ആലപ്പുഴ : കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അവകാശപത്രിക അംഗീകരിക്കണമെന്നും ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ ആലപ്പുഴ ഹെഡ്പോസ്റ്റ് ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടന്നെത്തിയ വിദ്യാർത്ഥികളെ പൊലീസ് മർദ്ദിച്ചു. നാലുപേർക്ക് പരിക്കേറ്റു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അനന്തു അജി, ജില്ലാ ഭാരവാഹികളായ കാശിനാഥ്, നൂർ മുഹമ്മദ്, എൻ.അൻഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ഇന്നലെ ഉച്ചയോടെ ഇ.എം.എസ് സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് ഓഫിസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് ഉയർത്തി തടഞ്ഞു. ഇതിന് പിന്നാലെ സമരക്കാർ ബാരിക്കേഡ് മറിച്ചിടാനുള്ള ശ്രമം നടത്തി. കയർ ഉപയോഗിച്ച് ബലപ്പെടുത്തിയ ബാരിക്കേഡ് പലതവണ ഉയർത്തിപൊക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ബാരിക്കേഡിന് മുകളിലൂടെയും സമീപത്തെ മതിൽചാടിയും എത്തിയ വിദ്യാർത്ഥികളെ പൊലീസ് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി. ഇത് നേരിയ ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസ് വലയംഭേദിച്ച് എത്തിയ പ്രവർത്തകൾ ഹെഡ് പോസ്റ്റ് ഓഫിസ് വളപ്പിൽ കയറി. ഗേറ്റ് തുറന്നും അല്ലാതെയും അകത്തുകയറിയവരെ പിടികൂടാൻ പൊലീസ് നടത്തിയ ശ്രമം വിജയിച്ചില്ല. ഇതിനിടെ ഉന്തിലും തള്ളിലും പോസ്റ്റ് ഓഫിസ് വളപ്പിലെ ചെടിച്ചട്ടികളും നിലത്തുവീണു.
തുടർന്ന് ഓഫീസിന്റെ പ്രധാന കവാടത്തിന് മുന്നിലിരുന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. പ്രതിഷേധയോഗം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം പി.അക്ഷര ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സമീർ സിംഗ്, എസ്.മേഘ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |