SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

മഴ ശക്തമായി തുടരുന്നു, വെള്ളപ്പൊക്ക ഭീതിയിൽ നാട്

ആലപ്പുഴ: മഴ ശക്തമായതോടെ ജില്ല വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ. കുട്ടനാട്, അപ്പർകുട്ടനാട് മേഖകളിലേക്ക് പമ്പ, അച്ചൻകോവിലാർ കരകവിഞ്ഞെത്തുന്നത് ഭീഷണിയാകുന്നുണ്ട്. ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

കുമാരപുരം ഏഴാം വാർഡിൽ അമ്പിയിൽ കിഴക്കതിൽ മണികണ്ഠന്റെ വീടിന് മുകളിലേക്ക് ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ ആഞ്ഞിലിമരം വീണു. ചെങ്ങന്നൂർ വെൺമണി പഞ്ചായത്തിൽ മറ്റൊരു വീടും ഭാഗികമായി തകർന്നു. നാലാംവാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞിക്കുട്ടിയുടെ വീടാണ് തകർന്നത്. പുന്നമട ഡോക്ചിറക്ക് സമീപം പോഞ്ഞിക്കരയിൽ മരംവീണ് രണ്ട് ബോട്ടുകൾക്ക് കേടുപാടുകളുണ്ടായി. ഫയർഫോഴ്സ് എത്തി മരംമുറിച്ചുമാറ്റി. ഏഴിടത്ത് മരംവീണ് ഗതാഗത തടസമുണ്ടായി. ആലപ്പുഴ ശവക്കോട്ടപാലം, കലവൂർ ലെപ്രസി, അമ്പനാംകുളം ക്ഷേത്രം എന്നിവയ്ക്ക് സമീപമാണ് മരമാണ് വീണത്. ആലപ്പുഴ കറുത്തകാളി പാലത്തിന് സമീപത്തെ ട്രാൻസ്‌ഫോർമറിലെ വൈദ്യുതി പോസ്റ്റ് കനാലിലേക്ക് മറിഞ്ഞു.

ഇന്നലെ ജില്ലയിൽ 62.24 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ചേർത്തലയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 97.6 മി.മീറ്റർ. മങ്കൊമ്പ്-65.4, കാർത്തികപ്പള്ളി-48.4, മാവേലിക്കര-50.8, കായംകുളം- 49.00 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മഴകണക്ക്.

കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഉരുൾപൊട്ടി പമ്പ, മീനച്ചിലാർ കരകവിഞ്ഞതോടെ പള്ളാത്തുരുത്തി, നെടുമുടി, കരുമാടി, കാവാലം, മങ്കൊമ്പ്, ചമ്പക്കുളം, നീരേറ്റുപുറം, എടത്വ, തകഴി, വീയപുരം, പള്ളിപ്പാട് പ്രദേശങ്ങളിലെ താമസക്കാർ വെള്ളപ്പൊക്ക ഭീതിയിലാണ്. തലവടി കുതിരച്ചാൽ-കുന്നുമാടി പോലുള്ള താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം വീടുകളിലേക്ക് കയറിത്തുടങ്ങിയതോടെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി.

അതേസമയം, ശക്തമായ മഴയിൽ അമ്പലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ മേഖലയിൽ കടലേറ്റം രൂക്ഷമായി. അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിൽ സ്ഥിതി രൂക്ഷമാണ്. പലയിടത്തും തിരമാലകൾ വീടുകളിലേക്ക് അടിച്ചുകയറി.വീടുകൾ തകർച്ചാഭീഷണിയിലാണ്.

കൺട്രോൾ റൂമുകൾ,

ക്യാമ്പുകൾ തുറന്നു

അടിയന്തരസാഹചര്യം നേരിടാൻ ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂർ താലൂക്കിലാണ് കൺട്രോൾ റൂമുകൾ പ്രവർത്തനം തുടങ്ങിയത്. ജില്ലയിൽ ഇതുവരെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ വില്ലേജിൽ ഗവ. ഹൈസ്‌കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ട് അംഗങ്ങളാണുള്ളത്. മുളക്കുഴ വില്ലേജിലെ പുത്തൻകാവ് എം.ഡി എൽ.പി.എസിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിലെ അഞ്ചുപേരാണുള്ളത്‌.

ഹൗസ്‌ബോട്ട്, ശിക്കാര

സർവീസ് നിരോധിച്ചു


ജില്ലയിൽ അതിശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കെ സാദ്ധ്യത പരിഗണിച്ച് ദുരന്തനിവാരണ നിയമപ്രകാരം ഹൗസ്‌ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിംഗ്, കയാക്കിംഗ്, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസും സഞ്ചാരവും താത്ക്കാലികമായി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL