SignIn
Kerala Kaumudi Online
Thursday, 13 August 2026 3.32 AM IST

പുന്നമട ബോട്ട് ക്ലബിന്റെ അമരത്ത് അനുആൽബർട്ട് പുലിക്കാട്ടിൽ

ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് പെൺകരുത്തിന്റെ അമരക്കാഴ്ച സമ്മാനിക്കുകയാണ് പുന്നമടക്കാരി അനു ആൽബർട്ട് പുലിക്കാട്ടിൽ. ഇത്തവണത്തെ നെഹ്റുട്രോഫി ജലമേളയിൽ പുന്നമട ബോട്ട് ക്ലബ് തുഴയുന്ന നടുഭാഗം ചുണ്ടന്റെ ക്യാപ്റ്റൻ,​ വടക്കൻ അയർലൻഡ് കേന്ദ്രീകരിച്ച് ബിസിനസ് സംരംഭം നടത്തുന്ന അനുവാണ്.

ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ സ്ഥാനങ്ങളിൽ സ്ത്രീകളെത്തുന്നു എന്ന ചരിത്രം കൂടിയാണ് ഇത്തവണ പുന്നമ ബോട്ട് ക്ലബ് - നടുഭാഗം ചുണ്ടൻ കൂട്ടുകെട്ട്. കഴിഞ്ഞവർഷം നടുഭാഗം ചുണ്ടന്റെ ക്യാപ്റ്റനായിരുന്ന ജിന്റോയുടെ മകൾ അന്ന റോസ് ജിന്റോയാണ് വൈസ് ക്യാപ്റ്റൻ. കായികരംഗത്തെ ലിംഗസമത്വത്തിന്റെ വലിയൊരു മുന്നേറ്റമായാണ് അനുവിന്റെയും അന്നയുടെയും കടന്നുവരവ് വിലയിരുത്തപ്പെടുന്നത്.

പുന്നമട പുക്കള്ളിൽ വീട്ടിൽ ബൈന്നിച്ചന്റെയും ടിജി തോമസിന്റയും മകളായ അനുവിന് കുട്ടിക്കാലം മുതൽ വള്ളംകളി ഹൃദയത്തോട് ചേർത്തുവച്ച വികാരമാണ്. കമന്ററി മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുക്കാറുണ്ടായിരുന്ന ബെന്നിച്ചൻ,​ ജലരാജാക്കന്മാരുടെ ട്രയൽ പോരാട്ടം മുതലുള്ള ആവേശത്തുഴച്ചിലുകൾ കാണാൻ മകളെ ഒപ്പം കൂട്ടിയിരുന്നു. പാലാ രാമപുരം സ്വദേശി ആൽബർട്ട് ആഞ്ചലോ പുലിക്കാട്ടിലുമായുള്ള വിവാഹത്തിന് ശേഷം അയർലൻഡിൽ താമസമായതോടെ നേരിട്ടുള്ള വള്ളംകളി ആസ്വാദനം കുറഞ്ഞെങ്കിലും ആവേശത്തിന് നെല്ലിട മാറ്റം വന്നില്ല. സ്റ്റഡി എബ്രോ‌ഡ്, ഹോളിഡേ പാക്കേജുകൾ തുടങ്ങിയവയിൽ മേൽനോട്ടം വഹിക്കുന്ന സ്വന്തം സ്ഥാപനമായ ആർ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ചീഫ് മാർ‌ക്കറ്റിംഗ് ഓഫീസറുടെ ചുമതലകൾക്കിടയിലും വള്ളംകളിയുടെ ഭാഗമാകണമെന്ന സ്വപ്നം മനസ്സിൽ സൂക്ഷിച്ചിരുന്നു.

ആത്മവിശ്വാസത്തിലാണ്

എല്ലാ മേഖലകളിലും സ്ത്രീകൾ കൈയൊപ്പ് പതിച്ചിട്ടും, ജലരാജാക്കന്മാരുടെ നേതൃസ്ഥാനത്തേക്ക് എത്താൻ മടിക്കുന്നു എന്ന തിരിച്ചറിവാണ് അനുവിനെ പുന്നമട ബോട്ട് ക്ലബിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് എത്തിച്ചത്. ഏറ്റവും മികച്ച നിലയിൽ ട്രയലുകൾ നടത്തുന്ന പുന്നമട ചുണ്ടൻ,​ ഇത്തവണ നെഹ്റുവിന്റെ കൈയൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിൽ മുത്തമിടുമെന്ന ആത്മവിശ്വാസത്തിലാണ് അനു. കളിയുടെ സാങ്കേതിക കാര്യങ്ങളിൽ മേൽനോട്ടം വഹിക്കുന്നത് ലീഡിംഗ് ക്യാപ്റ്റൻ ജോഷി കാവാലമാണ്. ഇന്നലെ നടുഭാഗം ചുണ്ടന്റെ ട്രയൽ റൺ പുന്നമട ജെട്ടിയിൽ ജലസേചന മന്ത്രി മോൻസ് ജോസഫാണ് നിർവഹിച്ചത്.

സ്ത്രീകൾ എല്ലാ മേഖലകളിലും കൈയൊപ്പ് ചാർത്തണമെന്നാണ് ആഗ്രഹം. വരും വർഷങ്ങളിൽ കൂടുതൽ സ്ത്രീകൾ ചുണ്ടൻ വള്ളങ്ങളുടെ തലപ്പത്ത് എത്താൻ എന്റെ ചുവടുവയ്പ്പ് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നു

- അനു ആൽബർട്ട് പുലിക്കാട്ടിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL