SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ജലരാജാക്കന്മാരാകാൻ ട്രാക്കിലെ 'ബേബീസ് '

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ പാരമ്പര്യത്തിൽ ഇതിഹാസ ചുണ്ടന്മാരുടെ വീരകഥകൾക്ക് എന്നും തിളക്കമുണ്ട്. എന്നാൽ, ഓരോ ജലോത്സവവും കായൽപ്പോരിന് പുതിയ താരങ്ങളെയും പുതിയ പ്രതീക്ഷകളെയും സമ്മാനിക്കാറുണ്ട്. ഇത്തവണ അരോമ, ആർപ്പൂക്കര, നിരണം പുണ്യാളൻ എന്നീ പുതുമുഖ ചുണ്ടന്മാരാണ് ശ്രദ്ധാകേന്ദ്രമാകുന്നത്. കന്നിയങ്കത്തിനിറങ്ങുന്ന മൂന്ന് ചുണ്ടന്മാരും പരിചയസമ്പന്നരായ കരുത്തന്മാരുടെ തട്ടകത്തിൽ തുഴയെറിഞ്ഞ് വരവറിയിക്കാനുള്ള ഒരുക്കത്തിലാണ്. പരിശീലനത്തിന്റെ ആവേശവും കപ്പ് എന്ന സ്വപ്നവുമായി ഇവർ കായലിൽ കരുത്ത് തെളിയിക്കുമ്പോൾ ഇത്തവണത്തെ നെഹ്രുട്രോഫിക്ക് പുത്തൻ ആവേശം പകരും.

ജനകീയൻ ആർപ്പൂക്കര
'മദ്ധ്യകേരളത്തിന്റെ ജനകീയ ചുണ്ടൻ' എന്ന വിശേഷണവുമായി എത്തുന്ന ആർപ്പൂക്കര ചുണ്ടൻ കോട്ടയത്തിന്റെ ആദ്യ ജനകീയ ചുണ്ടനാണ്. 530ഓളം കുടുംബങ്ങളുടെ പങ്കാളിത്തത്തിൽ പിറന്ന വള്ളത്തിന്റെ നിർമ്മാണം ഒമ്പത് മാസംകൊണ്ട് പൂർത്തിയാക്കി. ആഗസ്റ്റ് രണ്ടിനാണ് നീരണിഞ്ഞത്. സാബു നാരായണനാചാരിയുടെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബാണ് തുഴയുന്നത്. 81 തുഴക്കാർ, അഞ്ച് അമരം, ഒമ്പത് നിലക്കാർ ഉൾപ്പെടെ 110 പേരാണ് ക്യാമ്പിലുള്ളത്. ബൈജു മാതിരംപുഴ ക്യാപ്റ്റനും രാഹുൽ പ്രകാശ് ലീഡിംഗ് ക്യാപ്റ്റനുമാണ്.

അഭിമാനം നിരണം പുണ്യാളൻ
ജൂലായിൽ നീരണിഞ്ഞ നിരണം പുണ്യാളന്റെ കന്നിയങ്കവും നെഹ്രുട്രോഫിയാണ്. സാബു നാരായണനാചാരിയുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം.കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് തുഴയുന്നത്. 86 തുഴച്ചിലുകാർ, അഞ്ച് അമരം, ഒമ്പത് താളക്കാർ ഉൾപ്പെടെ 110 പേരാണ് ക്യാമ്പിലുള്ളത്.റെന്നി ഫിലിപ്പോസ് ക്യാപ്റ്റനും സുനിൽകുമാർ പി.ആർ ലീഡിംഗ് ക്യാപ്റ്റനുമാണ്. കന്നിയങ്കത്തിൽ തന്നെ വെള്ളിക്കപ്പ് സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് ടീം.

വിജയത്തിളക്കം അരോമ
ചമ്പക്കുളം മൂലം ജലോത്സവത്തിലെ കന്നിയങ്ക വിജയത്തിന്റെ ആവേശവുമായാണ് അരോമ ചുണ്ടൻ നെഹ്റുട്രോഫിക്കെത്തുന്നത്. ഏഴുദിവസത്തെ പരിശീലനത്തിനുശേഷമായിരുന്നു മൂലം ജലോത്സവത്തിലെ കപ്പ് നേട്ടം. ജൂൺ 17ന് നീരണിഞ്ഞ വള്ളത്തിന്റെ നിർമ്മാണം സാബു നാരായണനാചാരിയുടെ മേൽനോട്ടത്തിലായിരുന്നു. 86 തുഴക്കാർ, 10 നിലക്കാർ, അഞ്ച് അമരം ഉൾപ്പെടെ 130 പേരാണ് ക്യാമ്പിലുള്ളത്. പൂക്കൈതയാറ്റിലാണ് പരിശീലനം. രഞ്ജിത് സജീവ് കൊച്ചുമ്മൻ ക്യാപ്റ്റനും ജിതിൻ വർഗീസ് ലീഡിംഗ് ക്യാപ്റ്റനുമാണ്.

(നാളെ: വള്ളംകളിയും നിയമങ്ങളും)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL