ആലപ്പുഴ: ജന്മനാ വൈകല്യമുള്ള ഇരട്ടക്കുട്ടികളുടെ ചിത്രം ഉപയോഗിച്ച് സ്വന്തം മക്കളാണെന്ന് തെറ്റിദ്ധരിപ്പിച്ച് പിരിവ് നടത്തിയെന്നാരോപിച്ച് മുസ്‌ലിയാർക്കെതിരെ പിതാവ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
ആലപ്പുഴ വട്ടയാൽ വാർഡിലെ അരയൻപറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ബാബു-നിസ ദമ്പതികളുടെ 28 വയസുള്ള ഇരട്ടക്കുട്ടികളായ തൻസീറും അസീലയും ജന്മനാ വൈകല്യമുള്ളവരാണ്. ഏതാനും ദിവസം മുമ്പ് വടുതല സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയ ഒരു മുസ്‌ലിയാർ വീട്ടിലെത്തി പ്രത്യേക പ്രാർഥന നടത്തിയശേഷം കുട്ടികളുടെ ചിത്രമെടുത്തു. ചിത്രം എന്തിനാണെന്ന് ചോദിച്ചപ്പോൾ ഭാര്യയെ കാണിക്കാനാണെന്ന് മറുപടി നൽകിയതായും പരാതിയിൽ പറയുന്നു.
എന്നാൽ പിന്നീട്, ചിത്രത്തിലുള്ള കുട്ടികൾ സ്വന്തം മക്കളാണെന്ന് പറഞ്ഞ് ഇയാൾ വിവിധ സ്ഥലങ്ങളിൽ പിരിവ് നടത്തുകയായിരുന്നു. ആലപ്പുഴ എസ്.എൻ കവലയിലെ ബാബുവിന്റെ ബന്ധുവീട്ടിൽ ചിത്രവുമായി പിരിവിന് എത്തിയ ഇയാളെ, ചിത്രത്തിലുള്ള കുട്ടികളെ തിരിച്ചറിഞ്ഞ ബന്ധു ചോദ്യം ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ബാബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |