
തുറവൂർ: ചേർത്തല താലൂക്കിന്റെ വടക്കൻ മേഖലയിൽ രണ്ടുദിവസമായി തുടരുന്ന കനത്ത മഴ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. വീടുകളിലേക്കും ഗ്രാമീണ റോഡുകളിലേക്കും വെള്ളം കയറിയതോടെ ജനജീവിതം ദുരിതത്തിലായി. ചാവടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മലിനജലം കയറിയതും ആശങ്ക വർദ്ധിപ്പിച്ചു.
അന്ധകാരനഴിയിലെ വടക്ക്, തെക്ക് സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ടെങ്കിലും അഴിമുഖം പൂർണമായി തുറക്കാത്തതിനാൽ തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, വയലാർ, പട്ടണക്കാട് മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം അർത്തുങ്കൽ, തൈക്കൽ, അന്ധകാരനഴി, ചാപ്പക്കടവ്, ചെല്ലാനം മേഖലകളിൽ മത്സ്യബന്ധനവും നിലച്ചിരിക്കുകയാണ്. പല പ്രദേശങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. അന്ധകാരനഴി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ ജെ.സി.ബികളുടെ സഹായത്തോടെ നീക്കം ചെയ്ത് വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള നടപടികൾ പഞ്ചായത്ത് അധികൃതരുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വട്ടക്കേരി എൻ.ആർ.ഇ.പി റോഡ്, പൂജപ്പുര റോഡ്, ശാന്തിഭൂമി റോഡ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഒന്നാം വാർഡിലെ റെയിൽപാതയ്ക്ക് സമീപത്തെ വീടുകളിലേക്കും വഴികളിലേക്കും വെള്ളവും ചളിയും കയറിയതോടെ ഗതാഗതം ദുഷ്കരമായി.
പഞ്ചായത്തുകൾ സജ്ജം
മഴ തുടരുമെന്ന മുന്നറിയിപ്പിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. അരൂർ ഗ്രാമപഞ്ചായത്തും കോടംതുരുത്ത് പഞ്ചായത്തും ഇന്നും തുറന്ന് പ്രവർത്തിക്കും. 24 മണിക്കൂറും ജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അരൂർ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പനും കോടംതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. അരവിന്ദാക്ഷനും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |