കൊല്ലം: വെളിയം താന്നിമുക്കിന് സമീപം അപ്രതീക്ഷിത വെള്ളക്കെട്ട്, യാത്രക്കാർ ബുദ്ധിമുട്ടിലായി. വെളിയം - നെടുമൺകാവ് റോഡിൽ താന്നിമുക്ക് എത്തുംമുൻപുള്ള ഭാഗത്തായിട്ടാണ് വെള്ളക്കെട്ടുണ്ടായത്. ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായ കനത്ത മഴ പെയ്തതോടെ ഇവിടെ വലിയ തോതിൽ വെള്ളം കയറി. മഴവെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നമായത്. മുട്ടൊപ്പം വെള്ളം ഉയർന്നതോടെ കാൽനട യാത്രികരും ഇരുചക്ര വാഹനയാത്രക്കാരും ബുദ്ധിമുട്ടിലായി. നൂറ് മീറ്റർ ദൂരത്തിൽ വലിയ തോതിലാണ് വെള്ളക്കെട്ടുണ്ടായത്. ഇരുവശത്തുമുള്ള വാഹനങ്ങൾ ഇവിടെ കുടുങ്ങി ഗതാഗത തടസവുമുണ്ടായി. സമീപത്തെ വീട്ടുമുറ്റത്തേക്കും ഇവിടെ നിന്നുള്ള വെള്ളം കയറുന്ന സ്ഥിതിയായിരുന്നു. കാൽനട യാത്രികർ വലിയ തോതിൽ ബുദ്ധിമുട്ടിയാണ് ഇതുവഴി നടന്നത്. വസ്ത്രങ്ങളും മറ്റും നനയേണ്ട സ്ഥിതിയുമുണ്ടായി. ഒന്നര മണിക്കൂറിന് ശേഷമാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്. ടാറിംഗ് കഴിഞ്ഞ റോഡിന്റെ വശങ്ങളിൽ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തത് വെള്ളക്കെട്ടിന് കാരണമാകുന്നുണ്ട്. അടിയന്തിരമായി അധികൃതർ ഇടപെട്ട് താന്നിമുക്കിന് സമീപത്ത് വെള്ളക്കെട്ടുണ്ടാകാനുള്ള സാഹചര്യം പരിശോധിച്ച് പരിഹാര നടപടി കൈക്കൊള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |