ആലപ്പുഴ: വിഭവസമൃദ്ധമായ ഓണസദ്യ വീടുകളിലെത്തിക്കാൻ കുടുംബശ്രീ ഒരുങ്ങി. കഫേ യൂണിറ്റുകൾ വഴി എല്ലാ ജില്ലകളിലും വിഭവസമൃദ്ധമായ സദ്യ ലഭ്യമാകും. വിഭവങ്ങളുടെ എണ്ണത്തിലും സദ്യയുടെ വിലയിലും ജില്ലകൾ തോറും ചെറിയ വ്യത്യാസമുണ്ടെങ്കിലും രുചിയിൽ വിട്ടുവീഴ്ചയുണ്ടാകില്ല.
തൂശനില ഉൾപ്പെടെ 18 വിഭവങ്ങളുള്ള സദ്യ 170 രൂപയ്ക്കും 20വിഭവങ്ങളുള്ളത് 200 രൂപയ്ക്കും 23 വിഭവങ്ങളുള്ളത് 230 രൂപയ്ക്കും കുടുംബശ്രീ മുഖേന ലഭിക്കും.
200 രൂപയുടെ ഓണസദ്യയിൽ ചോറ്, സാമ്പാർ, രസം, മോര്, അവിയൽ, കൂട്ടുകറി, തോരൻ, പുളി ഇഞ്ചി, പച്ചടി, അച്ചാർ, പപ്പടം, പഴം, പായസം, ശർക്കരവരട്ടി, കായ ഉപ്പേരി, ഉപ്പ്, ഇല എന്നിവയാണ് ഉണ്ടാവുക.
230 രൂപയുടെ സദ്യയിൽ ചോറ്, സാമ്പാർ, തോരൻ, ഓലൻ, രസം, കാളൻ, മോര്, പച്ചടി, കിച്ചടി, അവിയൽ, കൂട്ടുകറി, പുളിയിഞ്ചി, അച്ചാർ, പപ്പടം, ശർക്കരവരട്ടി, പഴം, കായ ഉപ്പേരി, പ്രഥമൻ, പായസം, ഉപ്പ്, ഇല എന്നിവ ഉണ്ടാകും. ജില്ലയിൽ 12 ബ്ലോക്കുകളിലെയും കാറ്ററിംഗ് യൂണിറ്റുകളാണ് ഓണ സദ്യയൊരുക്കുന്നത്. 24 സംരംഭക യൂണിറ്റുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഓർഡറുകൾ ഏകോപിപ്പിക്കാൻ ബ്ലോക്ക് തലത്തിൽ കോൾ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. ഈ സെന്ററുകളാണ് ഓർഡർ സ്വീകരിക്കുക.
ഓണം വിപണന മേള
ഉദ്ഘാടനം 20ന്
# കുടുംബശ്രീയുടെ ഓണം വിപണന മേളയുടെ സംസ്ഥാന തല ഉദ്ഘാടനം 20ന് ആലപ്പുഴയിൽ നടക്കും. രാവിലെ 10ന് ബീച്ചിൽ മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്യും
# നഗരസഭ ഒഴികെ ജില്ലയിലെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും രണ്ടു വീതം മേളകൾ ഉണ്ടാകും. 25 വരെയാണ് മേളകൾ
# ജില്ലയിലെ സംരംഭകരുടെ 8 ഫുഡ് കോർട്ടുകളും 50 സ്റ്റാളുകളും മേളയിലുണ്ട്. സി.ഡി.എസുകളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഓണക്കിറ്റുകളും മേളയിൽ ലഭ്യമാക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |