ചേർത്തല: സംസ്ഥാനത്തെ മികച്ച കുട്ടിക്കർഷകനുള്ള പുരസ്‌കാരം നേടിയ ചേർത്തല തെക്ക് പഞ്ചായത്തിലെ ആദിത്യന് ഇനി സ്വന്തമായി വീട് ഒരുങ്ങും. വാസയോഗ്യമായ വീടില്ലെന്ന കുടുംബത്തിന്റെ പ്രയാസം മനസിലാക്കി ചേർത്തല എം.എൽ.എ പി. പ്രസാദ് മുൻകൈയെടുത്താണ് ആദിത്യനും കുടുംബത്തിനുമായി പുതിയ വീട് നിർമ്മിച്ചുനൽകുന്നത്. ചേർത്തല തെക്ക് പഞ്ചായത്തിലെ പതിനാറാം വാർഡിൽ കറുകയിൽ അജയന്റെയും സജിതയുടെയും മകനാണ് ആദിത്യൻ. ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ ചെറുപ്പം മുതൽ കൃഷിയിൽ സജീവമാണ്. വിവിധ വിളകളുടെ പരിപാലനത്തിലും കൃഷിരീതികളിലും താൽപര്യം പ്രകടിപ്പിച്ചുവരുന്ന ആദിത്യന്റെ കൃഷിയോടുള്ള ആത്മാർത്ഥതയും അദ്ധ്വാനവും പരിഗണിച്ചാണ് സംസ്ഥാന കുട്ടിക്കർഷക പുരസ്‌കാരത്തിന് അർഹനായത്.
'ആദിത്യന്റെ കൃഷി കണ്ടാൽ അതൊരു കുട്ടിയുടെ കുഞ്ഞുകൃഷിയല്ലെന്ന് മനസ്സിലാകും. പ്രയാസങ്ങൾക്കിടയിലും കൃഷിയോടുള്ള അവന്റെ സ്‌നേഹവും അദ്ധ്വാനവും വലിയ പ്രചോദനമാണ്. സംസ്ഥാനത്തിന്റെ അഭിമാനമായ ഈ കൊച്ചുകർഷകന് സുരക്ഷിതമായി തലചായ്ക്കാൻ ഒരു നല്ല വീട് ഒരക്കേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്വമാണ്,' പി. പ്രസാദ് എം.എൽ.എ പറഞ്ഞു.
വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹകരണത്തോടെ വീട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |