SignIn
Kerala Kaumudi Online
Tuesday, 20 October 2026 12.40 AM IST

അപകടം ഒഴിയാതെ കേളോത്ത് വളവ്; ടിപ്പർ ലോറി വീടിന് പിറകിലേക്ക് മറിഞ്ഞു

കാഞ്ഞങ്ങാട്: ദേശീയപാതയിലെ കേളോത്ത് വളവിൽ അപകടപരമ്പര തുടരുന്നു. നിയന്ത്രണം വിട്ട ലോറി വീടിന് പിറകിലേക്ക് മറിഞ്ഞു. കേളോത്തെ ശ്രീധരന്റെ വീടിന്റെ പുറകുവശത്താണ് ലോറി മറിഞ്ഞത്. വീടിന് മുകളിലേക്ക് ലോറി മറിഞ്ഞിരുന്നെങ്കിൽ ഒരു കുടുംബം മുഴുവൻ ദുരന്തത്തിൽപ്പെടുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി കേളോത്ത് ദേശീയപാതയിലെ കിഴക്കുഭാഗത്തെ വളവിൽ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയാണ് മറിഞ്ഞത്.

ഉറങ്ങുകയായിരുന്ന വീട്ടുകാർ ശബ്ദംകേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് ലോറി മറിഞ്ഞതായി കണ്ടത്. കഴിഞ്ഞ മാസം 24ന് വൈകിട്ട് ഇതേ വളവിൽ ഒരേ ദിവസം സിമന്റ് ലോറിയും മിനി ലോറിയും നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. കേളോത്ത് അംഗണവാടിയിലേക്ക് കുട്ടികൾ പോകുന്ന സ്ഥലത്തായിരുന്നു അന്ന് ലോറികൾ മറിഞ്ഞിരുന്നത്. ദേശീയപാത വികസനപ്രവൃത്തിക്ക് മുമ്പ് നിരവധി വാഹനങ്ങൾ കേളോത്ത് വളവിൽ അപകടത്തിൽപെട്ടിരുന്നു.

40 വർഷത്തിനിടെ ടാങ്കർ ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും ചെറുവാഹനങ്ങളുമെല്ലാം നിയന്ത്രണം വിട്ട് മറിയുകയും നിരവധി പേര് മരണപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണവും ഏറെയാണ്. ദേശീയപാത വികസനപ്രവൃത്തി ഇവിടെ പൂർണമായിട്ടില്ല. സർവീസ് റോഡ് നിർമ്മാണവും തുടങ്ങിയിട്ടില്ല. വാഹനാപകടങ്ങൾക്ക് കാരണമാകുന്ന വളവ് നികത്തി ദേശീയപാത വികസന പ്രവൃത്തി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ദേശീയപാത കരാറുകാർ വളവ് അതേപടി നിലനിറുത്തിയാണ് പ്രവൃത്തി നടത്തിയത്. വളവിൽ ദേശീയപാതക്ക് ഉയരക്കൂടുതലുണ്ട്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിടുന്നു. ഇതുകാരണം ദേശീയപാത നിർമ്മാണപ്രവൃത്തി നടന്നിട്ടും അപകടങ്ങൾ തുടരുകയാണ്.

ഈ മാസം അപകടത്തിൽപ്പെട്ടത്

ആറ് വാഹനങ്ങൾ

ദേശീയപാത പ്രവൃത്തിക്ക് ശേഷവും ഒരു മാസം പത്തും അതിലധികവും അപകടങ്ങൾ ഇവിടെ സംഭവിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ഏതാനും വർഷം മുമ്പ് മൂന്ന് ടാങ്കർ ലോറികൾ ഒരേ സമയം ഇവിടെ മറിഞ്ഞിരുന്നു. ഈ മാസം മാത്രം ആറോളം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. കേളോത്ത് വളവിന് താഴെ അംഗണവാടിയും ഏതാനും വീടുകളുമുണ്ട്. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ ആശങ്കയോടെയാണ് കഴിയുന്നത്. കേളോത്ത് വളവിലെ അപകടപരമ്പരക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേളോത്ത് യുവശക്തി ക്ലബ്ബ് പ്രവർത്തകർ നേരത്തെ ജില്ലാ കളക്ടർക്കും മറ്റും നിവേദനം നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. അലൈൻമെന്റ് മാറ്റി കേളോത്ത് വളവിൽ പുനർ നിർമ്മാണപ്രവൃത്തികൾ നടത്തണമെന്നും സർവ്വീസ് റോഡ് നിർമ്മാണം പൂർണ്ണമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL