ആലപ്പുഴ: കുരുന്നുകളുടെ സമ്പൂർണ ആരോഗ്യം കണക്കിലെടുത്ത് അമൃതം ന്യൂട്രിമിക്സിൽ പഞ്ചസാര ഒഴിവാക്കുന്നു. അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് കൂടുതൽ ആരോഗ്യകരമാക്കുകയാണ് വനിത ശിശുവികസന വകുപ്പിന്റെ ലക്ഷ്യം. പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കാനാണ് ആലോചന. ഇക്കാര്യം അമൃതം ന്യൂട്രിമിക്സ് തയ്യാറാക്കുന്ന കുടുംബശ്രീയുമായി ആലോചിക്കും.
കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൂരകപോഷകാഹാരങ്ങളിൽ ഉപ്പ്, സംസ്‌കരിച്ച വെളുത്ത പഞ്ചസാര, കൃത്രിമ നിറങ്ങൾ, സുഗന്ധവസ്തുക്കൾ എന്നിവയുടെ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്നാണ് നിർദ്ദേശം. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആർ.ഐ) സാങ്കേതിക ഫോർമുലേഷൻ അനുസരിച്ചാണ് കുടുംബശ്രീ യൂണിറ്റുകൾ പൊടി നിർമ്മിച്ചുവരുന്നത്. നിലവിലെ ചേരുവയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സി.പി.സി.ആർ.ഐയുമായി വകുപ്പ് ആലോചന തുടങ്ങി.
ഇപ്പോൾ വിതരണം ചെയ്യുന്ന അമൃതം ന്യൂട്രീമിക്‌സിന്റെ ചേരുവയിൽ 20 ശതമാനം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതിനാൽ അമൃതംപൊടി വീടുകളിൽ പാകം ചെയ്യുമ്പോൾ അധികമായി പഞ്ചസാര ചേർക്കാതിരിക്കണമെന്നും കുട്ടികൾക്ക് അമിതമധുരം നൽകുന്നത് ഒഴിവാക്കണമെന്നും വകുപ്പ് നിർദ്ദേശിക്കുന്നു. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനായി സംസ്ഥാനത്തുടനീളം ബോധവത്കരണ പരിപാടികൾ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
പകരം ശർക്കരയെത്തും
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നതടക്കമുള്ള സാദ്ധ്യതകളാണ് പ്രധാനമായും പരിശോധിക്കുന്നത്
പഞ്ചസാര ഉപയോഗിച്ചു നിർമിക്കുന്ന പൊടി കുറച്ച് നാൾ കേടുകൂടാതിരിക്കും. ശർക്കര ഉപയോഗിച്ചാൽ അധികം നാൾ സൂക്ഷിക്കാനാകില്ല
ഏതുവിധത്തിൽ ഇതിന് പരിഹാരം കാണാനാകുമെന്ന കാര്യത്തിലാണ് ഇപ്പോൾ ചർച്ചകൾ പുരോഗമിക്കുന്നത്
കുട്ടികളുടെ പ്രായത്തിനും പോഷകാവശ്യങ്ങൾക്കും കൂടുതൽ അനുയോജ്യമായ രീതിയിൽ അമൃതംപൊടിക്ക് മാറ്റം നൽകുകയാണ് ലക്ഷ്യം
ഇപ്പോൾ അമൃതം പൊടിയിൽ പഞ്ചസാര
20%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |