കോന്നി : വനാതിർത്തിയായ അതുമ്പുംകുളം, ഞള്ളൂർ, ആവോലിക്കുഴി മേഖലകളിൽ കാട്ടാന ശല്യം വർദ്ധിക്കുന്നു. കോന്നി , വടശ്ശേരിക്കര റേഞ്ചിൽപെട്ട വനമേഖലയുടെ സമീപപ്രദേശങ്ങളാണിത്. ഇവിടെ നിന്ന് ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകൾ ജീവന് ഭീഷണിയാകുന്നതിനൊപ്പം വ്യാപകമായ കൃഷിനാശവും വരുത്തുന്നു. ജനവാസമേഖലകളിലേക്ക് ഇറങ്ങുന്ന കാട്ടാനക്കൂട്ടം കമുക്, കോലിഞ്ചി, വാഴ, തെങ്ങ് തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. മുൻപ് തോടിനക്കരെയുള്ള വനപ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന ആനകൾ ഇപ്പോൾ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള പറമ്പുകളിലും വീട്ടുപടിക്കലും വരെ എത്തുന്ന സാഹചര്യമാണുള്ളത്. സമീപത്തെ ചെങ്ങറ സമരഭൂമിയിലും കാട്ടാന ശല്യം രൂക്ഷമാണ്. സമരഭൂമിക്ക് സമീപം കല്ലാറ്റിലും ആവോലിക്കുഴിയിലെ ജനവാസ മേഖലയിലും അടുത്തിടെ കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. വനമേഖലയിൽ നിന്ന് കല്ലാർ കടന്ന് സമരഭൂമിയിൽ എത്തുന്ന കാട്ടാനകളാണ് വ്യാപകമായ കൃഷിനാശം ഉണ്ടാക്കുന്നത്. സമരഭൂമിയിലെ വീടുകളും നശിപ്പിക്കുന്നുണ്ട്.
നഷ്ടപരിഹാരം നൽകണം
മുൻപ് കോന്നി, തണ്ണിത്തോട് റോഡിലെ അതുമ്പുംകുളം ജംഗ്ഷനിൽ വരെ കാട്ടാനകൾ എത്തിയിരുന്നെങ്കിൽ ഇപ്പോൾ പ്രദേശത്തെ വീടുകളുടെ സമീപത്തുവരെ കാട്ടാനകളെ കാണാനാകും. ഇവിടെ പ്രദേശവാസികൾ ഭയപ്പാടിലാണ്. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നത് തടയാൻ വനംവകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
1. കാർഷിക വിളകൾ നശിപ്പിക്കുന്നു
2. ചെങ്ങറയിലെ വീടുകൾക്ക് ഭീഷണി
3. കല്ലാർ കടന്ന് കാട്ടാനകൾ എത്തുന്നു
കാട്ടാന ശല്യംമൂലം പ്രദേശത്തെ കർഷകർക്ക് വലിയ നഷ്ടമാണുണ്ടാകുന്നത്. ജീവനും ഭീഷണിയാണ്.
സജി പനച്ചത്തറ ( ഗ്രാമപഞ്ചായത്ത് അംഗം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |