ്യൻമാരായത്. ഉപജില്ലക്കായി 200പോയിന്റ് സമ്മാനിച്ച പുല്ലൂരാംപാറ സെന്റ് ജോസഫ്സ് എച്ച്.എസ് ജില്ലയുടെ കായികഭൂപടത്തിൽ ആധിപത്യം വീണ്ടുമുറപ്പിച്ചു. സ്കൂൾ നേടിയ മെഡൽ വേട്ടയിൽ ഇടിവുണ്ടായത് അൽപ്പം ക്ഷീണമായി. കഴിഞ്ഞ തവണ നേടിയ 232 പോയിന്റിൽ നിന്നും ഇക്കുറി 200 പോയിന്റുകളാണ് സ്കൂൾ ഉപജില്ലയ്ക്കായി നേടിയത്.
14 സ്വർണവും 12 വെള്ളിയും 11 വെങ്കലവുമടക്കം 143 പോയിന്റ് നേടി രണ്ടാമത് എത്തിയ പേരാമ്പ്ര ഉപജില്ലയ്ക്ക് ഇക്കുറി കഴിഞ്ഞ തവണത്തെ പോലെ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. പോയിന്റ് നേട്ടവും സ്വർണമെഡലും കുറഞ്ഞു.19 സ്വർണവും 16 വെള്ളിയും 18 വെങ്കലവുമടക്കം 191 പോയിന്റായിരുന്നു കഴിഞ്ഞ തവണത്തെ ഇവരുടെ സമ്പാദ്യം.6 സ്വർണ്ണവും 5 വെള്ളിയും 10 വെങ്കലവുമായി 70 പോയിന്റോടെ കോഴിക്കോട് സിറ്റി മൂന്നാമതും എത്തി.
ഉപജില്ല...........പോയിന്റ്
മുക്കം....................267
പേരാമ്പ്ര.............143
കോഴിക്കോട് സിറ്റി.......70
മത്സരങ്ങൾ വൈകി, വെയിലിൽ വാടി താരങ്ങൾ
കോഴിക്കോട്: പരീക്ഷകൾ കാരണം മത്സരങ്ങൾ മാറ്റിവെച്ചതോടെ സംസ്ഥാന സ്കൂൾ കായികമേളയുടെ അവസാന ദിനം താളംതെറ്റി. ശനിയാഴ്ച നടക്കേണ്ടിയിരുന്ന മത്സരങ്ങൾ കൂടി ഇന്നലെ നടന്നതോടെ ഫൈനൽ മത്സരങ്ങളുടെ സമയക്രമം താറുമാറായി. അതിരാവിലെ പൂർത്തിയാകേണ്ടിയിരുന്ന മത്സരങ്ങൾ പോലും ഉച്ചയായിട്ടും പൂർത്തിയായില്ല. പൊള്ളുന്ന വെയിലിൽ മത്സരിക്കേണ്ടി വന്നതോടെ താരങ്ങളും വലഞ്ഞു. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകളെത്തുടർന്നാണ് മത്സരങ്ങൾ മാറ്റേണ്ടി വന്നത്. ഇതോടെ നേരത്തേ നിശ്ചയിച്ച മത്സരങ്ങൾക്കൊപ്പം മാറ്റിവെച്ച ഇനങ്ങളും നടത്തേണ്ടിവന്നു. ശനിയാഴ്ച നടക്കേണ്ടിയിരുന്ന 3000 മീറ്റർ ഓട്ടം ഉൾപ്പെടെയുള്ള മത്സരങ്ങൾ ഇന്നലെ നടന്നതോടെ ട്രാക്കിലും ഫീൽഡിലും തിരക്കേറി. നടത്തവും ഓട്ടവും ഒരേസമയം ക്രമീകരിക്കേണ്ടിവന്നതും മത്സരങ്ങളുടെ നടത്തിപ്പിനെ ബാധിച്ചു. മത്സരങ്ങൾ നീണ്ടുപോയതോടെ പല ഫൈനലുകളും വൈകി. രാവിലെ നടക്കേണ്ടിയിരുന്ന മത്സരങ്ങൾ വെയിൽ കനത്തതിനുശേഷം നടത്തേണ്ടിവന്നത് താരങ്ങളുടെ പ്രകടനത്തെ ബാധിച്ചു. ശനിയാഴ്ച മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്ക് ഇന്നലെ അവസരം നൽകിയതും മത്സരക്രമം സങ്കീർണമാക്കി. മാറ്റിവെച്ച ഇനങ്ങൾ കൂടി ഉൾപ്പെടുത്തിയതോടെ മത്സരങ്ങളുടെ സമയക്രമം പാലിക്കാൻ സംഘാടകർക്ക് പ്രയാസമായി. ഇതിന്റെ പ്രതിഫലനം ഫൈനൽ മത്സരങ്ങളുടെ നടത്തിപ്പിലുമുണ്ടായി.
ട്രാക്കിലെ പടക്കുതിര;
സ്വർണക്കുതിപ്പുമായി അൽക്ക
കോഴിക്കോട്: ട്രാക്കിൽ അൽക്കയെ വെല്ലാനാരുമില്ല. വേഗത്തിന്റെ കരുത്തും കുതിപ്പിന്റെ മികവും കൈമുതലാക്കി സബ് ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളിലും റിലേയിലുമായി നാല് സ്വർണം സ്വന്തമാക്കിയാണ് കുളത്തൂവയൽ സെന്റ് ജോർജ് എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അൽക്ക മടങ്ങുന്നത്. സബ് ജൂനിയർ വിഭാഗത്തിൽ 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ ഓട്ടങ്ങളിലും 100 ,400 മീറ്റർ റിലേ മത്സരത്തിലുമാണ് അൽക്കയുടെ സ്വർണ്ണ നേട്ടം. ജില്ലാതല കായികമേളകളിൽ നേരത്തേയും മികവ് തെളിയിച്ച താരമാണ് അൽക്ക. ജില്ലാതല മത്സരങ്ങളിൽ തുടർച്ചയായി രണ്ട് വർഷം 600 മീറ്റർ, 400 മീറ്റർ, 200 മീറ്റർ ഓട്ടങ്ങളിലും റിലേയിലും സ്വർണം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം സംസ്ഥാനതല മത്സരത്തിൽ 400 മീറ്ററിലും 600 മീറ്ററിലും സ്വർണവും 200 മീറ്ററിൽ വെള്ളിയും സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വർഷമായി കെ.എം. പീറ്ററിന്റെ കീഴിലാണ് പരിശീലനം. കൂരാച്ചുണ്ട് ചേറ്റാനീൽ സ്വദേശിയും സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനുമായ ഷിനോജിന്റെയും ജിതിനയുടെയും മകളാണ്.
ട്രാക്കിൽ അനുദേവിന്റെ ട്രിപ്പിൾ സ്വർണത്തിളക്കം
ജില്ലാ സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 100, 200, 400 മീറ്റർ ഓട്ടങ്ങളിൽ സ്വർണം വാരിക്കൂട്ടി ട്രിപ്പിൾ സ്വർണനേട്ടവുമായി അനുദേവ്. സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് പുല്ലൂരാംപാറയിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ്. വളയം നേരോത്ത് സ്വദേശിയായ അനുദേവ് കഠിനാധ്വാനത്തിലൂടെയാണ് കായികരംഗത്ത് മികവിന്റെ പടവുകൾ കയറിയത്.
പരിശീലനം തുടങ്ങി ഒരു വർഷം മാത്രമായ അനുദേവിന് കോച്ച് അനന്തു സാറിന്റെ പിന്തുണയാണ് കരുത്ത്. കഴിഞ്ഞ തവണ 400 മീറ്ററിൽ രണ്ടാം സ്ഥാനം നേടിയ അനുദേവ് ഇത്തവണ അതേ ഇനത്തിൽ സ്വർണം നേടുന്നതിനൊപ്പം 100, 200 മീറ്ററുകളിലും ഒന്നാമതെത്തി. അച്ഛൻ ചന്ദ്രൻ. അമ്മ ബേബി. സഹോദരി ഗോപികയും ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ആദിത് നടന്ന് നേടിയത് അഞ്ച് സ്വർണ്ണം
കോഴിക്കോട്: നടപ്പിന്റെ വേഗത്തിൽ റെക്കോർഡുകൾ തീർത്ത് സ്വർണനേട്ടം ആവർത്തിക്കുകയാണ് ആദിത് വി. അനിൽ. 5000 മീറ്റർ നടത്തത്തിൽ അഞ്ചാം തവണയും സ്വർണം നേടിയ ആദിത്, എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ തുടർച്ചയായി ഈ ഇനത്തിൽ ഒന്നാമനാണ്. പേരാമ്പ്ര കുളത്തുവയൽ സെന്റ് ജോർജ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇതേ ഇനത്തിൽ രണ്ട് തവണ സംസ്ഥാനതലത്തിൽ സ്വർണ്ണവും ആദിത്ത് നേടിയിട്ടുണ്ട്. മാത്രമല്ല ദേശീയതലത്തിലും ഒരു ഗോൾഡ് മെഡലുണ്ട്. സൗത്ത് സോൺ മീറ്റിൽ അണ്ടർ 18 വിഭാഗത്തിൽ അഞ്ച് കിലോമീറ്റർ റേസ് വോക്ക് 22.32 മിനിറ്റിൽ പൂർത്തിയാക്കി റെക്കോർഡ് കുറിച്ചു. ജോർജിയൻ സ്പോർട്സ് അക്കാഡമിയിലെ കെ.എം. പീറ്ററാണ് പരിശീലകൻ.ചക്കിട്ടപ്പാറ വാഴവളപ്പിൽ വി.സി. അനിൽകുമാറിന്റെയും കെ.കെ. ലിജിയുടെയും മകനാണ് ആദിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |